Sports

ആ നാണക്കേട് കഴുകിക്കളയാന്‍ വേണ്ടി വന്നത് 23 വര്‍ഷം; ഇന്ത്യയുടെ ആണ്‍കുട്ടികള്‍ ചുണക്കുട്ടന്മാരെന്ന് യുവ്‌രാജ് സിംഗ്

2023 ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ ഇന്ത്യയുടേയും ശ്രീലങ്കയുടേയും ആരാധകര്‍ ഒരിക്കലും മറക്കാനിടയില്ല. നാട്ടില്‍ ആരാധകരുടെ കണ്‍മുന്നില്‍ വെച്ച് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തതിന്റെ ദു:ഖം ലങ്കന്‍ ആരാധകരുടെ മുഖത്ത് കനംകെട്ടി നിന്നപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്കുണ്ടായത് 23 വര്‍ഷം പഴക്കമുള്ള ഒരു കണക്ക് തീര്‍ത്തതിന്റെ ആശ്വാസമായിരുന്നു.

കൊളംബോയില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ തങ്ങളുടെ എട്ടാം കിരീടം ഉയര്‍ത്തിയത്. മത്സരത്തിലെ രണ്ട് മികച്ച ടീമുകള്‍ ആവേശകരമായ മത്സരം കളിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നിരുന്നാലും, മെന്‍ ഇന്‍ ബ്ലൂ ശ്രീലങ്കന്‍ ബാറ്റിംഗ് നിരയെ 50 റണ്‍സിന് പുറത്താക്കി. വെറും 21 ഓവറുകള്‍ കൊണ്ട് കളി തീര്‍ത്ത് കപ്പും വാങ്ങി ഹോട്ടലിലേക്ക് മടങ്ങി. എല്ലാം മൂന്ന് മണിക്കൂറില്‍ പൂര്‍ത്തിയായി.

അതേസമയം 23 വര്‍ഷം മുമ്പ് ശ്രീലങ്കയോട് കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയതിന്റെ ഭാരമിറക്കിയ ആശ്വാസത്തിലാണ് ഇന്ത്യയുടെ മുന്‍ താരം യുവ്‌രാജ് സിംഗ് അടക്കമുള്ളവര്‍. 2000-ല്‍ ഷാര്‍ജയില്‍ നടന്ന കൊക്കകോള ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ടീം വെറും 54 റണ്‍സിന് ലങ്കയോട് പുറത്തായപ്പോള്‍ ആ ദയനീയ ദിനത്തില്‍ ഇന്ത്യന്‍ ടീമിലെ പ്രധാന അംഗമായി യുവരാജ് സിംഗ് ഉണ്ടായിരുന്നു. 23 വര്‍ഷം പുറത്തിരുന്ന കുരങ്ങിനെ ഒടുവില്‍ തങ്ങളുടെ മുതുകില്‍ നിന്ന് പുറത്താക്കിയതായി യുവരാജ് സിംഗ് എക്‌സിലെ വൈകാരിക പോസ്റ്റില്‍ പറഞ്ഞു.

”ഒടുവില്‍ കുരങ്ങന്‍ നമ്മുടെ പുറകിലായി. 23 വര്‍ഷം മുമ്പ്, ഷാര്‍ജയില്‍ ശ്രീലങ്കയ്‌ക്കെതിരെ ടീം ഇന്ത്യ 54 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ഏഷ്യാ കപ്പിലെ ആധിപത്യ പ്രകടനത്തിന് ആണ്‍കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍. ഈ ഫോം ലോകകപ്പിലേക്ക് കൊണ്ടുപോകുന്നതിനായി കാത്തിരിക്കുന്നു.” യുവരാജ് എക്‌സില്‍ പോസ്റ്റ് ചെയ്തു. 21 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജായിരുന്നു ലങ്കയെ കുറഞ്ഞ സ്‌കോറിന് പുറത്താക്കിയതിലെ വജ്രായുധം.

ശ്രീലങ്ക വെറും 50 റണ്‍സിന് പുറത്തായപ്പോള്‍ ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും ലക്ഷ്യം പിന്തുടരാന്‍ സമയമെടുത്തില്ല, അവര്‍ വെറും 6.1 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ 51 റണ്‍സിലെത്തി, അങ്ങനെ 2023 ലെ ഏഷ്യാ കപ്പ് കിരീടം ഉയര്‍ത്തി.