Health

അമിതവണ്ണം കുറച്ച്‌ ആകര്‍ഷകമാകാം ; ആയുര്‍വേദത്തില്‍ പരിഹാരമുണ്ട്

അമിതവണ്ണത്തിന്റെ കാരണങ്ങള്‍ പലതാണ്‌. അതില്‍ ഒന്നാം സ്‌ഥാനം പാരമ്പര്യത്തിനുണ്ട്‌. അതിനു ശേഷമാണ്‌ അമിതാഹാരവും വ്യായാമക്കുറവുമൊക്കെ. പുതുതലമുറ ജോലിയുടെ പ്രത്യേകതയും അമിത വണ്ണത്തിന്‌ കാരണമാകുന്നുണ്ട്‌ .

പണം കൊടുത്ത്‌ ആരും രോഗം വാങ്ങാറില്ല. പക്ഷേ, അമിതവണ്ണം നമ്മള്‍ വരുത്തിവയ്‌ക്കുന്ന രോഗം തന്നെയാണ്‌. ചില കുടുംബാംഗങ്ങള്‍ക്ക്‌ അമിത വണ്ണം ‘കുടുംബ സ്വത്തായി’ കിട്ടിവരാറുണ്ട്‌.

ഈ പാരമ്പര്യ പ്രതിഭാസം ആരംഭത്തില്‍ തന്നെ മനസിലാക്കി മുന്‍ കരുതലുകളെടുക്കാതിരുന്നാല്‍ പൊണ്ണത്തടിതന്നെ ഫലം. ‘കാണാന്‍ ഒരു ലുക്കില്ല…’ എന്ന തമാശയില്‍ നിന്നുമാറി ഗുതുരമായ ആരോഗ്യപ്രശ്‌നങ്ങളാണ്‌ അമിതവണ്ണം വരുത്തിവയ്‌ക്കുന്നത്‌.

കാരണങ്ങള്‍ പലത്‌

അമിതവണ്ണത്തിന്റെ കാരണങ്ങള്‍ പലതാണ്‌. അതില്‍ ഒന്നാം സ്‌ഥാനം പാരമ്പര്യത്തിനുണ്ട്‌. അതിനു ശേഷമാണ്‌ അമിതാഹാരവും വ്യായാമക്കുറവുമൊക്കെ. പുതുതലമുറ ജോലിയുടെ പ്രത്യേകതയും അമിത വണ്ണത്തിന്‌ കാരണമാകുന്നുണ്ട്‌.
ശാരീരികാധ്വാനം കുറഞ്ഞതും മാനസിക പിരിമുറുക്കം കൂടിയതുമായ ജോലികള്‍ അപകടകരമാണ്‌. ഇതോടൊപ്പം വിശ്രമം ഇല്ലാതെ വരുന്നതും ശരീരഘടനാ വ്യതിയാനങ്ങളുമൊക്കെ അമിതവണ്ണത്തിന്‌ ആക്കം കൂട്ടുന്നു.

അമിതവണ്ണം കുറയ്‌ക്കുന്നതിനുള്ള ചികിത്സയില്‍ ബോധവല്‍ക്കരണത്തിനാണ്‌ ഏറെ പ്രാധാന്യം. രോഗം പിടിപെട്ടശേഷം ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത്‌ പ്രതിരോധത്തില്‍ ശ്രദ്ധവയ്‌ക്കുന്നതാണ്‌. മധുര പലഹാരങ്ങള്‍, ബേക്കറി സാധനങ്ങള്‍, ചോക്കലേറ്റ്‌, ഐസ്‌ക്രീം മറ്റ്‌ ഡയറി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ അശ്രദ്ധമായി ഉപയോഗിച്ച്‌ ശീലിക്കുന്നത്‌ ഒഴിവാക്കണം.

സൗന്ദര്യം നശിപ്പിക്കുന്നു

അമിത വണ്ണം എന്ന ശാരീരികാവസ്‌ഥ ശരീരത്തിന്റെ ബാഹ്യസൗന്ദര്യത്തെ മാത്രമല്ല ആന്തരികാവയവങ്ങളെയും സാരമായി ബാധിക്കുന്നു. ചെറുതും വലുതുമായ ആഘാതങ്ങള്‍ വരുത്തിവയ്‌ക്കുന്നു. സ്‌ഥായിയായ വിഷാദ ഭാവമെന്ന മാനസിക തകരാറുകള്‍ക്കും കാരണമാകും.
ചികിത്സാ രംഗത്തെ അനുഭവങ്ങള്‍ വച്ചുനോക്കുമ്പോള്‍ അമിതവണ്ണം മാനസിക രോഗങ്ങളും അതിനുപയോഗിക്കുന്ന ഔഷധങ്ങളും പരസ്‌പരം സാഹായികളായി വര്‍ത്തിക്കുന്നുണ്ട്‌. ദീര്‍ഘകാലമായി ഉള്ള ഏത്‌ ഔഷധ പ്രയോഗവും അമിതവണ്ണത്തിന്റെ കാരണങ്ങളായി കരുതിപ്പോരുന്നുണ്ട്‌.

ലക്ഷണം തിരിച്ചറിയുക

അമിത വണ്ണത്തിന്റെ ലക്ഷണം ആദ്യംതന്നെ തിരിച്ചറിയണം. വണ്ണം കൂടുന്നു എന്ന്‌ മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോഴെങ്കിലും സ്വന്തം ശരീരത്തിന്റെ മാറ്റങ്ങള്‍ നിരീക്ഷിക്കുന്നത്‌ നല്ലതാണ്‌. ഉയരവും തൂക്കവും തമ്മിലുള്ള അനുപാതത്തില്‍ മാറ്റം വരുമ്പോള്‍ തന്നെ നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന്‌ സര്‍വ സാധാരണമായി കൗമാരക്കാരായ പെണ്‍കുട്ടികളില്‍ കണ്ടുവരുന്ന പോളിസിസ്‌റ്റിക്‌ ഓവേറിയന്‍ ഡിസീസ്‌ അഥവാ പി.സി.ഓ.ഡി എന്ന ആര്‍ത്തവ തകരാറിന്റെ മുഖ്യ വില്ലന്‍ അമിതവണ്ണമോ അതിനു കാരണങ്ങളായി ആഹാരവിഹാരങ്ങളോ ആകുന്നതാണ്‌ വസ്‌തുത.

ആരോഗ്യ ലക്ഷണം

ആയുര്‍വേദശാസ്‌ത്രം ആദ്യമേ മെലിഞ്ഞ ശരീര പ്രകൃതിക്കാരുടെ കൂടെയാണ്‌. അസുഖത്തിന്‌ ചികിത്സിക്കുമ്പോഴും അതിയായ ശ്രദ്ധവേണം എന്ന്‌ ആദ്യമേ വ്യക്‌തമാക്കുന്നു. അമിത വണ്ണക്കാര്‍ പാലിക്കേണ്ടതായ ചില ആഹാരവിഹാരങ്ങള്‍

ആഹാരം

  1. രോഗാവസ്‌ഥയില്‍ നിന്ന്‌ മോചനമാകുന്നതുവരെ സസ്യാഹാരങ്ങളും പാനീയങ്ങളും ഉപയോഗിക്കുക.
  2. കുടിവെള്ളത്തിന്‌ വേങ്ങാക്കാതലോ, കരിങ്ങാലിക്കാതലോ ഇട്ട്‌ തിളപ്പിച്ച വെള്ളവും മോരും ഉപയോഗിക്കുക.
  3. ത്രിഫല കഷായത്തില്‍ പുഴുങ്ങിയെടുത്ത ഗോതമ്പ്‌ ഉണക്കിപ്പൊടിച്ചുണ്ടാക്കുന്ന പൊടികൊണ്ടുള്ള ചപ്പാത്തി മുതലായവ കഴിക്കുക.
  4. എണ്ണ, നെയ്യ്‌ ഇവ അധികം ഉപയോഗിക്കാത്ത പലഹാരങ്ങള്‍ തുടങ്ങിയവ കഴിക്കുക.
  5. പാല്‍ അധികം ഉപയോഗിക്കാത്ത മധുരം കുറച്ച്‌ ചായയോ കാപ്പിയോ കുടിക്കാവുന്നതാണ്‌.
  6. ഉച്ചയ്‌ക്ക് മാത്രം അരി ഭക്ഷണം. സാലഡുകളും മറ്റ്‌ പച്ചക്കറികളും കൂടെ ഉപയോഗിക്കാം.
  7. ത്രിഫലാദി ചൂര്‍ണം 2 ടീസ്‌പൂണ്‍ തൂക്കത്തിനനുസരിച്ച്‌ ക്രമീകരിച്ച്‌ രാത്രി ചൂടുവെള്ളത്തില്‍ സേവിക്കുക.
  8. നല്ല ചിറ്റമൃതിന്റെ ഇലയും തണ്ടും പിഴിഞ്ഞെടുത്ത നീര്‌ 30 മില്ലി ദിവസവും സേവിക്കാന്‍ കഴിഞ്ഞാല്‍ ഏറെ നല്ലതാണ്‌.
  9. ദേഹത്ത്‌ പൊടിയിച്ച്‌ തിരുമ്മുന്ന ഉദ്വര്‍ത്തനം എന്ന ചികിത്സാ രീതി ഏറെ ഫലപ്രദമാണ്‌. വിദഗ്‌ധനായ ഒരു വൈദ്യന്റെ കീഴില്‍ ഉദ്വര്‍ത്തനം, അഭ്യംഗം, ധാര, വസ്‌തി തുടങ്ങിയ ചികിത്സകള്‍ അമിവണ്ണത്തിന്‌ ഏറെ ഫലം ചെയ്യും.

തെറ്റായ ശീലങ്ങള്‍

പഠനകാലത്ത്‌ കുട്ടികളില്‍ അമിതവണ്ണം എന്ന രോഗാവസ്‌ഥ വരുത്തിക്കൊടുത്താല്‍, കുട്ടികള്‍ പഠനത്തില്‍ പിന്നിലാകാനും മറ്റ്‌ രോഗങ്ങള്‍ പിടിപെടാനും കാരണമാകും. കുട്ടി അന്തര്‍മുഖനായി തീരാനും സാധ്യതയുണ്ട്‌.

കുട്ടികള്‍ ധാരാളമായി ഉപയോഗിച്ചുവരുന്ന മാഗി ന്യൂഡില്‍സിന്റെ പൊയ്‌മുഖം ഈ അടുത്തകാലത്താണ്‌ ലോകം തിരിച്ചറിഞ്ഞത്‌. ഒടുവില്‍ അത്‌ നിരോധിച്ചു.

മാഗി മാത്രമല്ല, ഫാസ്‌റ്റ് ഫുഡുകളും ടിന്‍ ഫുഡുകളും പാല്‍പ്പൊടി തുടങ്ങിയ ഭക്ഷ്യവസ്‌തുക്കളൊക്കെ സംശയപരിധിയില്‍ നിറുത്തേണ്ടതാണ്‌. കുടം പുളിപോലുള്ള ഔഷധഗുണമുള്ളവയുടെ ഉപയോഗം ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കും. എന്നാല്‍ പുതിയ രുചിക്കൂട്ടുകളില്‍ കുടംപുളി മതില്‍ക്കെട്ടിനു പുറത്താണ്‌.

വിഹാരങ്ങള്‍

  1. പകലുറക്കം പാടേ ഒഴിവാക്കുക
  2. രാത്രി 10 മണിക്ക്‌ കിടന്ന്‌ 5 മണിക്ക്‌ ഉണരുന്നത്‌ ശീലമാക്കുക.
  3. രാവിലെ 1 മണിക്കൂര്‍ വ്യായാമം ശീലമാക്കുക. ഇതില്‍ ശിഥിലീകരണ വ്യായാമങ്ങളും ലളിതമായ ഏതാനും വ്യായാമങ്ങളുമാവാം.

വെളുപ്പിനെ ഉണര്‍ന്ന്‌ ദേഹം മുഴുവന്‍ എണ്ണപുരട്ടി പുഴയിലോ കുളത്തിലോ ഉള്ള മുങ്ങിക്കുളിയും പകല്‍ അന്തിയോളമുള്ള കഠിനാധ്വനവുമെല്ലാം സമ്പൂര്‍ണ ആരോഗ്യത്തിലുള്ള നല്ല ശീലങ്ങളായിരുന്നു. വ്യായാമക്കുറവും ഭക്ഷണത്തിലെ അശാസ്‌ത്രീയതയുമൊക്കെ അമിതവണ്ണം എന്ന ആഢംബര ഭീമന്‍ നമ്മെ കീഴടക്കാന്‍ കാരണമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *