നടപ്പ് പാര്‍ലമെന്റിന്റെ അവസാനത്തോടെ രാജ്യത്തെ നെറ്റ് മൈഗ്രേഷന്‍ ഗണ്യമായി കുറയ്‌ക്കുമെന്ന് യു.കെ. പ്രധാനമന്ത്രി കെയ്‌ര്‍ സ്‌റ്റാമര്‍. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റ മോഹികള്‍ക്കു വലിയ തിരിച്ചടി സമ്മാനിക്കുന്നതാണ് ഈ പ്രഖ്യാപനം.
പുതിയ നയത്തോടെ, പൗരത്വം ലഭിക്കാന്‍ ഇപ്പോള്‍ ബാധകമായതിന്റെ ഇരട്ടി കാലം കുടിയേറ്റക്കാര്‍ക്കു ബ്രിട്ടനില്‍ താമസിക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി തുടര്‍ന്നു പറഞ്ഞു. അപരിമിത താമസ അനുവാദം (Indefinite Leave to Remain) അനുവദിക്കുന്നതിനുള്ള വിസ താമസ കാലയളവ് അഞ്ചു വര്‍ഷത്തില്‍ നിന്നു പത്തു വര്‍ഷത്തിലേയ്ക്ക് ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങളാണ് പുതിയ പ്രഖ്യാപനത്തിലുള്ളത്. ‘ഇതു കുടിയേറ്റത്തെക്കുറിച്ചുള്ള ധവളപത്രം മാത്രമല്ല. നൈപുണ്യത്തിലേക്കും പരിശീലനത്തിലേക്കും വിരല്‍ ചൂണ്ടുന്ന ഒന്നു കൂടിയാണ്.’
വിദ്യാര്‍ഥി വിസകളിലെത്തി സ്ഥിരതാമസത്തിലേക്കു മാറുന്നതിന്റെ എണ്ണത്തിലെ വര്‍ധന ചൂണ്ടിക്കാട്ടി സ്റ്റുഡന്റ് ഫീ വര്‍ധിപ്പിക്കുന്നതും നിര്‍ദേശങ്ങളിലുണ്ട്. പഠന ശേഷം രണ്ടു വര്‍ഷം തുടരാന്‍ അനുവദിച്ചിരുന്നത് ഇനി 18 മാസമാക്കി കുറയ്ക്കുന്നതിനുള്ള നിര്‍ദേശവുമുണ്ട്. അതേ സമയം ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതോടെ വൃദ്ധ പരിചരണം ഉള്‍പ്പടെയുള്ള മേഖലകളില്‍ കടുത്ത തൊഴിലാളി ക്ഷാമത്തിനുള്ള സാധ്യതയുണ്ടാക്കുമെന്നു വിദഗ്ധര്‍ പറയുന്നു.
യു.കെയിലേക്കു കുടിയേറുന്നവരുടെ എണ്ണത്തിനു പരിധി വയ്‌ക്കാന്‍ പ്രധാനമന്ത്രി വിസമ്മതിച്ചു എന്നത് മാത്രമാണ് ഏക ആശ്വാസം.
കുടിയേറ്റം നിയന്ത്രിക്കുന്നതിനു പിന്നിലെ ഉദ്ദേശ്യം ‘രാജ്യം അപരിചിതരുടെ ദ്വീപായി’ മാറുന്നത് തടയുക എന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2019 നും 2023 നും ഇടയില്‍, കുടിയേറ്റം കുറയ്‌ക്കുമെന്ന് പലരും കൊട്ടിഘോഷിച്ചെങ്കിലും നെറ്റ് മൈഗ്രേഷന്‍ നാലിരട്ടിയായി വര്‍ധിക്കുകയാണുണ്ടായതെന്നും മുന്‍ സര്‍ക്കാരിനെ ഉന്നംവച്ച് പ്രധാനമന്ത്രി ആരോപിച്ചു.
സാമ്പത്തിക സ്‌തംഭനത്തിനിടയില്‍ വളര്‍ച്ചയ്‌ക്കു പ്രചോദനം നല്‍കുക എന്നതാണ് പ്രഥമ ലക്ഷ്യമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഉയര്‍ന്ന കുടിയേറ്റം ഉയര്‍ന്ന വളര്‍ച്ചയ്‌ക്ക് വഴിമാറുമെന്ന സിദ്ധാന്തം സ്‌റ്റാമര്‍ പൊളിച്ചടുക്കി. ഈ സിദ്ധാന്തം കഴിഞ്ഞ നാല് വര്‍ഷമായി പരീക്ഷിക്കപ്പെട്ടതാണ്. പക്ഷേ, അങ്ങനെയൊന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്നും സ്‌റ്റാമര്‍ പറഞ്ഞു.
യു.കെയിലേക്കുള്ള കുടിയേറ്റക്കാരുടെ വരവും അവിടെനിന്നുള്ള കുടിയേറ്റക്കാരുടെ ഒഴുക്കും കൂട്ടിക്കിഴിക്കുമ്പോള്‍ കിട്ടുന്നതാണ് നെറ്റ് മൈഗ്രേഷന്‍. ഈ നെറ്റ് മൈഗ്രേഷന്‍ അടുത്ത പൊതുതെരഞ്ഞെടുപ്പ് വരെ പ്രതിവര്‍ഷം കുറഞ്ഞുവരുമോ എന്ന ചോദ്യത്തിന് സ്‌റ്റാമര്‍ മറുപടി നല്‍കിയില്ല. പക്ഷേ, ഈ പാര്‍ലമെന്റിന്റെ അവസാനത്തോടെ അത് കുറയുമെന്ന് പ്രധാനമന്ത്രി സ്‌ഥിരീകരിച്ചു.