ചുട്ടുപൊള്ളുന്ന വെയിലിൽ പരിക്കേറ്റ തങ്ങളുടെ നായയെ ട്രോളിയിൽ ഇരുത്തി മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകുന്ന രണ്ട് ആൺകുട്ടികളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ മനം കീഴടക്കുന്നത്. നോയിഡയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സ്നേഹത്തിന്റെയും കരുതലിന്റെയും ഹൃദയസ്പർശിയായ വീഡിയോ ഇതിനോടകം വൻ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. തങ്ങളുടെ നായയെ മറ്റൊരു നായ കടിച്ചെന്നും തുടർന്ന് വൈദ്യസഹായം ആവശ്യമാണെന്നും കുട്ടികൾ പറഞ്ഞു.
തുടർന്ന് കുട്ടികൾ നായയെ ആശുപത്രിയിൽ കൊണ്ടാക്കി ചികിത്സിക്കുകയാണ്. വീഡിയോയിൽ നായയെ കൈകളിൽ കൊണ്ടുപോകുന്നതിനുപകരം, അവർ ഒരു ചെറിയ ട്രോളി ഉണ്ടാക്കി, പരിക്കേറ്റ നായയെ ശ്രദ്ധാപൂർവ്വം അതിനുള്ളിലാക്കിയാണ് കൊണ്ടുപോയത്. ചുട്ടുപൊള്ളുന്ന വെയിലിൽ നിരവധി ഓട്ടോറിക്ഷകളും ബൈക്കുകളും കാറുകളും ചീറിപ്പായുന്ന തിരക്കേറിയ റോഡിലൂടെയാണ് അവർ ട്രോളിക്കുള്ളിൽ നായയുമായി നടന്നു നീങ്ങിയത്.
ആൺകുട്ടികളിൽ മൂത്തയാൾ ഒരു ചരട് ഉപയോഗിച്ച് മെല്ലെ ട്രോളി വലിച്ചപ്പോൾ ഇളയ ആൺകുട്ടി പുറകിൽ നിന്ന് ട്രോളി തള്ളി മുന്നോട്ട് കൊണ്ടുപോകുകയാണ്. വീഡിയോയുടെ ഒരു ഘട്ടത്തിൽ, കൗതുകത്തോടെ ഒരാൾ അവരെ തടയുകയും, എന്തിനാണ് തെരുവിലൂടെ ഒരു നായയെ ഇങ്ങനെ കൊണ്ടുപോകുന്നതെന്നും ചോദിച്ചു. നായയ്ക്ക് പരിക്കേറ്റതായും ചികിത്സയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോയതാണെന്നും കുട്ടികൾ വിശദീകരിച്ചു.
ആശുപത്രിയിൽ നിന്ന് മടങ്ങും വഴിയാണ് വീഡിയോ ചിത്രീകരിച്ചത്. സ്ട്രീറ്റ് ഡോഗ്സ് ഓഫ് ബോംബെ എന്ന ഇൻസ്റ്റാഗ്രാം പേജാണ് ഹൃദയസ്പർശിയായ നിമിഷം ഓൺലൈനിൽ പങ്കുവെച്ചത്. “നോയിഡയിലെ ഈ രണ്ട് കുട്ടികൾ, മറ്റെന്തിനെക്കാളും അനുകമ്പ തിരഞ്ഞെടുക്കുന്നു. ഇതാണ് ഞങ്ങൾക്ക് ആഗ്രഹിക്കുന്ന സ്നേഹവും കരുതലും, ഇത് ആഘോഷിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്!” എന്ന കുറിപ്പും വീഡിയോയിൽ കാണാം.
വൈറലായ വീഡിയോ ഇതിനകം , 27,000 ലൈക്കുകളാണ് നേടിയത്. മൃഗത്തോടുള്ള കുട്ടികളുടെ അനുകമ്പ നെറ്റിസൻമാരെ സ്പർശിക്കുക മാത്രമല്ല, അവരെ പിന്തുണയ്ക്കാനും ഉത്സുകരായി. “എനിക്ക് ഈ മക്കളെ സഹായിക്കണം”, “ആർക്കെങ്കിലും വിശദാംശങ്ങൾ ലഭ്യമാക്കാമോ?” എന്നിങ്ങനെയുള്ള കമൻ്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നെത്തിയത്. ഏതായാലും കുട്ടികളുടെ ഐഡൻ്റിറ്റി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.