Health

അടുക്കളയില്‍ ഇത് ചെറിയ കാര്യം, ശ്രദ്ധിക്കൂ, ഭക്ഷ്യവിഷബാധയിൽ നിന്ന് രക്ഷപ്പെടാം

ഭക്ഷ്യവിഷബാധ പൊതുവെ ഹോട്ടലുകളില്‍ നിന്നാണ് ബാധിയ്ക്കുകയെന്നാണ് പലരും കരുതുന്നത്. എന്നാല്‍ കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്യാതെ ഇരുന്നാല്‍ നമ്മുടെ വീട്ടില്‍ നിന്നും ഭക്ഷ്യവിഷബാധ ഉണ്ടാകാം. ഉപദ്രവകാരികളായ ബാക്ടീരിയ, വൈറസുകള്‍, പരാദജീവികള്‍ ചില രാസവസ്തുക്കള്‍ തുടങ്ങിയവയാല്‍ മലിനമാക്കപ്പെട്ട ഭക്ഷണം കഴിക്കുന്നതു മൂലമാണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്. ഉദരത്തിലുണ്ടാകുന്ന ചെറിയ അസ്വസ്ഥതകള്‍ മുതല്‍ ജീവനു തന്നെ അപകടമായേക്കാവുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഭക്ഷ്യവിഷബാധ കാരണമാകും. ഭക്ഷ്യവിഷബാധ ഉണ്ടാകാതിരിയ്ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാം…..

  • ശുദ്ധീകരിച്ച വെളളം കുടിക്കാം – മലിനജലമാണ് ഭക്ഷ്യജന്യരോഗങ്ങളുടെ പ്രധാന ഉറവിടം. ബാക്ടീരിയകളെയും പാരസൈറ്റുകളെയും നീക്കാന്‍ തിളപ്പിച്ചതോ ഫില്‍റ്റര്‍ ചെയ്തതോ ആയ വെള്ളം ഉപയോഗിക്കുക. യാത്ര ചെയ്യുമ്പോള്‍ വിശ്വസ്തരായ ബ്രാന്‍ഡിന്റെ കുപ്പി വെള്ളം കയ്യില്‍ കരുതുക.
  • കൈകള്‍ ഇടയ്ക്കിടെ നന്നായി കഴുകുക – ഭക്ഷ്യജന്യരോഗങ്ങള്‍ തടയാനുള്ള ഏറ്റവും പ്രധാനപ്പെട്ട പടിയാണ് കൈകളുടെ ശുചിത്വം. ഭക്ഷണം കഴിക്കുന്നതിനു മുന്‍പും, റെസ്റ്റ് റൂം ഉപയോഗിച്ചതിനു ശേഷവും വേവിക്കാത്ത ഇറച്ചിയോ കഴുകാത്ത വസ്തുക്കളോ തൊടുന്നതിന് മുന്‍പ് എല്ലായ്‌പ്പോഴും കൈകള്‍ സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കുറഞ്ഞത് ഇരുപതു സെക്കന്റ് എങ്കിലും കഴുകുക.
  • എക്‌സ്പയറി ഡേറ്റ് നോക്കാം – ഉപയോഗിക്കാന്‍ സുരക്ഷിതമല്ലാത്തതു കൊണ്ടോ മലിനമായതു കൊണ്ടോ ഒരു ഉല്‍പന്നം വിപണിയില്‍ നിന്നു തിരിച്ചെടുക്കും. അത്തരത്തില്‍ ഉള്ള ഉല്‍പന്നമാണോ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുവാണോ എന്ന് എപ്പോഴും പരിശോധിക്കുക. ഇവയെല്ലാം ശ്രദ്ധിച്ചാല്‍ ഭക്ഷ്യജന്യരോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാം. സുരക്ഷിതമായ ഒരു ഭക്ഷണാന്തരീക്ഷം ഇതുവഴി സൃഷ്ടിക്കാനുമാവും.
  • മലിനവസ്തുക്കള്‍ പകരുന്നത് ഒഴിവാക്കാം – വേവിക്കാത്ത ഭക്ഷണത്തില്‍ നിന്നും വേവിച്ചതോ റെഡി ടു ഈറ്റ് ആയതോ ആയ ഭക്ഷണങ്ങളിലേക്ക് ഉപദ്രവകാരികളായ ബാക്ടീരിയകള്‍ പടരാം. ഇതാണ് ക്രോസ് കണ്ടാമിനേഷന്‍. ഇത് ഒഴിവാക്കണം. ഇതിനായി വേവിക്കാത്ത ഇറച്ചി, പൗള്‍ട്രി, സീഫുഡ് തുടങ്ങിയവ പഴങ്ങള്‍, പച്ചക്കറികള്‍, റെഡി ടു ഈറ്റ് ഭക്ഷണങ്ങള്‍ എന്നിവയില്‍ നിന്ന് അകറ്റി വയ്ക്കണം. ഈ മുന്‍കരുതലുകള്‍ എടുക്കുന്നതു വഴി ഒരു ഭക്ഷണത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ബാക്ടീരിയകള്‍ വ്യാപിക്കുന്നത് തടയാം.
  • സുരക്ഷിതമായ താപനിലയില്‍ ഭക്ഷണം സൂക്ഷിക്കാം – ബാക്ടീരിയയുടെ വളര്‍ച്ച തടയാന്‍ വേഗം കേടുവരുന്ന ഭക്ഷണങ്ങള്‍ ശരിയായ താപനിലയില്‍ സൂക്ഷിക്കാം. കേടുവരുന്ന ഭക്ഷണങ്ങള്‍ രണ്ടു മണിക്കൂറില്‍ കൂടുതല്‍ (ചൂട് കാലാവസ്ഥ ആണെങ്കില്‍ ഒരു മണിക്കൂര്‍) പുറത്തു വയ്ക്കരുത്. ഭക്ഷണം വൃത്തിയായി അടച്ചു സൂക്ഷിക്കണം. ഇത് മറ്റു വസ്തുക്കളില്‍ നിന്ന് മലിനവസ്തുക്കള്‍ പടരുന്നത് ഒഴിവാക്കാന്‍ സഹായിക്കും.
  • പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകാം – പഴങ്ങളിലും പച്ചക്കറികളിലും ബാക്ടീരിയ, അഴുക്കുകള്‍, കീടനാശിനികള്‍ തുടങ്ങിയവ കാണും. ഇവ ഉപയോഗിക്കുന്നതിനു മുന്‍പ് വൃത്തിയായി കഴുകണം. ഒഴുകുന്ന വെള്ളത്തില്‍ നന്നായി ഉലച്ചു കഴുകണം. ഒരു ബൗളില്‍ വെള്ളമെടുത്ത് അതിലിട്ടുവയ്ക്കരുത്. കാരണം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മലിനവസ്തുക്കള്‍ പടരും.
  • സ്ട്രീറ്റ്ഫുഡ് സൂക്ഷിച്ചുപയോഗിക്കുക – ഇന്ത്യയില്‍ സ്ട്രീറ്റ്ഫുഡിന് ഏറെ പ്രചാരമുണ്ട്. എന്നാല്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ ഇവ ഒരുപോലെ സുരക്ഷിതമല്ല. വൃത്തിയുള്ള, ചൂടായ ഭക്ഷണം നല്‍കുന്ന, ഫ്രഷ് ആയി ഉണ്ടാക്കിയ ഭക്ഷണം നല്‍കുന്ന കടകള്‍ തെരഞ്ഞെടുക്കുക. വേവിക്കാത്തതോ പകുതി വേവിച്ചതോ ആയ ഭക്ഷണം ഒഴിവാക്കണം.
  • അടുക്കളത്തട്ടും പാത്രങ്ങളും വൃത്തിയായി സൂക്ഷിക്കുക – മലിനമായ ഇടങ്ങളില്‍ നിന്ന് ഭക്ഷ്യവസ്തുക്കളിലേക്ക് അണുക്കള്‍ വ്യാപിക്കാം. അതുകൊണ്ടു തന്നെ ശരിയായി വൃത്തിയാക്കേണ്ടത് ആവശ്യമാണ്. അടുക്കളയുടെ കൗണ്ടര്‍ ടോപ്പ് അണുവിമുക്തമാക്കുക. ഒപ്പം കട്ടിങ്ങ് ബോര്‍ഡ്, പാത്രങ്ങള്‍ ഇവയും പതിവായി ഏതെങ്കിലും ആന്റി ബാക്ടീരിയല്‍ സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് അണുവിമുക്തമാക്കുക.

Leave a Reply

Your email address will not be published. Required fields are marked *