അവിശ്വസനീയമായ ഇന്നിംഗ്സുമായിട്ടാണ് ഇന്ത്യന്‍പ്രീമിയര്‍ലീഗിലെ പയ്യന് വൈഭവ് സൂര്യവന്‍ഷി 2025 സീസണില്‍ നിന്ന് സൈന്‍ ഓഫ് ചെയ്യുന്നത്. മെയ് 20 ചൊവ്വാഴ്ച ചെന്നൈ സൂപ്പര്‍കിംഗ്സിനെതിരേ 14 കാരന് 33 പന്തില്‍ നിന്ന് 57 റണ്‍സ് നേടി പക്വതയാര്‍ന്ന ബാറ്റിംഗ് നടത്തിയാണ് താരം സീസണ് അവസാനിപ്പിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് കളിക്കാരനായ വൈഭവ് തന്റെ ആക്രമണകരമായ ബാറ്റിംഗ് പുറത്തെടുത്തു പുതിയ തലമുറയുടെ വരവ് അറിയിച്ചാണ് മടങ്ങിയത്.
നിര്‍ഭയരായ യുവാക്കളും പരിചയസമ്പന്നരായ ഇതിഹാസങ്ങളും തമ്മിലുള്ള പ്രതീകാത്മക തലമുറ ഏറ്റുമുട്ടലായിരുന്നു മത്സരം. രാജസ്ഥാന് അവരുടെ അവസാന ഗ്രൂപ്പ്-സ്റ്റേജ് ഗെയിം ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കളിച്ചത്. 43 കാരനായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍, 14 വയസുകാരന് ശ്രദ്ധേയമായ ക്രിക്കറ്റ് ഐക്യു കാണിച്ചു. 188 റണ്‍സ് പിന്തുടര്ന്നപ്പോള് സൂര്യവന്‍ഷി തന്റെ ഇന്നിംഗ്സില്‍ ക്ലാസിക്കല്‍ ഷോട്ടുകള്‍ കളിക്കുകയും സീസണിലെ തന്റെ ആദ്യ അര്‍ദ്ധ സെഞ്ച്വറി നേടുകയും ചെയ്തു.
അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍, രാജസ്ഥാന്റെ ചേസില്‍ നങ്കൂരമിട്ട ഒരു ഇന്നിംഗ്സ് കെട്ടിപ്പടുക്കാന്‍ 14-കാരന് ശ്രദ്ധയോടെ കളിച്ചു തുടക്കം മുതല്‍ ഓഫ് സൈഡിലെ വിടവുകള്‍ കണ്ടെത്തി പേസ് ബൗളിംഗിനെതിരേ ആക്രമിക്കാന്‍ തുടങ്ങിയതോടെ എംഎസ് ധോണി സ്പിന്‍ അവതരിപ്പിക്കാന്‍ നിര്‍ബന്ധിതനായി. എന്നാല്‍ ഗ്രൗണ്ടിന്റെ ഇരുവശത്തും കൂറ്റന്‍ സിക്സറുകള്‍ പറത്തിയാണ് സൂര്യവന്‍ഷി പ്രതികരിച്ചത്.
ഈ സീസണില്‍ രാജസ്ഥാന് റോയല്‍സിനെക്കുറിച്ച് അമ്പാട്ടി റായിഡു നടത്തിയ പരാമര്‍ശങ്ങള്‍ക്കുള്ള ചുട്ട മറുപടി കൂടിയാണ് സൂര്യവംശിയുടെ പ്രകടനം. യുവാക്കളെ വിശ്വസിച്ച് ടീമിനെ ഉണ്ടാക്കുന്നതാണ് 2008 മുതല്‍ ഐപിഎല്‍ കിരീടം നേടാനാകാതെ പോയതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ സീസണില്‍ കുറഞ്ഞത് അഞ്ച് മത്സരങ്ങളെങ്കിലും രാജസ്ഥാന് യുവതാരങ്ങളുടെ മികവുറ്റ പ്രകടനം കണ്ടു റയാന് പരാഗ്, യശസ്വി ജയ്സ്വാള്‍, ഷിമ്റോണ്‍ ഹെറ്റ്മെയര്‍, വനിന്ദു ഹസരംഗ എന്നിവരെല്ലാം വിവിധ ഘട്ടങ്ങളില്‍ മികവ് കാട്ടി.