Hollywood

‘ഹോട്ട്‌ ലിപ്‌സ്’ ഹൗലിഹാന്‍, ലൊററ്റ സ്വിറ്റ്‌ അന്തരിച്ചു; അഭിനയം എനിക്ക്‌ മറയ്‌ക്കലല്ല, വെളിപ്പെടുത്തലാണെന്ന് പറഞ്ഞ നടി

ജനപ്രിയ കോമഡി ടെലിവിഷന്‍ സീരീസായ എംഎഎസ്‌എച്ചിലെ വേഷത്തിലൂടെയായ നടി ലൊററ്റ സ്വിറ്റ്‌(87) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ്‌ അന്ത്യം. എംഎഎസ്‌എച്ചിലെ അഭിനയത്തിന്റെ പേരില്‍ രണ്ട്‌ എമ്മി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്‌.
എംഎഎസ്‌എച്ചില്‍, അമേരിക്കന്‍ ആര്‍മി നഴ്‌സായ മേജര്‍ മാര്‍ഗരറ്റ്‌ ‘ഹോട്ട്‌ ലിപ്‌സ്’ ഹൗലിഹാനായിട്ടാണ്‌ അവര്‍ അഭിനയിച്ചത്‌. കൊറിയന്‍ യുദ്ധകാലത്തെ മൊബൈല്‍ ആര്‍മി ശസ്‌ത്രക്രിയാ ആശുപത്രിയെക്കുറിച്ചുള്ള ഈ സീരീസ്‌ 1972 മുതല്‍ 1983 വരെ 11 സീസണുകളായി സം​പ്രേക്ഷണം ചെയ്യപ്പെട്ടു.

സീരീസിന്റെ ഏതാണ്ട്‌ എല്ലാ എപ്പിസോഡുകളിലും അവര്‍ അഭിനയിച്ചു. 10.6 കോടിയിലേറെ പ്രേക്ഷകരെയാണ്‌ ആ സീരിയലിനു ലഭിച്ചത്‌. 1983ല്‍ അവസാനിച്ചപ്പോള്‍ ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട എപ്പിസോഡായി മാറി. യു.എസ്‌. സൈന്യം വിയറ്റ്‌നാമില്‍നിന്ന്‌ പിന്‍വാങ്ങിയതിനു പിന്നാലെയാണു സീരിയല്‍ തുടങ്ങിയത്‌. ന്യൂ ജേഴ്‌സിയില്‍ ലൊററ്റ ജനിച്ചത്‌. ന്യൂയോര്‍ക്ക്‌ സിറ്റിയിലെ അമേരിക്കന്‍ അക്കാദമി ഓഫ്‌ ഡ്രാമാറ്റിക്‌ ആര്‍ട്‌സില്‍ പരിശീലനം നേടി.

സെയിം ടൈം, നെക്‌സ്റ്റ്‌ ഇയര്‍;മേം;ഷെര്‍ലി വാലന്റൈന്‍ എന്നിവയുള്‍പ്പെടെയുള്ള നാടകങ്ങളില്‍ ബ്രോഡ്‌വേ വേദിയില്‍ അവര്‍ അഭിനയിച്ചു. ഷെര്‍ലി വാലന്റൈന്‍ എന്ന വേഷത്തിന്‌ അവര്‍ ഷിക്കാഗോയിലെ മികച്ച നാടക അവാര്‍ഡായ സാരാ സിഡോണ്‍സ്‌ അവാര്‍ഡ്‌ നേടി.ദി മപ്പറ്റ്‌ ഷോ, മിഷന്‍: ഇംപോസിബിള്‍, മര്‍ഡര്‍, ഷീ വ്രോട്ട്‌ എന്നിവയിലും അവര്‍ അഭിനയിച്ചു. ‘അഭിനയം എനിക്ക്‌ മറയ്‌ക്കലല്ല, വെളിപ്പെടുത്തലാണ്‌. ഞങ്ങള്‍ നിങ്ങള്‍ക്ക്‌ അനുഭവിക്കാനുള്ള അനുവാദം നല്‍കുന്നു,’ 2010ല്‍ സ്‌റ്റാര്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. മൃഗാവകാശ പ്രവര്‍ത്തക കൂടിയായിരുന്നു അവര്‍.