The Origin Story

‘ഒറ്റക്കണ്ണൻ ജാക്ക്’ ; രാജീവ് ഗാന്ധി വധത്തിന്റെ സൂത്രധാരൻ; സെന്‍സേഷണലായ രാഷ്ട്രീയ കൊലപാതകം

991ല്‍ ഒരു വര്‍ഷത്തോളം നീണ്ട ആസൂത്രണത്തിനൊടുവില്‍ മെയ് 21 നായിരുന്നു ആ നിര്‍ണായക ഓപ്പറേഷന്‍, ‘കല്യാണം’ നിശ്ചയിച്ചിരുന്നത്. 33 വയസ്സുള്ള, 5 അടി 4 ഇഞ്ച് ഉയരമുള്ള, ഒരു കണ്ണുള്ള ശ്രീലങ്കക്കാരന്‍ ഇന്ത്യയിലെ ഏറ്റവും സെന്‍സേഷണല്‍ ആയ രാഷ്ട്രീയ കൊലപാതകം ആസൂത്രണം ചെയ്ത രീതിയില്‍ തന്നെ നടപ്പാക്കി.

ശ്രീലങ്കയില്‍ നിന്നും മെയ് 1 ന് തമിഴ്‌നാട്ടില്‍ ഇറങ്ങിയ തമിഴ്പുലി സംഘം ഇന്ത്യയില്‍ കാലുകുത്തി ഇരുപത് ദിവസങ്ങള്‍ക്ക് ശേഷം, തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജീവ്ഗാന്ധിയെ ഒരു ചാവേര്‍ സ്‌ഫോടനത്തില്‍ കൊലപ്പെടുത്തി.

കൃത്യത്തില്‍ മനുഷ്യബോംബായത് തനുവായിരുന്നു വധശിക്ഷ നടപ്പാക്കിയത് ശിവരശനും. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുത്തൂരില്‍ ‘കല്യാണം’ എന്ന രഹസ്യനാമമുള്ള ഈ ഓപ്പറേഷനാണ് എല്‍ടിടിഇ നടപ്പാക്കിയത്. 1991 ലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ 1987 ലെ ശ്രീലങ്കന്‍ കരാര്‍ പാലിക്കുന്നതിനുള്ള പാര്‍ട്ടിയുടെ പ്രതിബദ്ധതയെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഇതില്‍ എല്‍ടിടിഇ നേതൃത്വം പരിഭ്രാന്തരായിരുന്നു. ശ്രീലങ്കന്‍ സര്‍ക്കാരുമായി ആഭ്യന്തര യുദ്ധത്തില്‍ ഏര്‍പ്പെട്ട എല്‍ടിടിഇ തലവന്‍ വേലുപ്പിള്ളൈ പ്രഭാകരന്റെ മനസ്സില്‍ നിന്നുമാണ് രാജീവ്ഗാന്ധിയെ വധിക്കാനുള്ള ആശയം ഉദിച്ചത്. ഈ ഓപ്പറേഷനായിരുന്നു തമിഴ്‌നാട്ടിലെ ശ്രീ പെരുംപുതൂരില്‍ തമിഴ്പുലികള്‍ നടപ്പാക്കിയത്.

ശ്രീലങ്കന്‍ സേനയുമായുള്ള നിരന്തര യുദ്ധത്തില്‍ തകര്‍ന്ന പ്രഭാകരന്‍ ആശയം എല്‍ടിടിഇയുടെ ഇന്റലിജന്‍സ് മേധാവി പൊട്ടു അമ്മാനെ അറിയിച്ചു. ‘കല്യാണം’ എന്ന ഈ ഓപ്പറേഷന്‍ നടപ്പാക്കാനായി പൊട്ടു അമ്മാന്‍ ശിവരശനെ തിരഞ്ഞെടുത്തു. ടൈഗര്‍മാര്‍ തമിഴ്നാട്ടിലേക്ക് 5 കിലോഗ്രാം സ്വര്‍ണം കടത്തി. ശിവരശന്‍ അത് 19.36 ലക്ഷം രൂപയ്ക്ക് വിറ്റു, അത് പിന്നീട് ‘വിവാഹ’ ചെലവുകള്‍ക്കായി ഉപയോഗിച്ചു.

ഒറ്റക്കണ്ണന്‍ ശിവരശന്‍

1976-ല്‍ വേലുപ്പിള്ള പ്രഭാകരന്‍ സ്ഥാപിച്ചതും 2009 വരെ ശ്രീലങ്കയില്‍ പ്രവര്‍ത്തിച്ചിരുന്നതുമായ വിഘടനവാദ സംഘടനയായ എല്‍ടിടിഇയുടെ ഹിറ്റ്മാനായിരുന്ന ശിവരശന്‍ ഒറ്റക്കണ്ണനായിരുന്നു. 1987-ല്‍ ശ്രീലങ്കന്‍ സൈന്യവുമായുള്ള ഒരു വെടിവയ്പ്പില്‍ ശിവരശന് ഒരു കണ്ണ് നഷ്ടപ്പെട്ടു. ശ്രീലങ്കയിലെ ജാഫ്‌നയില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയുള്ള ഉഡുപ്പിടി എന്ന പട്ടണത്തില്‍ നിന്നുള്ള ശിവരശന് മലയാളവും തമിഴും ഹിന്ദിയുമടക്കം അഞ്ചു ഭാഷകളും ഇന്ത്യയെക്കുറിച്ചുള്ള അറിവും വശമായിരുന്നു.

1990 ജൂണില്‍, പഴയ മദ്രാസില്‍ വെച്ച്, ഇപിആര്‍എല്‍എഫ് നേതാവ് കെ. പത്മനാഭയെ കൊലപ്പെടുത്തിയതോടെയാണ് ശിവരശന്‍ പൊട്ടു അമ്മന്റെ ശ്രദ്ധയില്‍ പെട്ടത്. അത് എല്‍ടിടിഇ ഇതുവരെ നടത്തിയിട്ടുള്ള ഏറ്റവും വലിയ ഓപ്പറേഷന് തെരഞ്ഞെടുക്കപ്പെടാന്‍ കാരണമായി.

ശിവരശന്റെ ഹിറ്റ് സ്‌ക്വാഡില്‍ രണ്ട് സ്ത്രീകള്‍ വളരെ പ്രധാനപ്പെട്ടവരായിരുന്നു, ബോംബര്‍ ധനു, ബാക്കപ്പ് ബോംബര്‍ ശുഭ എന്നിവര്‍ പദ്ധതി തയ്യാറാക്കി. അന്ന് ജയലളിതയുടെ എഐഎഡിഎംകെയുടെ സഖ്യകക്ഷിയായിരുന്നു കോണ്‍ഗ്രസ്. രാജീവ് ഗാന്ധി പൊതുതെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി മെയ് 21 ന് തമിഴ്നാട് സന്ദര്‍ശിക്കുമ്പോള്‍ ആക്രമിക്കാന്‍ തീരുമാനിച്ചു. ശിവരശന്‍ ഒരു പത്രപ്രവര്‍ത്തകന്റെ വേഷത്തിലെത്തി. കൈയില്‍ ഒരു തുണി സഞ്ചിയും ഒരു നോട്ട്പാഡും പത്രപ്രവര്‍ത്തകന്റെ തിരിച്ചറിയല്‍ രേഖകളുമുണ്ടായിരുന്നു.

ശ്രീപെരുമ്പുത്തൂരില്‍ രാജീവ്ഗാന്ധിയെ കാണാന്‍ രാത്രി പത്ത് മണി കഴിഞ്ഞിട്ടും ആവേശഭരിതരായ ജനക്കൂട്ടം എത്തിയിരുന്നു. രാജീവ് ഗാന്ധിയുടെ അടുത്തേക്ക് ധനുവിനെ നയിക്കുക എന്നതായിരുന്നു ശിവരശന്റെ ജോലി. അവള്‍ രാജീവിനെ ഒരു ചന്ദനമാല അണിയിച്ചു, തുടര്‍ന്ന് അദ്ദേഹത്തിന്റെ കാലില്‍ തൊടുന്നതുപോലെ കുനിഞ്ഞു. പിന്നെ അരയിലെ ബെല്‍റ്റ്‌ബോംബിന്റെ സ്വിച്ചില്‍ വിരലമര്‍ത്തി. അരയില്‍ വെച്ചിരുന്ന അര കിലോ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചു. മറ്റ് 17 പേര്‍ക്കൊപ്പം രാജീവ് ഗാന്ധിയും പൊട്ടിത്തെറിച്ചു.

ഇന്ത്യന്‍ രാഷ്ട്രീയം

1984 മുതല്‍ 1989 വരെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍, 1987 ജൂലൈയില്‍ ഇന്ത്യ ശ്രീലങ്കന്‍ പ്രസിഡന്റ് ജെ.ആര്‍. ജയവര്‍ധനയുമായി ഇന്ത്യ ഒരു കരാര്‍ ഒപ്പിട്ടു, എല്‍.ടി.ടി.ഇയെ പിരിച്ചുവിടുകയും ‘തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് ശ്രീലങ്കന്‍ അധികാര വികേന്ദ്രീകരണം വിഭാവനം ചെയ്യുകയും ചെയ്യുന്നതുമായിരുന്നു. ശ്രീലങ്കന്‍ കരാര്‍ ഒപ്പുവച്ചതിനുശേഷം, ഇന്ത്യന്‍ സമാധാന സംരക്ഷണ സേന (ഐപികെഎഫ്, ഒരു ഇന്ത്യന്‍ സൈനിക സംഘം) മൂന്ന് വര്‍ഷത്തേക്ക് ശ്രീലങ്കയില്‍ വിന്യസിക്കപ്പെട്ടു. എല്‍ടിടിഇ കരാറിനെ അപലപിച്ചു.

സംഘര്‍ഷാങ്ങള്‍ മാസങ്ങളോളം തുടര്‍ന്നു. 1987 ഒക്ടോബര്‍ 7-ന് എല്‍ടിടിഇ ഐപികെഎഫിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. 1990 മാര്‍ച്ചില്‍ ഐപികെഎഫിലെ അവസാന അംഗവും ശ്രീലങ്ക വിട്ടു. എല്‍ടിടിഇ പ്രദേശിക നിയന്ത്രണം തിരിച്ചുപിടിച്ചു. 1990 കളുടെ തുടക്കത്തില്‍, എല്‍ടിടിഇ സ്ഥാപകന്‍ പ്രഭാകരന്‍ ശ്രീലങ്കയിലെ കാടുകളില്‍ നിന്ന് പുറത്തുവന്നു. ഇന്ത്യന്‍ സൈന്യത്തിനെതിരെയും, ഇന്ത്യ-ശ്രീലങ്ക കരാറില്‍ ഒപ്പുവച്ച ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെയും പ്രതികാരം ചെയ്യുകയായിരുന്നു അയാളുടെ ലക്ഷ്യം. 2009 ല്‍ മരണപ്പെടുന്നത് വരെ എല്‍ടിടിഇ യും വേലുപ്പിള്ളൈ പ്രഭാകരനും എല്‍ടിടിഇ യും ശ്രീലങ്കന്‍ സേനയുമായുള്ള ആഭ്യന്തരയുദ്ധം തുടര്‍ന്നു.

തെളിവുകളില്‍ നിര്‍ണ്ണായകമായ ഹരിബാബുവിന്റെ ക്യാമറ

സ്‌ഫോടനത്തില്‍ മരിച്ച 18 പേരില്‍ രാജീവ് ഗാന്ധിക്കെതിരായ ആക്രമണം പകര്‍ത്താന്‍ ശിവരശന്‍ നിയമിച്ച ഫോട്ടോഗ്രാഫറായ ഹരിബാബുവും ഉള്‍പ്പെടുന്നു. എല്‍.ടി.ടി.ഇക്ക് അവരുടെ കേഡര്‍മാരുടെ പ്രവര്‍ത്തനം ചിത്രീകരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്ന ‘നിതര്‍സനം’ എന്ന് വിളിക്കപ്പെടുന്ന ഒരു ക്യാമറ യൂണിറ്റ് ഉണ്ടായിരുന്നു.

സ്‌ഫോടന സ്ഥലത്ത് ഹരിബാബുവിന്റെ 35 എംഎം ചിനോണ്‍ ക്യാമറ ഉണ്ടായിരുന്നു. അത് ഏജന്‍സികള്‍ പിടിച്ചെടുത്ത് രാജീവ് ഗാന്ധി വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ക്യാമറയില്‍ മുഴുവന്‍ കൊലയാളി സംഘത്തിന്റെയും ഫോട്ടോകള്‍ ഉണ്ടായിരുന്നു. അതില്‍ ശിവരശന്റെ പ്രൊഫൈലിന്റെ ഒരു ഷോട്ടും ഉണ്ടായിരുന്നു.