പകല്‍ സമയത്തും ഒട്ടും ഉന്മേഷം ഇല്ലാതെ ഉറക്കം തൂങ്ങി നടക്കുന്നത് ശരീരത്തിന്റെ അവശതയെ തന്നെയാണ് സൂചിപ്പിയ്ക്കുന്നത്. പകല്‍ സമയത്ത് ഇടയ്‌ക്കൊക്കെ ഉറക്കം വരുന്നത് അത്ര വലിയ പ്രശ്‌നമല്ല. എന്നാല്‍ പകല്‍ മുഴുവന്‍ വലിയ ക്ഷീണവും ഉന്മേഷക്കുറവും നല്ലതല്ല. പകല്‍ മുഴുവന്‍ കടുത്ത ക്ഷീണവും ഉറക്കംതൂങ്ങുന്ന അവസ്ഥയും ഉണ്ടാകുന്നതിനെ ഹൈപ്പര്‍ സോമ്‌നിയ എന്നാണ് പറയുന്നത്. പകല്‍ സമയത്ത് ഉറക്കം തൂങ്ങുന്നതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം….
ശ്വസനവ്യായാമങ്ങള്‍ ശീലമാക്കാം – ദീര്‍ഘമായി ശ്വസിക്കുന്നത് ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കും. ഇത് ശ്രദ്ധകേന്ദ്രീകരിക്കാന്‍ സഹായിക്കുന്നതോടൊപ്പം ഊര്‍ജവും ഏകും. യോഗിക് ബ്രീത്തിങ്ങ് പോലുള്ള ശ്വസനവ്യായാമങ്ങള്‍ പരിശീലിക്കുന്നത് ദിവസം മുഴുവന്‍ ഉന്മേഷം നിലനിര്‍ത്താന്‍ സഹായിക്കും.
ആരോഗ്യകരമായ ലഘുഭക്ഷണം – മധുരമുള്ള ലഘുഭക്ഷണങ്ങള്‍ പെട്ടെന്ന് ഊര്‍ജമേകാന്‍ സഹായിക്കും. എന്നാല്‍ അല്‍പസമയം കഴിഞ്ഞാല്‍ ഇത് ക്ഷീണമുണ്ടാക്കും. നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയ യോഗര്‍ട്ട്, നട്‌സ്, ബെറിപ്പഴങ്ങള്‍, പീനട്ട് ബട്ടര്‍, മുഴുധാന്യങ്ങള്‍ തുടങ്ങിയവ ലഘുഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
പതിവാക്കാം വ്യായാമം – ഊര്‍ജനില മെച്ചപ്പെടുത്താന്‍ മാത്രമല്ല നല്ല ഉറക്കം ലഭിക്കാനും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക വഴി സാധിക്കും. പതിനഞ്ച് മിനിറ്റ് എങ്കിലും നടക്കുന്നത് ആലസ്യവും മടുപ്പും അകറ്റാന്‍ സഹായിക്കും.
കാപ്പിയുടെ അളവ് കുറയ്ക്കാം – കാപ്പി, ചായ, സോഡ ഇവയെല്ലാം നമ്മളെ ജാഗ്രതയുള്ളവരാക്കും. എന്നാല്‍ കഫീന്‍ കൂടിയ അളവില്‍ ശരീരത്തിലെത്തിയാല്‍ അത് രാത്രിയിലെ ഉറക്കത്തെ ബാധിക്കും. അതുകൊണ്ടു തന്നെ വൈകുന്നേരത്തെ കാപ്പികുടി ഒഴിവാക്കാം.
ചെറുമയക്കം – പകല്‍ സമയത്ത് പത്തോ ഇരുപതോ മിനിറ്റ് ചെറുതായി മയങ്ങുന്നത് ഊര്‍ജം നല്‍കും. എന്നാല്‍ കൂടുതല്‍ സമയം പകല്‍ ഉറങ്ങുന്നത് രാത്രിയിലെ ഉറക്കത്തെ തടസ്സപ്പെടുത്തും. പകല്‍ കുറച്ചു സമയം മാത്രം ഉറങ്ങാന്‍ ശ്രദ്ധിക്കുക. എങ്കില്‍ രാത്രി 6 മുതല്‍ 7 മണിക്കൂര്‍ വരെ നന്നായി ഉറങ്ങാന്‍ സാധിക്കും.
* സ്‌ക്രീന്‍ ടൈം കുറയ്ക്കാം – ടിവി, ഫോണ്‍, കംപ്യൂട്ടര്‍ തുടങ്ങി സ്‌ക്രീനുകള്‍ക്കു മുന്‍പില്‍ മണിക്കൂറുകളോളം ചെലവഴിക്കുന്നത് കണ്ണിന് ആയാസം ഉണ്ടാക്കുകയും ഉറക്കം തൂങ്ങുന്ന അവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യും. കണ്ണുകള്‍ക്ക് വിശ്രമം കൊടുക്കാന്‍ സ്‌ക്രീനിനു മുന്നില്‍ നിന്ന് കൃത്യമായ ഇടവേളകള്‍ എടുക്കുക. ഒപ്പം സ്‌ക്രീന്‍ ടൈം കുറയ്ക്കുകയും ചെയ്യുക.
വെയില്‍ കൊള്ളാം – രാവിലെ കുറഞ്ഞത് അരമണിക്കൂറെങ്കിലും വെയില്‍ കൊള്ളുന്നത് ഉറക്കം മെച്ചപ്പെടുത്തും. പകല്‍ മുഴുവന്‍ ഉന്മേഷം നിലനിര്‍ത്താനും ഇതുവഴി സാധിക്കും.
കൃത്യസമയത്ത് ഉറങ്ങാം – ദിവസവും കൃത്യസമയത്ത് ഉറങ്ങാന്‍ കിടക്കുകയും ഉണരുകയും ചെയ്യുക. ഇങ്ങനെ ചിട്ട വരുത്തുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. കിടപ്പുമുറിയില്‍ ടിവി കാണുന്നതും ഫോണ്‍ നോക്കുന്നതും ഒഴിവാക്കുക.
വെള്ളം കുടിക്കാം – നിര്‍ജലീകരണം ക്ഷീണമുണ്ടാക്കും. പകല്‍ മുഴുവന്‍ ആവശ്യത്തിന് വെള്ളം കുടിക്കണം. പ്രത്യേകിച്ച് ശാരീരികപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടശേഷവും ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.
നിയന്ത്രിക്കാം സമ്മര്‍ദം – സമ്മര്‍ദം (Stress) ഉണ്ടെങ്കില്‍ കടുത്ത ക്ഷീണവും ഉറക്കവും വരാം. സമ്മര്‍ദം ഉന്മേഷമില്ലായ്മയ്ക്ക് കാരണമാകുന്നതിനാലാണിത്. സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന യോഗ, ധ്യാനം തുടങ്ങിയവ പരിശീലിക്കാം. ഒപ്പം പാട്ടുകേള്‍ക്കുന്നതും വായിക്കുന്നതും സമ്മര്‍ദം അകറ്റാന്‍ സഹായിക്കും.