Featured Health

സ്ക്രബർ കഴിഞ്ഞാൽ അടുക്കളയിൽ ഏറ്റവും അപകടകാരി ഇതാണ്! ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

അടുക്കളയാണ് വീട്ടിൽ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇടം എന്ന് എല്ലാവര്‍ക്കുമറിയാം. അടുക്കളയിൽ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ രോഗങ്ങള്‍ പിന്നാലെയെത്തും. അടുക്കളയിൽ ഉപയോഗിക്കുന്ന ഓരോ വസ്തുക്കളും വൃത്തിയാക്കുന്നതിൽ പ്രത്യേകം ശ്രദ്ധ വയ്ക്കണം. പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്ക്രബർ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ ബാക്ടീരിയകള്‍ പകരുമെന്നും അത് രോഗങ്ങള്‍ ഉണ്ടാക്കുമെന്നും നമുക്കറിയാം.

എന്നാല്‍ അടുക്കളയിൽ പതിവായി ഉപയോഗിക്കുന്ന കിച്ചൻ ടവ്വലുകലുകളും ഈ ഗണത്തില്‍ പെടുന്നവയാണ്. കൈകൾ തുടയ്ക്കാനും, കഴുകിയ പാത്രങ്ങളിലെ ജലാംശം നീക്കം ചെയ്യാനും, സ്റ്റൗവിൽ നിന്നും ചൂട് പാത്രങ്ങൾ വാങ്ങി വയ്ക്കാനുമൊക്കെ ഈ ടൗവ്വലുകൾ ഉപയോഗിക്കാറുണ്ട്. നനഞ്ഞ പ്രതലവുമായും ഭക്ഷണവുമായും സമ്പർക്കം പുലർത്തുന്നതിനാൽ അവയിൽ ബാക്ടീരിയയും അണുക്കളും വേഗത്തിൽ പറ്റിപ്പിടിക്കാനും പെരുകാനുമുള്ള സാധ്യതയുണ്ട്. എപ്പോഴും നനയുന്നതിനാൽ ദുർഗന്ധവുമുണ്ടാകും. കിച്ചൻ ടൗവ്വലുകൾ എങ്ങനെ വൃത്തിയാക്കാമെന്നു നോക്കാം.

ആദ്യ ഉപയോഗത്തിനു മുൻപ് തന്നെ കിച്ചൻ ടൗവ്വലുകൾ കഴുകി ഉണക്കിയെടുക്കണം. ടൗവ്വലുകൾ ഉണ്ടാക്കുന്ന സമയത്ത് അതില്‍ പറ്റിപ്പിടിക്കുന്ന രാസപദാർത്ഥങ്ങളും അഴുക്കും പൊടിയും എല്ലാം നീക്കം ചെയ്യാനാണിത്.

കൈകൾ തുടയ്ക്കാനായി ഉപയോഗിക്കുന്ന ടൗവ്വലുകൾ ഒരിക്കലും പാത്രങ്ങൾ തുടയ്ക്കാനോ ചൂടുള്ളവ വാങ്ങി വയ്ക്കാനോ ഉപയോഗിക്കരുത്.

മത്സ്യ മാംസാദികള്‍ കൈകാര്യം ചെയ്യുന്ന സമയത്ത് കൈകളിൽ പറ്റിപ്പിടിച്ച അണുക്കൾ ടൗവ്വലുകളിൽ കൂടി ഭക്ഷണപദാർത്ഥങ്ങളിൽ കലരാൻ സാദ്ധ്യതയുണ്ട്.

വെള്ളനിറത്തിലുള്ള കിച്ചൻ ടൗവ്വലുകൾ ഉപയോഗിക്കുക. അഴുക്കോ കറയോ പുരണ്ടാൽ വേഗത്തിൽ തിരിച്ചറിഞ്ഞ് കഴുകിയെടുക്കാൻ വെള്ളടൗവ്വലുകളാണ് നല്ലത്. കോട്ടന്‍ ടൗവ്വലുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. കൗണ്ടർടോപ്പുകളും അടുക്കള ഉപകരണങ്ങളും തുടയ്ക്കുന്നതിനു മൈക്രോഫൈബർ ടൗവ്വലുകളും ഉപയോഗിക്കാം. വൃത്തിയായി ഇരിക്കുന്നുണ്ടെന്നു കാഴ്ചയില്‍ തോന്നിയാലും ഒരേ ടൗവ്വൽ മൂന്ന് ദിവസത്തിലധികം ഉപയോഗിക്കരുത്‌.

ടൗവ്വലുകൾ സ്റ്റൗവ്വിനു സമീപം സൂക്ഷിക്കരുത്. സ്റ്റൗവ്വിൽ നിന്നുള്ള പുകയും പൊടിയുമേറ്റ് ടൗവ്വലുകൾ വേഗത്തിൽ വൃത്തികേടാകും. കൂടാതെ തീ പടരാനുള്ള സാധ്യതയുണ്ട്.

നിറമിളകുന്ന തരം തുണികൾ കിച്ചൻ ടൗവ്വലായി ഉപയോഗിക്കരുത്. കിച്ചൻ ടൗവ്വലുകൾ ഒരു കാരണവശാലും മറ്റു തുണിത്തരങ്ങൾക്കൊപ്പമിട്ട് അലക്കി എടുക്കരുത്.

വൃത്തിയാക്കാനുള്ള മാർഗങ്ങൾ

കിച്ചൻ ടൗവ്വലുകൾ കഴുകാൻ ചൂടുവെള്ളം തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അണുക്കളെ നശിപ്പിക്കാൻ ഇത് സഹായിക്കും. സാധാരണ വൃത്തിയാക്കലിന് ചൂടുവെള്ളത്തിനൊപ്പം ഡിറ്റർജന്റ് കലർത്തിയശേഷം നന്നായി കഴുകിയെടുക്കുക.

കിച്ചൻ ടൗവ്വലുകൾ കഴുകുന്നതിന് മുൻപായി വെള്ളത്തിൽ ബേക്കിങ് സോഡ കലർത്തി മുക്കി വയ്ക്കുക. എണ്ണക്കറയും പാടുകളും ദുർഗന്ധവുമകറ്റാൻ ഇത് സഹായിക്കും. വിനാഗിരി ചൂടുവെള്ളത്തിൽ കലർത്തിയശേഷം ഇതിൽ കിച്ചൻ ടൗവ്വൽ മുക്കിവയ്ക്കാം. ടൗവ്വലിലെ അണുക്കളെ നീക്കം ചെയ്യാനും ഭക്ഷണപദാർത്ഥങ്ങളുടെ ഗന്ധം സംഗീയിരിപ്പുണ്ടെങ്കിൽ അത് നീക്കം ചെയ്യാനും ഇത് സഹായിക്കും.

കിച്ചൻ ടൗവ്വലിലെ എണ്ണമയം പൂർണമായും നീക്കം ചെയ്യാൻ ഡിഷ് വാഷ് ലിക്വിഡ് തന്നെയാണ് ഉചിതം. ചൂടുവെള്ളത്തിൽ ഡിഷ് വാഷ് ലിക്വിഡ് കലർത്തി അതുപയോഗിച്ച് ടൗവ്വലുകൾ കഴുകിയെടുക്കാം.

കിച്ചൻ ടൗവ്വലുകൾ കാറ്റും സൂര്യപ്രകാശവും നേരിട്ടേൽക്കുന്ന ഇടത്തുതന്നെ പ്രത്യേകമായി വിരിച്ചിട്ട് ഉണക്കിയെടുക്കാൻ ശ്രദ്ധിക്കുക. ടൗവ്വലുകൾ നനവോടുകൂടി മടക്കി സൂക്ഷിക്കരുത്.