പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ അമ്പത്തിമൂന്നുകാരന് മൂന്ന് ജീവപര്യന്തം തടവും 5,35,000 രൂപ പിഴയും 12 വര്‍ഷം കഠിനതടവും. കൊന്നത്തടി ഇഞ്ചപാതല്‍ നെല്ലിക്കുന്നേല്‍ കുമാര്‍ എന്നു വിളിക്കുന്ന ലെനിന്‍ കുമാറിനെയാണ് ഇടുക്കി അതിവേഗ കോടതി ജഡ്‌ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്.
2020 ലാണ് കേസിനാസ്‌പദമായ സംഭവം. മുതിരപ്പുഴയാറില്‍ കുളിക്കാനെത്തിയ പെണ്‍കുട്ടിയെ പരിസരത്തുള്ള പാറയുടെ മറവില്‍ കൊണ്ടുപോയി പ്രതി പീഡിപ്പിച്ചതായാണു കേസ്.
സംഭവശേഷം ശാരീരിക അസ്വസ്‌ഥതയോടെ ആശുപത്രിയിലെത്തിയ കുട്ടിയെ ഡോക്‌ടര്‍ പരിശോധിച്ചപ്പോഴാണു ഗര്‍ഭിണിയാണെന്നറിഞ്ഞത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പ്രതി മരണം വരെ ജയിലില്‍ കഴിയണമെന്ന് കോടതി പ്രത്യേകം വ്യക്‌തമാക്കി. 21 സാക്ഷികളെയും 28 പ്രമാണങ്ങളും ഒരു തൊണ്ടിമുതലും പ്ര?സിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പിഴയൊടുക്കുന്ന പക്ഷം പിഴത്തുക പെണ്‍കുട്ടിക്കു നല്‍കാനും അല്ലാത്തപക്ഷം മൂന്നര വര്‍ഷം അധികത്തടവ് അനുഭവിക്കണമെന്നും ശിക്ഷാവിധിയില്‍ പറയുന്നു. കുട്ടിക്ക് മതിയായ നഷ്‌ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി ശുപാര്‍ശ ചെയ്‌തു. 2020 ല്‍ വെള്ളത്തൂവല്‍ പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസിന്റെ അന്വേഷണം അന്നത്തെ ഇന്‍സ്‌പെക്‌ടര്‍ ആര്‍. കുമാറിന്റെ നേതൃത്വത്തിലായിരുന്നു.
കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട മറ്റു രണ്ടു കേസുകളിലെ പ്രതികള്‍ക്ക് രണ്ടാഴ്‌ചക്കുള്ളില്‍ ഇതേ കോടതി ഇരട്ട ജീവപര്യന്തവും മരണം വരെ ശിക്ഷയും വിധിച്ചിരുന്നു. ഈ കേസിലെ പ്രതിയും യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വ്യക്‌തമാക്കി.