Crime

പാക് ഉദ്യോഗസ്ഥരുമായി അടുത്തബന്ധം, ചാരവൃത്തി നടത്തി; ആരാണ് ജ്യോതി മൽഹോത്ര?

പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ വ്‌ളോഗര്‍ ജ്യോതി മൽഹോത്ര പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനെക്കുറിച്ച് പോസിറ്റീവ് ഇമേജ് ഉണ്ടാക്കാനായി നിരവധി വിഡിയോ കണ്ടന്‍റുകള്‍ ഇവര്‍ ചെയ്തുവെന്ന് പൊലീസ്.

പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്ന ജ്യോതി, പാക്കിസ്ഥാനിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് അവയെപ്പറ്റി റീല്‍സുകളും വിഡിയോകളും ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ആ വീഡിയോകള്‍ ലക്ഷക്കണക്കിന് പേരാണ് സമൂഹമാധ്യമങ്ങളിലൂടെ കണ്ടത്. ഇത് ഇന്ത്യക്കാര്‍ക്കിടയില്‍ പാക്കിസ്ഥാനെപ്പറ്റി പോസിറ്റീവ് ഇമേജ് ഉണ്ടാക്കാന്‍ ഉപകരിക്കുമെന്നായിരിക്കാം പാക് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.

ഹരിയാണ സ്വദേശിയായ ട്രാവല്‍ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര(33)യാണ് പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനില്‍ സംഘടിപ്പിച്ച ഇഫ്താര്‍വിരുന്നിലും യുവതി പങ്കെടുത്തിരുന്നു. ഇതിന്റെ വീഡിയോയും യുവതി തന്റെ യൂട്യൂബ് ചാനലായ ‘ട്രാവല്‍ വിത്ത് ജോ’യിലൂടെ പങ്കുവെച്ചിരുന്നു.

പാകിസ്ഥാനിലെ ശ്രീ കടാസ് രാജ് ക്ഷേത്രം ഉള്‍പ്പടെയുള്ള നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ജ്യോതി മൽഹോത്ര അതിനെപ്പറ്റിയെല്ലാം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ഗേള്‍ ഗോയിങ് പാക്കിസ്ഥാന്‍ എന്ന തമ്പ് നൈലോടെ നിരവധി കണ്ടന്‍റുകളാണ് അവര്‍ ഇന്‍സ്റ്റഗ്രാമിലുള്‍പ്പടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പാക് ഹൈക്കമ്മീഷനിലെ സ്റ്റാഫ് അംഗമായിരുന്ന ഡാനിഷുമായി യുവതി സംസാരിക്കുന്നതും സൗഹൃദം പങ്കിടുന്നതുമെല്ലാം വീഡിയോയിലുണ്ട്. ഇയാളെയും ഭാര്യയെയും യുവതി വീട്ടിലേക്ക് ക്ഷണിക്കുന്നതും വീഡിയോയില്‍ കാണാം. ചാരവൃത്തി നടത്തിയതിന് ഇന്ത്യയില്‍നിന്ന് പുറത്താക്കിയ പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനാണ് ഇഹ്‌സാനുറഹീം എന്ന ഡാനിഷ്.

പൊലീസ്. വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചാണ് പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങൾ അവര്‍ പങ്കുവെച്ചിരുന്നത്. 2023ലും കഴിഞ്ഞ വര്‍ഷവും ഇവര്‍ പാകിസ്ഥാൻ സന്ദർശിച്ചിരുന്നു. 2023ൽ പാകിസ്ഥാനിലേക്കുള്ള ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായി തന്നെയും തിരഞ്ഞെടുത്തുവെന്നും അങ്ങനെയാണ് പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചതെന്നുമാണ് ചോദ്യം ചെയ്യലിൽ അവർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

പാക് സന്ദർശന വേളയിൽ, ഡാനിഷ് എന്ന് അറിയപ്പെടുന്ന അഹ്‌സാൻ-ഉർ-റഹീം എന്നയാളെ കണ്ടുമുട്ടി. ഇന്ത്യയിലേക്ക് മടങ്ങിയ ശേഷവും വാട്ട്‌സ്ആപ്പ് വഴിയും മറ്റ് മെസേജിംഗ് ആപ്പുകൾ വഴിയും ബന്ധം തുടർന്നെന്ന് എഫ്ഐആറില്‍ പറയുന്നു.

യൂട്യൂബില്‍ 3.70 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സും ഇന്‍സ്റ്റഗ്രാമില്‍ 1.32 ലക്ഷം ഫോളോവേഴ്‌സുമുള്ള ട്രാവല്‍ വ്‌ളോഗറാണ് ജ്യോതി മല്‍ഹോത്ര. അതേസമയം, മകളെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ജ്യോതിയുടെ പിതാവ് ഹരീഷ് മല്‍ഹോത്ര മാധ്യമങ്ങളോട് പ്രതികരിച്ചു. ആവശ്യമായ എല്ലാ അനുമതിയും ലഭിച്ചശേഷം സാധുവായ വിസ സഹിതമാണ് മകള്‍ പാകിസ്താനിലേക്ക് പോയതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് മകളോട് സംസാരിച്ചിരുന്നു. പപ്പ, എനിക്ക് സുഖമാണ്, എന്നെ തെറ്റായി കേസില്‍പ്പെടുത്തിയതാണ് എന്നാണ് മകള്‍ പറഞ്ഞതെന്നും അദ്ദേഹം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *