ഫുക്കറ്റിലെ തിരക്കേറിയ ഒരു തെരുവിലൂടെ നടന്നു നീങ്ങുകയായിരുന്ന വിനോദ സഞ്ചാരിയുടെ തലയിൽ നിന്ന് ഒരു പാറ്റയെ ഒരു തായ്ലൻഡ് സ്ത്രീ തട്ടി താഴെയിട്ടു. ഒരു ഉപകാരം എന്നോണമാണ് യുവതി ഇത് ചെയ്തതെങ്കിലും സംഭവം കൈവിട്ടുപോയി. കാരണം വിനോദ സഞ്ചരിയായ ആ യുവാവിന്റെ വളർത്തുപാറ്റയെയാണത്രെ യുവതി തട്ടിക്കളഞ്ഞത്.
പാറ്റോംഗ് ബീച്ചിന് സമീപമുള്ള ക്യാമറയിൽ പതിഞ്ഞ ഈ വിചിത്ര സംഭവം കാംഫെങ് ഫെറ്റ് കംപ്ലയിൻ്റ്സ് എന്ന ഫേസ്ബുക്ക് പേജാണ് പങ്കുവെച്ചത്.
വീഡിയോയിൽ, തായ്ലൻഡുകാരിയായ സ്ത്രീ യുവാവിന്റെ അടുത്തേക്ക് നടന്നുവരികയാണ്. ഈ സമയം യുവാവിന്റെ തലയിൽ ഒരു പാറ്റയെ കണ്ട സ്ത്രീ ഒരു മടിയും കൂടാതെ പ്രാണിയെ അവന്റെ തലയിൽ നിന്നും താഴെക്കിടുന്നു. എന്നാൽ നന്ദി പറയുന്നതിന് പകരം യുവാവ് ദേഷ്യത്തോടെ പ്രതികരിക്കുകയാണ്. സംഭവത്തിൽ അസ്വസ്ഥനായ, ടൂറിസ്റ്റ് യുവതിക്ക് നേരെ “അത് എന്റെ വളർത്തുപാറ്റയാണ്” എന്ന് പറഞ്ഞുകൊണ്ട് അലറുന്നു. തുടർന്ന് നടപ്പാതയിലേക്ക് വീണ പാറ്റയെ യുവാവ് തന്റെ കൈകൾകൊണ്ട് മെല്ലെ എടുക്കുന്നു.
അസാധാരണമായ ഒരു വിനോദസഞ്ചാരിയുമായുള്ള ഏറ്റുമുട്ടൽ. ഒരേസമയം സോഷ്യൽ മീഡിയ ഉപയോക്താക്കളെ രസിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു.