Crime

ബ്രേക്കപ്പ് വേണമെന്നാവശ്യം; 2 കുട്ടികളുടെ അമ്മയായ കാമുകിയെ കുത്തിക്കൊന്ന് യുവാവ്, കുത്തിയത് 17 തവണ

ബെംഗളൂരുവിലെ∙ ഹോട്ടൽമുറിയിൽവച്ച് യുവതിയെ 25 വയസ്സുകാരന്‍ കാമുകൻ കുത്തിക്കൊലപ്പെടുത്തി. രണ്ടു കുട്ടികളുടെ അമ്മയായ ഹരിണി (36) എന്ന യുവതിയെ ആണ്ഐ ടി ജീവനക്കാരൻ യഷസ് 17 തവണ കുത്തി കൊലപ്പെടുത്തിയത്. ഇരുവരും നഗരത്തിലെ പടിഞ്ഞാറൻ പ്രദേശമായ കെങ്കേരി സ്വദേശികളാണ്. വെള്ളിയാഴ്ച രാത്രി നടന്ന സംഭവം രണ്ടു ദിവസത്തിനു ശേഷമാണ് പുറംലോകമറിയുന്നത്. യഷസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏറെ നാളായി യഷസും ഹരിണിയും അടുപ്പത്തിലായിരുന്നു. ഈ ബന്ധം അവസാനിപ്പിക്കാൻ ഹരിണി ആഗ്രഹിച്ചു. ഇതിനായി യഷസിൽനിന്നു സ്വയം അകന്നു നിൽക്കാൻ ശ്രമിക്കുകയായിരുന്നു യുവതി. ഇതില്‍ പ്രകോപിതനായാണ് ഹരിണിയെ കൊലപ്പെടുത്തിയതെന്ന് സൗത്ത് ഡിസിപി ലോകേഷ് ബി. ജഗലസർ പറഞ്ഞു.

യഷസുമായുള്ള ബന്ധം രണ്ടു കുട്ടികളുടെ അമ്മയായ ഹരിണിയുടെ ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഹരിണിയുടെ കുടുംബം ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതായും റിപ്പോർട്ടുണ്ട്. തുടര്‍ന്നാണ് ബന്ധം തുടരാൻ കഴിയില്ലെന്ന് ഹരിണി യഷസിനോട് പറഞ്ഞത്. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം. സുബ്രഹ്മണ്യപുര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നു.