സമീപകാലത്തായി ഏറ്റവും കൂടുതലായി പറഞ്ഞു കേള്‍ക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് രക്തത്തില്‍ സോഡിയം കുറയുന്നത്. പ്രായമായവരുടെ ആശുപത്രിവാസവുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്നം കൂടുതലായി കേട്ടുവരുന്നത്. എന്താണ് സോഡിയം കുറയാന്‍ കാരണം? സോഡിയം കുറഞ്ഞാല്‍ എന്താണ് സംഭവിക്കുന്നത്?
നിസാരമല്ല സോഡിയം
ശരീരത്തിലെ സുപ്രധാനമായ നിരവധി പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മൂലകമാണ് സോഡിയം. പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുടെ ശരീരത്തില്‍ 100 ഗ്രാം സോഡിയമാണുള്ളത്. ഇതില്‍ 50 ശതമാനം സോഡിയം അസ്ഥികളിലും 40 ശതമാനം കോശങ്ങള്‍ക്ക് പുറമേയുള്ള ദ്രാവകത്തിലും ശേഷിക്കുന്ന 10 ശതമാനം വിവിധ ശരീര കലകളിലുമാണുള്ളത്.
ആരോഗ്യവാനായ ഒരു വ്യക്തിക്ക് ഒരു ദിവസം ശരാശരി 10 മുതല്‍ 15 ഗ്രാം സോഡിയം വരെയാണ് വേണ്ടിവരുന്നത്. രക്തസമ്മര്‍ദവും ഹൃദയസ്പന്ദനത്തിന്റെ സ്വഭാവവുമൊക്കെ നിയന്ത്രിക്കുന്നത് സോഡിയമാണ്. നാഡീഞരമ്പുകളിലൂടെയുള്ള സംവേദന പ്രവാഹത്തെ നിയന്ത്രിക്കുന്നതും സോഡിയം തന്നെ. ശരീരത്തിന് ആവശ്യമായ സോഡിയത്തിന്റെ ഏറിയ പങ്കും ലഭിക്കുന്നത് നാം കഴിക്കുന്ന കറിയുപ്പിലൂടെയാണ്. പാല്, പാലുല്‍പ്പന്നങ്ങള്‍, മാംസം, റൊട്ടി, മുട്ട, മത്സ്യം എന്നിവയൊക്കെ സോഡിയത്തിന്റെ പ്രധാന സ്രോതസുകളാണ്.
സോഡിയം കുറയുന്നു
രക്തത്തില്‍ സോഡിയത്തിന്റെ അളവ് നിശ്ചിത പരിധിയില്‍ കുറയുന്നത് അപകടകരമാണ്. ശരീരത്തില്‍ ജലാംശം കൂടുകയും ആനുപാതികമായി സോഡിയത്തിന്റെ അളവ് കൂടാതിരിക്കുകയും ചെയ്യുമ്പോഴാണിത് സംഭവിക്കുന്നത്. രക്തത്തില്‍ സോഡിയത്തിന്റെ ശരിയായ നില എന്നു പറയുന്നത് 136 മുതല്‍ 146 മി.ഇക്വലന്‍സ്/ലിറ്ററാണ്.
ഈ നിലയില്‍ മാറ്റം വരുമ്പോള്‍, അഥവാ സോഡിയത്തിന്റെ അളവ് 136 -ല്‍ താഴെ എത്തുമ്പോഴാണ് രോഗാവസ്ഥയിലെത്തുന്നത്. നിരവധി ശാരീരിക വ്യതിയാനങ്ങളുടെ ഭാഗമായി രക്തത്തില്‍ സോഡിയം കുറയാം. ചില മരുന്നുകളുടെ ഉപയോഗം മുതല്‍ കരളിനെയും വൃക്കകളെയും ഹൃദയത്തെയും ബാധിക്കുന്ന ചില ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങള്‍ വരെ സോഡിയം കുറയുന്ന ഹൈപ്പോനെട്രീമയയ്ക്ക് കാരണമാകാം. ഛര്‍ദി, അതിസാരം പോലുള്ള രോഗങ്ങള്‍ സോഡിയത്തിന്റെ അളവ് കുറയുന്നതിന് കാരണമാകാം.
ആരോഗ്യപ്രശ്നങ്ങള്‍
രക്തത്തില്‍ സോഡിയം കുറയുന്നതുകൊണ്ട് സംഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണ്. മസ്തിഷ്ക കോശങ്ങളെയാണ് ഇത് സാരമായി ബാധിക്കുന്നത്. അതിനാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ മാന്ദ്യം അനുഭവപ്പെടുന്നു. സോഡിയം പൊടുന്നനേ കുറയുമ്പോഴാണ് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. എങ്കിലും രോഗിയുടെ പ്രായം, ആരോഗ്യസ്ഥിതി, സോഡിയം കുറയാനുണ്ടായ കാരണങ്ങള്‍ എന്നിവയൊക്കെ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ദീര്‍ഘകാല രോഗങ്ങളുള്ള പ്രായമായവരില്‍ സോഡിയത്തിന്റെ അളവ് കുറയുന്നത് കൂടുതല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും.
തിരിച്ചറിയാം
കടുത്ത ക്ഷീണം, തലവേദന, പെരുമാറ്റത്തില്‍ അസ്വഭാവികത, ആശയക്കുഴപ്പം, സ്ഥിരതയില്ലാത്തപോലെ പെരുമാറുക തുടങ്ങിയവയാണ് സോഡിയം കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങള്‍. സോഡിയത്തിന്റെ നില വീണ്ടും കുറയുമ്പോള്‍ രോഗി കൂടുതല്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നു. രക്തത്തില്‍ സോഡിയത്തിന്റെ അളവ് 115 -ല്‍ കുറയുമ്പോള്‍ രോഗി അപസ്മാര ലക്ഷണങ്ങള്‍ പ്രകടമാക്കാം. കോമയിലെത്തുന്ന രോഗിക്ക് ചിലപ്പോള്‍ മരണം പോലും സംഭവിക്കാം. പല കാരണങ്ങള്‍കൊണ്ടും രോഗം കണ്ടെത്താന്‍ വൈകാറുണ്ട്. ഛര്‍ദിയും വയറിളക്കവും തുടരുന്ന സാഹചര്യത്തില്‍ അസാധാരണ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ചിലപ്പോള്‍ സോഡിയത്തിന്റെ കുറവ് മൂലം സംഭവിച്ചതാവാം.
ചികിത്സ എന്തൊക്കെ
രക്തത്തില്‍ സോഡിയത്തിന്റെ നില, സോഡിയം കുറയാനുണ്ടായ കാരണം എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഉണ്ടാകാത്ത, വളരെ ചെറിയ തോതില്‍ മാത്രം സോഡിയം കുറയുന്ന അവസരങ്ങളില്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവ് മൂത്രത്തിന്റെ അളവിലും കുറവായിരിക്കണം. ശരീരത്തില്‍ നീരുണ്ടാകുന്ന അവസരങ്ങളിലും എ.ഡി.എച്ച് ഹോര്‍മോണിന്റെ അമിത ഉല്പാദനം ഉണ്ടാകുമ്പോഴും കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കണം.
ഛര്‍ദി, വയറിളക്കം പോലുള്ള ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ശരീരത്തിലെ ലവണാംശം നഷ്ടപ്പെട്ടാല്‍ വെറും ശുദ്ധജലത്തിന് പകരം ഉപ്പുചേര്‍ത്ത വെള്ളം കുടിക്കാന്‍ കൊടുക്കണം. ഒരു ലിറ്റര്‍ തിപ്പിച്ചാറിയ വെള്ളത്തില്‍ 5 ഗ്രാം കറിയുപ്പും 20 ഗ്രാം പഞ്ചസാരയും ചേര്‍ത്ത് ലയിപ്പിച്ച് തയ്യാറാക്കുന്ന പാനീയം ഒരു ഉത്തമ ഗൃഹപാനീയമാണ്. സോഡിയത്തിന്െ.റ അളവ് കൂടുതല്‍ കുറഞ്ഞതായി കണ്ടാല്‍ സാന്ദ്രത കൂടിയ സോഡിയം ക്ലോറൈഡ് ലായനി ഡ്രിപ്പായി നല്‍കേണ്ടിവരും.
സോഡിയം കുറയാതിരിക്കാന്‍
ശാരീരിക അധ്വാനത്തിലേര്പ്പെടുന്നവര് ഉപ്പുചേര്‍ത്ത ശുദ്ധജലം കുടിക്കുക. ഛര്‍ദി, അതിസാര രോഗമുള്ളവര്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്ത ലായനി കുടിക്കുക. മസ്തിഷ്കാഘാതം സംഭവിച്ച രോഗികള്‍ക്ക് കുടിക്കാന്‍ ആവശ്യത്തിനു മാത്രം വെള്ളം നല്‍കുക. കിടപ്പുരോഗികള്‍ക്ക് പുറത്തുപോകുന്ന മുത്രത്തിന്റെ അളവിനേക്കാള്‍ കുറവായിരിക്കണം കുടിക്കാന്‍ നല്കുന്ന വെള്ളത്തിന്റെ അളവ്. ശരീരത്തില്‍ നീരുള്ള സാഹചര്യത്തില്‍ ഉപ്പും വെള്ളവും ഒരുപോലെ കുറയ്ക്കുക.