സ്ത്രീ ആയാലും ഇന്നത്തെ കാലത്ത് വന്ധ്യത എന്ന പ്രശ്നത്തെ വിളിച്ച് വരുത്തുന്ന ജീവിതശൈലിയാണ് ഉള്ളത്. ജന്മനാ ഉള്ള ശാരീരിക പ്രശ്നങ്ങളും മറ്റ് അവസ്ഥകളും മാനസിക സംഘര്‍ഷങ്ങളും എല്ലാം പുരുഷന്റെ പ്രത്യുത്പാദന ശേഷി കുറക്കുന്നു. ശരിയായ കാരണം ശരിയായ സമയത്ത് കണ്ടെത്തിയാല്‍ ഇത്തരം പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാം. വന്ധ്യത സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്ക്കാണ് വരാന്‍ സാധ്യതയെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പുരുഷന്മാരിലെ വന്ധ്യതയ്ക്ക് കാരണങ്ങള്‍ പലതുണ്ടെങ്കിലും കുറഞ്ഞ ബീജ ഉത്പാദനമാണ് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. ഒരു മില്ലിലീറ്റര്‍ ശുക്ലത്തില്‍ 15 ദശലക്ഷം മുതല്‍ 200 ദശലക്ഷം വരെ ബീജങ്ങള്‍ സാധാരണ ഗതിയില്‍ ഉണ്ടാകുമെന്നാണ് കണക്ക്. ബീജത്തിന്റെ എണ്ണം ഇതില്‍ താഴെയായാല്‍ അത് കുറഞ്ഞ അളവിലുള്ള ബീജമായി കണക്കാക്കുന്നു. പുരുഷന്മാരുടെ ബീജത്തിന്റെ അളവിനെ പ്രതികൂലമായി ബാധിക്കുന്ന ശീലങ്ങളെ കുറിച്ച് മനസ്സിലാക്കാം…..
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍ – സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍ വഴി പടരുന്ന രോഗങ്ങള്‍ അഥവാ എസ് റ്റി ഡികള്‍ വന്ധ്യതയിലേക്ക് നയിക്കാം. പ്രത്യുത്പാദനപരമായ ആരോഗ്യത്തെ പല തരത്തില്‍ ബാധിക്കുന്നവയാണ് എസ് റ്റി ഡികള്‍. ക്ലമീഡിയ, ഗൊണേറിയ പോലുള്ള ലൈംഗിക രോഗങ്ങള്‍ ബീജങ്ങളുടെ ഗുണത്തെയും ചലനത്തെയും ബാധിക്കും. കോണ്ടം, ഡെന്റല്‍ ഡാമുകള്‍, ഗ്ലൗവുകള്‍ പോലുള്ള സുരക്ഷിത മാര്‍ഗങ്ങള്‍ ഉപയോഗിച്ചും ലൈംഗിക പങ്കാളികളുടെ എണ്ണം പരിമിതപ്പെടുത്തിയും ഇടയ്ക്കിടെ ലൈംഗിക രോഗ പരിശോധന നടത്തിയും സുരക്ഷിതമായ ലൈംഗിക ബന്ധം പിന്തുടരാവുന്നതാണ്.
അലസമായ ജീവിതശൈലി – നിത്യവും വ്യായാമം അടങ്ങുന്നതാണ് സജീവമായ ജീവിതശൈലി. ആഴ്ചയില്‍ അഞ്ച് ദിവസമെന്ന കണക്കില്‍ പ്രതിദിനം 30 മിനിറ്റ് വ്യായാമത്തിനായി മാറ്റി വയ്ക്കുന്നത് കരുത്തും പ്രതിരോധശേഷിയും മാത്രമല്ല പ്രത്യുത്പാദനപരമായ ആരോഗ്യവും വര്‍ധിപ്പിക്കും.
മദ്യപാനം- മദ്യപാനം പുരുഷന്മാരിലെ ടെസ്റ്റോസ്റ്റെറോണ്‍, ല്യൂട്ടനൈസിങ് ഹോര്‍മോണ്‍, ഫോളിക്കിള്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ എന്നിവയുടെ തോത് കുറയ്ക്കുകയും ഈസ്ട്രജന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ്. ഇത് ബീജോത്പാദനത്തെ ബാധിക്കുകയും വന്ധ്യതയിലേക്ക് നയിക്കുകയും ചെയ്യും.
അനാരോഗ്യകരമായ ആഹാരം – പ്രത്യുത്പാദനശേഷി കൈമോശം വരാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് ഒഴിവാക്കേണ്ട ഒന്നാണ് ഫാസ്റ്റ് ഫുഡ്. സംസ്കരിച്ച മാംസം സ്ഥിരമായി കഴിക്കുന്നവര്‍ക്ക് സാധാരണ രൂപത്തിലുള്ള ബീജകോശങ്ങളുടെ എണ്ണം മറ്റുള്ളവരെ അപേക്ഷിച്ച് കുറവായിരിക്കുമെന്ന് അടുത്തിടെ നടന്ന ഒരു പഠനവും വെളിപ്പെടുത്തുന്നു.
സ്വയം മരുന്ന് കഴിക്കല്‍- രോഗം വരുമ്പോള്‍ ഡോക്ടറെ കാണാതെ കണ്ണില്‍കണ്ട മരുന്നൊക്കെ കഴിക്കുന്നത് ലൈംഗികാരോഗ്യത്തെയും ബാധിക്കും. ചിലതരം മരുന്നുകള്‍ പ്രത്യുത്പാദനശേഷിയെ പ്രതികൂലമായി സ്വാധീനിക്കുന്നതാണ്. മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെ പറ്റി ഡോക്ടര്‍മാരോട് ചര്‍ച്ച ചെയ്യേണ്ടതും അത്യാവശ്യമാണ്. മസില് പെരുപ്പിക്കാനും മറ്റും വേണ്ടി ചിലര്‍ സ്റ്റിറോയ്ഡുകള്‍ കുത്തി വയ്ക്കുന്നതും വന്ധ്യതയ്ക്ക് കാരണമാകാം.
പുകവലി – പുകവലിയും പുകയിലയുടെ ഉപയോഗവും ബീജത്തിന്റെ അളവിനെയും അവയുടെ രൂപത്തെയും ചലനശക്തിയെയുമെല്ലാം ബാധിക്കുന്നതാണ്. പുകവലി ബീജകോശത്തിലെ ഡിഎന്‍എ തുണ്ട് തുണ്ടായി പിരിയാന്‍ ഇടയാക്കും. ഇത് ഭ്രൂണത്തെ ബാധിക്കുകയും പല വിധ ജനിതക പ്രശ്നങ്ങള്‍ ഭ്രൂണങ്ങള്‍ക്ക് ഉണ്ടാക്കുകയും ചെയ്യും. പുരുഷന്മാരില് ലൈംഗിക ഉദ്ധാരണശേഷിക്കുറവും പുകവലി മൂലം ഉണ്ടാകാം.
അമിതവണ്ണം – ഭാരം കൂടിയവരും ഭാരം കുറഞ്ഞവരുമായ പുരുഷന്മാര് വന്ധ്യത പ്രശ്നങ്ങള്‍ നേരിടാറുണ്ട്. അമിതഭാരം ബീജത്തിന്റെ അളവിനെ മാത്രമല്ല രൂപത്തെയും ദോഷകരമായി ബാധിക്കും.
ലാപ്ടോപ്പ് മടിയില്‍ വച്ച് ഉപയോഗിക്കല്‍ – സാധാരണ ശരീര താപനിലയില്‍ നിന്നും കുറഞ്ഞ താപനില ബീജങ്ങളുടെ ഉത്പാദനത്തിന് ആവശ്യമാണ്. ഇതിന് വേണ്ടിയാണ് ശരീരത്തില്‍ നിന്ന് വേര്‍തിരിച്ച് വൃഷ്ണസഞ്ചിയില്‍ വൃഷ്ണങ്ങള്‍ സംരക്ഷിക്കപ്പെടുന്നത്. സാധാരണ ശരീര ഊഷ്മാവില്‍ നിന്ന് 2-3 ഡിഗ്രി താപനില വൃഷ്ണസഞ്ചികളില്‍ കുറവായിരിക്കും. എന്നാല്‍ ലാപ്ടോപ്പ് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ മടിയില്‍ വയ്ക്കുന്നതും കാറ്റ് കടക്കാത്ത അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതും ബൈക്കിലും മറ്റും തുടര്‍ച്ചയായി ഇരിക്കുന്നതും വൃഷ്ണസഞ്ചികള്‍ ചൂടാകാന്‍ ഇടയാക്കും. ഇത് ബീജത്തിന്റെ ആരോഗ്യത്തെ ബാധിച്ച് വന്ധ്യതയിലേക്ക് നയിക്കാം.