Crime

അഞ്ചു വയസുകാരനെ ഉപദ്രവിച്ച പ്രതി അമ്മയുടെ ആണ്‍സുഹൃത്ത്‌ ആശുപത്രിയില്‍ മരിച്ചു

യു.കെ.ജി വിദ്യാര്‍ഥിയായ അഞ്ചു വയസുകാരനെ ഉപദ്രവിച്ച കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത്‌ ആശുപത്രിയില്‍ മരിച്ചു. ഇടുക്കി ആലങ്കോട്‌ കോരമംഗലം ജയ്‌സണ്‍ ഫ്രാന്‍സീസാ (45) ണ്‌ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഇന്നലെ രാവിലെ മരിച്ചത്‌.

ചേര്‍ത്തല ഗവ. ടൗണ്‍ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിയായ ആണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ സ്‌കൂള്‍ പി.ടി.എ ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ 25 നാണ്‌ ജയ്‌സണ്‍ ഫ്രാന്‍സീസിനെ അറസ്‌റ്റ് ചെയ്‌തത്‌. തുടര്‍ന്ന്‌ റിമാന്‍ഡില്‍ ആലപ്പുഴ സബ്‌ ജയിലില്‍ കഴിയുന്നതിനിടെ ആരോഗ്യ പ്രശ്‌നം നേരിട്ടതോടെയാണ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌. പിന്നീട്‌ സ്‌ഥിതി വഷളാകുകയും ശനിയാഴ്‌ച രാവിലെ മരിച്ചു.

കുട്ടി കുറച്ച്‌ നാളുകളായി സ്‌കൂളില്‍ ഭക്ഷണം കൃത്യമായി കൊണ്ടുവരാതെയും മുഷിഞ്ഞ വസ്‌ത്രങ്ങള്‍ ധരിച്ചും അവശനായി വന്നതോടെ അധ്യാപകര്‍ കാര്യങ്ങള്‍ ചോദിച്ചതോടെയാണ്‌ ജയ്‌സണ്‍ ഫ്രാന്‍സീസ്‌ കുട്ടിയെ ഉപദ്രവിച്ച കാര്യം പുറത്തറിയുന്നത്‌.

തുടര്‍ന്ന്‌ കാര്യം സ്‌ഥിരീകരിക്കാന്‍ കുട്ടിയുടെ വീടിന്റെ പരിസരത്ത്‌ കഴിയുന്നവരോട്‌ പി.ടി.എ ഭാരവാഹികള്‍ അന്വേഷിക്കുകയും രാത്രികാലങ്ങളില്‍ കുട്ടിയുടെ നിലവിളി കേള്‍ക്കാറുണ്ടെന്ന്‌ അയല്‍വാസികള്‍ പറയുകയും ചെയ്‌തിരുന്നു. തുടര്‍ന്നാണ്‌ പി.ടി.എ പ്രസിഡന്റ്‌ ദിനൂപ്‌ വേണു പോലീസില്‍ പരാതി നല്‍കിയത്‌.

കുടുംബത്തില്‍നിന്ന്‌ അകന്നു നില്‍ക്കുന്ന ജെയ്‌സണ്‍ മുന്നു വര്‍ഷമായി കുട്ടിയുടെ അമ്മയോടെപ്പമാണ്‌ കഴിഞ്ഞിരുന്നത്‌. കൂലി പണിക്കാരനായ ഇയാള്‍ മദ്യലഹരിയിലാണ്‌ കുട്ടിയെ മര്‍ദിച്ചിരുന്നതെന്നും, മദ്യത്തിന്‌ അടിമയായിരുന്നുവെന്നും ചേര്‍ത്തല പോലീസ്‌ പറഞ്ഞു. കുട്ടിയുടെ മാതാവ്‌ ലോട്ടറി വിറ്റാണ്‌ ഉപജീവനം കഴിഞ്ഞിരുന്നത്‌. ജയ്‌സണ്‍ ഫ്രാന്‍സീസിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടു നല്‍കി.