Oddly News

ന്യൂയോർക്കിന് എങ്ങനെയുള്ള മേയറെ വേണം? ആര്യയെ ചൂണ്ടിക്കാട്ടി സൊഹ്റാൻ; പഴയട്വീറ്റ് വൈറൽ

ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയര്‍സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച സൊഹ്‌റാന്‍ മംദാനിയുടെ നാലുകൊല്ലം മുന്‍പുള്ള ഒരു എക്‌സ് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്. ആ കുറിപ്പില്‍ ഉള്ളതാകട്ടെ, തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും.

എങ്ങനെയുള്ള മേയറെയാണ് ന്യൂയോര്‍ക്ക് നഗരത്തിന് ഇപ്പോള്‍ ആവശ്യമെന്ന ചോദ്യത്തിന് തന്റെ മറുപടി ഇതാണ് എന്നു പറഞ്ഞാണ് ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത പങ്കുവെച്ച പുതുച്ചേരി സിപിഎമ്മിന്റെ ട്വീറ്റ് മംദാനി റീട്വീറ്റ് ചെയ്തത്. 2020 ഡിസംബർ 27-ന് ആയിരുന്നു ഈ പോസ്റ്റ്.

ഇന്ത്യക്കാരിയായ ചലച്ചിത്ര സംവിധായിക മീരാ നായരുടെയും ഗുജറാത്തിലും യുഗാണ്‍ഡയിലും വേരുകളുള്ള സര്‍വകലാശാല പ്രൊഫസര്‍ മഹ്‌മൂദ് മംദാനിയുടെയും മകനാണ് മുപ്പത്തിമൂന്നുകാരനായ സൊഹ്‌റാന്‍. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ ഇദ്ദേഹം, നിലവില്‍ ക്വീന്‍സില്‍നിന്നുള്ള നിയമസഭാംഗമാണ്.

നവംബര്‍ മാസത്തിലാണ് ന്യൂയോര്‍ക്ക് മേയര്‍സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ജയിക്കുന്നപക്ഷം ന്യൂയോര്‍ക്കിന്റെ ആദ്യത്തെ മുസ്‌ലിം മേയറായി സൊഹ്‌റാന്‍ മാറും. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയാകാനുള്ള ഉള്‍പ്പാര്‍ട്ടി മത്സരത്തില്‍ ന്യൂയോര്‍ക്ക് മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോയെയാണ് സൊഹ്‌റാന്‍ പരാജയപ്പെടുത്തിയത്.