എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെപ്രവാസിമലയാളി വനിതയെന്ന നേട്ടംകൂടിസ്വന്തമാക്കിയാണ് തലശ്ശേരി വേങ്ങാട് സ്വദേശി സഫ്രീന ലത്തീഫിന്റെ സാഹസികവിജയം.
8848 മീറ്റര്‍ ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കിയ ഖത്തറിലെആദ്യപ്രവാസിയായസഫ്രീനതുന്നിച്ചേര്ത്തത് തൻ്റെ സ്വപ്നങ്ങളാണ്.
ഒരുമാസത്തോളം നീണ്ട കഠിനമായ ദൗത്യത്തിനൊടുവിലാണ് സഫ്രീന നേട്ടം സ്വന്തമാക്കിയത്. മെയ് 18ന് ഞായറാഴ്ച രാവിലെ നേപ്പാള്‍ സമയം 10.25ഓടെയാണ് സഫ്രീന എവറസ്റ്റ് കൊടുമുടി കീഴടക്കി ചരിത്രത്തിന്റെ ഭാഗമായത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ബേസ് ക്യാമ്പില്‍ തിരികെയെത്തിയ സഫ്രീന അവിടെ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗം കാഠ്മണ്ഡുവിലെത്തും. സഫ്രീനയെ സ്വീകരിക്കാന്‍ ഭര്‍ത്താവ് ഡോ. ഷമീല്‍ മുസ്തഫ തിങ്കളാഴ്ച രാത്രിയോടെ ദോഹയില്‍ നിന്നും നേപ്പാളിലേക്ക് പറന്നു. ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ സര്‍ജനാണ് കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശിയായ ഡോ. ഷമീല്‍.
ഖത്തറില്‍ കേക്ക് ആര്‍ട്ടിസ്റ്റ് കൂടിയായ സഫ്രീനയ്ക്കും ഭര്‍ത്താവ് ഡോ. ഷമീലിനും വര്‍ഷങ്ങളായി പര്‍വതാരോഹണം പാഷനാണ്.
2021 ജൂലൈയില്‍ താന്‍സാനിയയിലെ 5985 മീറ്റര്‍ ഉയരമുള്ള കിളിമഞ്ചാരോ കൊടുമുടി കീഴടക്കിയായിരുന്നു ഇരുവരുടെയും തുടക്കം. തുടര്‍ന്ന് അര്‍ജന്റീനയിലെ അകോണ്‍കാഗ്വ (6961 മീറ്റര്‍), റഷ്യയിലെ മൗണ്ട് എല്‍ബ്രസ് (5642 മീറ്റര്‍) എന്നിവയും കീഴടക്കിയാണ് എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയത്. പക്ഷേ, അതിനിടയില്‍ ഡോ. ഷമീലിന് പരുക്കേറ്റതിനാല്‍ അദ്ദേഹത്തിന് പിന്മാറേണ്ടി വന്നു.
കഠിന പരിശീലനവും തയ്യാറെടുപ്പും പൂര്‍ത്തിയാക്കിയാണ് ഏപ്രില്‍ 12ന് സഫ്രീന ദോഹയില്‍ നിന്നും നേപ്പാളിലേക്ക് പോയത്. പത്തു പേരടങ്ങുന്ന സംഘത്തിനൊപ്പം ഏപ്രില്‍ 19ന് ബേസ് കാമ്പിലെത്തി. അവിടെ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു എവറസ്റ്റിലേക്കുള്ള ശ്രമം തുടങ്ങിയത്. മെയ് ഒന്‍പതിന് എവറസ്റ്റിലേക്കുള്ള പ്രവേശനം ആരംഭിച്ചതോടെ 14ന് ബേസ് ക്യാമ്പില്‍ നിന്നും ദൗത്യത്തിന് തുടക്കം കുറിച്ചു. ക്യാമ്പ് രണ്ടിലെത്തി ഒരു ദിവസം വിശ്രമിച്ച ശേഷം ക്യാമ്പ് മൂന്നിലേക്കുള്ള സാഹസിക യാത്ര ആരംഭിച്ചു. കടുത്ത മഞ്ഞും ദുര്‍ഘട പാതകളും താണ്ടിയായിരുന്നു മണിക്കൂറുകള്‍ നീണ്ട മലകയറ്റം. 12 മണിക്കൂറോളം കൊടുമുടിയേറി നാലാം ക്യാമ്പിലെത്തി നാലു മണിക്കൂര്‍ വരെ വിശ്രമിച്ച ശേഷം 14 മണിക്കൂര്‍ അതിസാഹസികത നിറഞ്ഞ പാതകളും പിന്നിട്ടായിരുന്നു എവറസ്റ്റിന്റെ ഉച്ചിയിലെത്തിയത്. ബേസ് ക്യാമ്പ് വിട്ട ശേഷം സാറ്റലൈറ്റ് ഫോണ്‍ വഴി നീക്കങ്ങള്‍ അറിഞ്ഞതല്ലാതെ കൂടുതല്‍ ആശയവിനിമയമൊന്നും നടത്താനായില്ലെന്ന് ഡോ. ഷമീല്‍ പറഞ്ഞു.2001 മുതല്‍ ഭര്‍ത്താവിനൊപ്പം ഖത്തറില്‍ പ്രവാസിയാണ് സഫ്രീന. 2022 മെയ് 27ന് എവറസ്റ്റ് കീഴടക്കിയ ശൈഖ അസ്മ ബിന്ത് താനി അല്‍താനിയാണ് എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഖത്തരി വനിത. വേങ്ങാട് കെ പി സുബൈദയുടെയും തലശ്ശേരി പുന്നോല്‍ സ്വദേശി പി എം അബ്ദുല്‍ ലത്തീഫിന്റെയും മകളാണ് സഫ്രീന ലത്തീഫ്. മകൾ മിന്‍ഹ.എവറസ്റ്റിന്റെ നെറുകയിൽ മനുഷ്യൻ ആദ്യമായി തൊട്ടതിന്റെ സ്മരണാർഥമായി എല്ലാ വർഷവും എവറസ്റ്റ് ദിനം ആചരിക്കുന്ന
മേയ് 29 ന് ഏതാനും ദിവസങ്ങൾ ബാക്കിനിൽക്കെയാണ് സഫ്രീനഎവറസ്റ്റിന്റെ ഉയരംകീഴടക്കിത്രിവർണ്ണ പതാക വീശിയത്.കണ്ണൂർ ജില്ലയിൽ നിന്നുള്ള ഉണ്ണിക്കണ്ണൻ.എ പി യാണ് എവറസ്റ്റ് കീഴടക്കിയ ആദ്യമലയാളി.