ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചെങ്കിലും ഏകദിനത്തില്‍ തുടര്‍ന്നും കളിക്കാന്‍ താല്‍പ്പര്യം ഇരുവരും പ്രകടിപ്പിക്കുന്നുണ്ട്. അടുത്ത ഏകദിന ലോകകപ്പ് 2027 ല്‍ നടക്കാനിരിക്കെ ഇരുവരും അതില്‍ കളിക്കുമോ എന്ന കാര്യത്തില്‍ മുഖ്യ സെലക്ടര്‍ ഗൗതംഗംഭീര്‍ മറുപടി പറഞ്ഞു. 2027 ലെ ഏകദിന ലോകകപ്പില്‍ ടീം മാനേജ്മെന്റ് ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ലെന്നും 2026 ല്‍ ഇന്ത്യയില്‍ ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിലാണ് ടീമിന്റെ അടിയന്തര ശ്രദ്ധയെന്ന് ഊന്നിപ്പറഞ്ഞു.
ഇന്ത്യയുടെ 2024 ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഇരുവരും ടി20 യില്‍ നിന്നും വിരമിച്ചിരുന്നു. എന്നാല്‍ അടുത്ത ടി20 ലോകകപ്പ് കഴിഞ്ഞ് 10 മാസങ്ങള്‍ക്ക് ശേഷം വരുന്ന 2027 ലോകകപ്പ് അടുത്ത പ്രധാന ഏകദിന മത്സരമായിരിക്കെ 2026 ലെ ടി20 ലോകകപ്പാണ് ടീമിന്റെ ഇപ്പോഴത്തെ മുന്‍ഗണനയെന്നും ഏകദിനലോകകപ്പിനെക്കുറിച്ച് അപ്പോഴേ ചിന്തിക്കൂ എന്നും അദ്ദേഹം ആവര്‍ത്തിച്ചു.
”ഞങ്ങള്‍ക്ക് ഇപ്പോഴും ഒരു ടി20 ലോകകപ്പ് ഉണ്ട്, അത് വീണ്ടും ഒരു വലിയ ടൂര്‍ണമെന്റാണ്, അത് ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കാന്‍ പോകുന്നു. അതിനാല്‍, ഇംഗ്ലണ്ടിന് ശേഷം-ഇപ്പോള്‍ മുഴുവന്‍ ശ്രദ്ധയും ടി20 ലോകകപ്പിലായിരിക്കും. നവംബര്‍-ഡിസംബര്‍ 2027-ന് ഇനിയും രണ്ടര വര്‍ഷമുണ്ട്.” ഗംഭീര്‍ പറഞ്ഞു. ”നിങ്ങള്‍ മികച്ച പ്രകടനം തുടരുകയാണെങ്കില്‍, പ്രായം ഒരു സംഖ്യ മാത്രമാണ്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷമാദ്യം ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയമായിരുന്നു രോഹിതിന്റെയും കോഹ്ലിയുടെയും അവസാന ഏകദിനം, എന്നാല്‍ അവരുടെ അടുത്ത വൈറ്റ് ബോള്‍ അന്താരാഷ്ട്ര ടൂര്‍ണമെന്റ് ഇപ്പോഴും ഊഹാപോഹത്തിലാണ്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ എവേ പരമ്പരയ്ക്ക് തൊട്ടുമുമ്പ്, ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടുകൊണ്ട് കോഹ്ലിയും രോഹിതും റെഡ്-ബോള്‍ ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇരുവരുടേയും വിരമിക്കല്‍ ഇന്ത്യന്‍ ടീമിന് പ്രശ്‌നമായിട്ടുണ്ട്.
ഇന്ത്യയുടെ ഏറ്റവും പരിചയസമ്പന്നരായ രണ്ട് കളിക്കാരുടെ അഭാവത്തില്‍ ടെസ്റ്റ് ടീമിലെ ബാക്കിയുള്ളവരോട് മുന്നേറാന്‍ ആഹ്വാനം ചെയ്തു. ”നിങ്ങള്‍ കളി തുടങ്ങുമ്പോള്‍ എപ്പോള്‍ അവസാനിപ്പിക്കണം എന്നത് വളരെ വ്യക്തിഗതമായ തീരുമാനമാണെന്ന് ഞാന്‍ കരുതുന്നു. അത് കോച്ചോ സെലക്ടറോ അല്ലെങ്കില്‍ ഈ രാജ്യത്തെ മറ്റാരോ ആകട്ടെ – എപ്പോള്‍ വിരമിക്കണമെന്നും എപ്പോള്‍ വിരമിക്കരുതെന്നും ആരോടെങ്കിലും പറയാന്‍ ആര്‍ക്കും അവകാശമില്ല. അത് ഉള്ളില്‍ നിന്നാണ് വരുന്നത്.” ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.