ആലപ്പുഴയില്‍ ആശുപത്രിയില്‍വച്ചു പരിചയപ്പെട്ടയാളെ സ്‌നേഹം നടിച്ച് വിളിച്ചുവരുത്തി കവര്‍ച്ച നടത്തിയ കേസില്‍ ദമ്പതികളടക്കം മൂന്നുപേര്‍ അറസ്‌റ്റില്‍. എഴുപുന്ന ചാപ്രകളം വീട്ടില്‍ അനാമിക, ഭര്‍ത്താവ് നിധിന്‍, നിധിന്റെ സുഹൃത്ത് സുനില്‍ കുമാര്‍ എന്നിവരെയാണ് കുത്തിയതോട് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
തൈക്കാട്ടുശേരി സ്വദേശിയാണു തട്ടിപ്പിനിരയായത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വച്ചു പരിചയപ്പെട്ട ഇയാളെ അനാമിക സ്‌നേഹം നടിച്ച് ചമ്മനാട് അയ്യപ്പക്ഷേത്രത്തിനു സമീപത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ദേഹോപദ്രവം ഏല്‍പിച്ചശേഷം ഒന്നര പവന്‍ തൂക്കംവരുന്ന സ്വര്‍ണമാലയും മൊബൈല്‍ ഫോണും കവര്‍ന്ന് സ്‌ഥലംവിട്ടു. കഴിഞ്ഞ 17 ന് രാത്രി 8.30 നായിരുന്നു സംഭവം. കൃത്യം നടത്തി കടന്നുകളഞ്ഞ പ്രതികള്‍ ഇന്നലെയാണു പിടിയിലായത്.
ചേര്‍ത്തലയിലെ ഒരു ജൂവലറിയില്‍ പിറ്റേന്നു മാല വിറ്റതായി പ്രതികള്‍ സമ്മതിച്ചു. ഈ മാല ജൂവലറിയില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ പ്രതിയുടെ വീട്ടിലും കണ്ടെത്തി. പോലീസ് ഇന്‍സ്‌പെക്‌ടര്‍ അജയ് മോഹന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്‌ടര്‍മാരായ രാജീവ്, സുനില്‍രാജ്, ബിജുമോന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മനു കലേഷ്, കിഷോര്‍ ചന്ദ്, നിത്യ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.