ഏഷ്യാ കപ്പ് സൂപ്പര്‍ഫോറില്‍ ഇന്ത്യ-പാകിസ്താന് മത്സരത്തിനിടെ മെന്‍ ഇന്‍ ബ്ലൂവിന്റെ ജേഴ്സി അണിഞ്ഞ് ഇന്ത്യയെ പിന്തുണച്ച് ഗാലറിയില്‍ പ്രത്യക്ഷപ്പെട്ട നിഗൂഢ സുന്ദരി ആരാണെന്നാണ് രണ്ടു ദിവസമായി സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്ന ചോദ്യം. എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ആ പെണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തി. അത് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സുന്ദരിയാണെന്നാണ് കണ്ടെത്തല്‍.
യുഎഇ യില്‍ താമസിക്കുന്ന സാമൂഹിക പ്രവര്‍ത്തകയും ഫാഷന്‍ സംരംഭകയും വനിതാ ശാക്തീകരണം ഉള്‍പ്പെടെയുള്ള സാമൂഹ്യ മാറ്റങ്ങള്‍ക്കായി വാദിക്കുന്ന വാഷ്മ അയൂബിയാണ് ഇന്ത്യയ്ക്ക് പിന്തുണയുമായി കഴിഞ്ഞദിവസം ശ്രീലങ്കന്‍ ഗ്യാലറിയില്‍ തിളങ്ങിയത്. അഫ്ഗാനിസ്ഥാന്‍കാരിയായ അവര്‍ ഇപ്പോള്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ദുബായിലാണ് താമസിക്കുന്നത്.
ടീം ഇന്ത്യയെ പിന്തുണയ്ക്കുന്ന ചിത്രങ്ങളും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അവര്‍ പങ്കുവച്ചിട്ടുണ്ട്. ഫാഷന്‍ ലോകത്ത് സ്വന്തം ഇടം സൃഷ്ടിച്ചിട്ടുള്ള വാസ്മയ്ക്ക് എക്സില്‍ 107.6 കെ ഫോളോവേഴ്സും ഇന്‍സ്റ്റാഗ്രാമില്‍ 582 കെ ഫോളോവേഴ്സുമുണ്ട്. സ്പോര്‍ട്സ് പ്രേമിയായ അവര്‍ ടീം ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും പിന്തുണയ്ക്കുന്നു. ഇന്ത്യയെ പിന്തുണച്ച് നിരവധി ട്വീറ്റുകള്‍ അയൂബി പങ്കുവച്ചിട്ടുണ്ട്. രണ്ടു ടീമുകളും തമ്മില്‍ കളിക്കുമ്പോള്‍ രണ്ടും നമ്മുടെ ടീമാണെന്ന് അവര്‍ പറയും.