ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമ ബുദ്ധി തന്റെ ജോലിയിലും കൈകടത്തിയെന്ന് പറയുകയാണ് ദുബായില്‍ നിന്നുള്ള ഡോ. മുഹമ്മദ് ഫൗസി കത്രാന്‍ജി. ജോലി നഷ്ടപ്പെട്ടാല്‍ മക്ഡൊണാള്‍ഡില്‍ ജോലിക്കായി അപേക്ഷിക്കേണ്ടി വരുമെന്നാണ് പള്‍മണോളജിസ്റ്റായ ഡോ. മുഹമ്മദ് ഫൗസി കത്രാന്‍ജി തമാശയായി പറയുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
തീവ്രപരിചരണ വിഭാഗത്തിലും സ്ലീപ് മെഡിസിനിലുമായി 18 വര്‍ഷത്തെ പരിചയസമ്പത്തുള്ള പ്രശസ്തനായ പള്‍മണോളജിസ്റ്റാണ് ഡോ. മുഹമ്മദ് ഫൗസി. തന്റെ പരിചയസമ്പത്തില്‍ നിന്നുള്ള മെഡിക്കല്‍ നിഗമനങ്ങളുമായി പൊരുത്തപ്പെടാന്‍ സാങ്കേതികവിദ്യക്ക് സാധിക്കുമോ എന്നറിയാനായി നടത്തിയ പരീക്ഷണമാണ് അദ്ദേഹം പങ്കുവെച്ചത്. ‘അപ്പോള്‍ എനിക്ക് എന്റെ ജോലി നഷ്ടപ്പെടാന്‍ പോകുന്നു. ഇത് ഭായനകമാണ്’, -അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ പോസ്റ്റില്‍ പറഞ്ഞു. ഒരു രോഗിയുടെ എക്സ് -റേ നോക്കി ന്യൂമോണിയ ഉണ്ടെന്നറിയാന്‍ തനിക്ക് കഴിയുമെന്നും 20 വര്‍ഷത്തിലധികം എടുത്താണ് ഈ കഴിവ് താന്‍ ആര്‍ജിച്ചതെന്നും ഒരാളുടെ ശ്വാസകോശത്തിന്റെ എക്സ്-റേയിലേക്ക് വിരല്‍ ചൂണ്ടി അദ്ദേഹം പറഞ്ഞു.
പിന്നീട് അദ്ദേഹം എഐ ടൂള്‍ ഉപയോഗിച്ച് ചെയ്ത രണ്ട് വ്യത്യസ്ത സ്‌കാന്‍ കാണിച്ചു. അതിലും അദ്ദേഹം രോഗിക്ക് ന്യുമോണിയ നിര്‍ണയിക്കാന്‍ ചൂണ്ടിക്കാണിച്ച ഭാഗങ്ങള്‍ സമാനവും കൃത്യവുമായിരുന്നു. എക്സ്- റേ അടക്കമുള്ളവ നോക്കി രോഗ നിര്‍ണയം നടത്താന്‍ ഇനി പ്രൊഫഷണല്‍ ഡോക്ടര്‍മാരുടെ ആവശ്യമില്ലെന്നും എഐ സെക്കന്‍ഡിനുള്ളില്‍ ഈ ജോലി ചെയ്യുമെന്നും അദ്ദേഹം പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.
അതുകൊണ്ട്, താന്‍ മക്ഡൊണാള്‍ഡില്‍ അപേക്ഷിക്കാന്‍ പോകുകയാണെന്നും അവിടെ ഒഴിവുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭപ്രായപ്പെട്ടു. അതേസമയം, സ്‌കാനിങ്ങില്‍ താന്‍ ശ്രദ്ധിക്കാതിരുന്ന ഒരു അസാധാരണത്വം എഐ കണ്ടെത്തിയതായി അദ്ദേഹം പറയുന്നുണ്ട്. ഇതിന് ഡോക്ടര്‍ സാങ്കേതികവിദ്യയെ പ്രശംസിച്ചു. അവസ്ഥയ്ക്ക് മരുന്ന് നിര്‍ദ്ദേശിച്ചതിനുശേഷം രോഗി സുഖം പ്രാപിക്കാന്‍ തുടങ്ങിയെന്നും ഡോക്ടര്‍ വ്യക്തമാക്കി.