ഇന്റർനെറ്റ് ഇല്ലാത്ത ലോകമെന്നത് ഇന്ന് സങ്കൽപ്പിക്കാൻ പോലുമാകാത്ത കാര്യമാണ്. നമ്മുടെ ജീവിതത്തിൽ ഇന്റർനെറ്റിനെ എത്രമാത്രം ആശ്രയിക്കുന്നു എന്നത് അതിശയകരമാണ്. പ്രായഭേദമന്യേ എല്ലാവരും പഠനാവശ്യങ്ങൾക്കും വിനോദത്തിനുമെല്ലാം ആശ്രയിക്കുന്നത് ഇന്റർനെറ്റിനെയാണ്. വർഷങ്ങൾക്ക് മുമ്പ് ഇന്റർനെറ്റ് ഇല്ലായിരുന്നുവെന്നുവെന്നത് ചിന്തിച്ചു നോക്കൂ… ഇന്റർനെറ്റ് സൗകര്യം ഇല്ലായിരുന്നെങ്കിൽ, നിങ്ങൾ ഈ വാര്‍ത്ത എങ്ങനെ, എപ്പോഴാകും വായിക്കുക ?
ഇ-മെയിൽ, സമൂഹ മാധ്യമങ്ങള്‍, യൂ ട്യൂബ് ഇവയൊന്നും ഇല്ലാതെ, ഇന്റർനെറ്റ് ഇല്ലാത്ത ഒരു ദിവസത്തെക്കുറിച്ച് നമ്മളിൽ ആർക്കും ചിന്തിക്കാൻ പോലും കഴിയില്ല. എന്നാല്‍ ഇന്റർനെറ്റ് ഇല്ലാത്ത ജീവിതം അനുഭവിക്കുകയും ജീവിക്കുകയും ചെയ്ത ധാരാളം പേർ നമ്മുക്കിടയിലുണ്ട് .
എന്നാൽ പുതിയ ഒരു പഠനമനുസരിച്ച് യുവാക്കളിൽ ഇന്റർനെറ്റിനോടുള്ള താൽപര്യം കുറഞ്ഞു വരുന്നതായാണ് കണ്ടെത്തൽ. ബ്രിട്ടീഷ് സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂഷൻ (ബി.എസ്.ഐ) 1294 ബ്രിട്ടീഷ് യുവാക്കളിൽ നടത്തിയ പഠനത്തിൽ പകുതിയോളം യുവാക്കളും ഇന്റർനെറ്റില്ലാത്ത ലോകത്ത് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കണ്ടെത്തി.
16 നും 21 നും ഇടയിൽ പ്രായമുള്ള 70 ശതമാനം യുവാക്കളും സമൂഹമാധ്യമത്തിൽ സമയം ചെലവഴിച്ചതിന് ശേഷം തങ്ങളെക്കുറിച്ച് മോശമായി ചിന്തിക്കുന്നതായി പഠനത്തിൽ വ്യക്തമാക്കുന്നു. 50 ശതമാനം പേർ ഡിജിറ്റൽ കർഫ്യൂവിനെ പിന്തുണക്കുമെന്ന് പറഞ്ഞു. അതായത് രാത്രിയിൽ ചില ആപ്പുകളിലേക്കും സൈറ്റുകളിലേക്കും പ്രവേശനം നിഷേധിക്കുന്നതാണ് ഡിജിറ്റൽ കർഫ്യൂ. 46 ശതമാനം പേർ ഇന്റർനെറ്റ് പൂർണ്ണമായും ഇല്ലാതെ ഇരിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും പഠനത്തിൽ പറയുന്നു.
വിനോദത്തിനും പഠനത്തിനും ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത് യുവാക്കളുടെ ജീവിത നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് ഗവേഷണം വ്യക്തമാക്കുന്നത്. സർവേയിൽ പങ്കെടുത്തവരിൽ നാലിലൊന്ന് പേർ നാല് മണിക്കൂറോ അതിൽ കൂടുതലോ സമൂഹമാധ്യമങ്ങളിൽ ചെലവഴിച്ചപ്പോൾ അഞ്ചിലൊന്ന് പേർ മൂന്ന് മണിക്കൂറോ അതിൽ കൂടുതലോ ഗെയിമിങിൽ ചെലവഴിച്ചതായി പഠനം പറയുന്നത്.
കോവിഡിനുശേഷം മുക്കാൽ ഭാഗം യുവാക്കളും ഓൺലൈനിൽ സമയം ചെലവഴിക്കുന്നതിൽ വർധനവ് രേഖപ്പെടുത്തിയെന്നും പഠനം പറയുന്നു. ഓൺലൈനിൽ ചെലവഴിക്കുന്ന സമയം മാനസികാരോഗ്യത്തിന് ഹാനികരമാണെന്ന് 68ശതമാനം യുവാക്കൾ പറഞ്ഞു. സാമൂഹിക ജീവിതം നഷ്ടപ്പെടുന്നു, വ്യക്തിബന്ധങ്ങള്‍ കുറയുന്നു തുടങ്ങിയ കാരണങ്ങളാല്‍ യുവാക്കൾ മാറ്റത്തിന് തയാറാണെന്നാണ് ഈ പഠനം കാണിക്കുന്നത്.