Hollywood

ഹോളിവുഡിലെ ഏറ്റവും വലിയ പണംവാരി പടത്തില്‍ ബാര്‍ബി; തൊട്ടുപിന്നാലെ സഹപ്രവര്‍ത്തകരുടെ സമരത്തിലും നായിക

മാസങ്ങള്‍ക്ക് മുമ്പ് ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ സിനിമയില്‍ നായികയായതിന് തൊട്ടുപിന്നാലെ ബാര്‍ബി നടി മാര്‍ഗോട്ട് റോബി സഹ അഭിനേതാക്കളോടൊപ്പം അവകാശപോരാട്ടത്തിലും ചേര്‍ന്നു. ഹോളിവുഡില്‍ സിനിമാ പ്രവര്‍ത്തകരുടെ സംഘടന നടത്തുന്ന സമരങ്ങളില്‍ പങ്കാളിയായി ബുധനാഴ്ച നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് പാരാമൗണ്ട് സ്റ്റുഡിയോയിലേക്ക് നടന്ന വെസ്റ്റ് ഹോളിവുഡിലെ പ്രതിഷേധക്കാരുടെ മാര്‍ച്ചിനൊപ്പം നടിയും പങ്കെടുത്തു. ഹോളിവുഡ് അഭിനേതാക്കളും എഴുത്തുകാരും 60 വര്‍ഷത്തിലേറെയായി തങ്ങളുടെ ആദ്യത്തെ ‘ഇരട്ട പണിമുടക്കില്‍’ ഒന്നിച്ചുനില്‍ക്കുകയാണ്. റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്ക മെയ് മാസത്തില്‍ പണിമുടക്കാന്‍ തുടങ്ങി, തുടര്‍ന്ന് ജൂലൈ 14-ന് അഭിനേതാക്കളെ പ്രതിനിധീകരിക്കുന്ന യൂണിയനായ സാഗ് – ആഫ്ട്രയും സമരത്തില്‍ പങ്കാളിയായി. പ്രമുഖ സിനിമകളുടെയും ടെലിവിഷന്‍ ഷോകളുടെയും നിര്‍മ്മാണം നിലച്ചിരിക്കുന്നത് വിനോദ വ്യവസായത്തിന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. സമരക്കാര്‍ക്കൊപ്പം ഏറെ ആവേശത്തോടെയാണ് മാര്‍ഗോട്ടും പങ്കെടുത്തത്. കൂടുതല്‍ വലിപ്പമുള്ള വെള്ള സാഗ് – ആഫ്ട്ര. ടീ-ഷര്‍ട്ടും, താഴേക്ക് പോന്ന മുടിയും, സ്‌റ്റൈലിഷ് സണ്ണികളും മാര്‍ഗോട്ട് ധരിച്ചിരുന്നു. തന്റെ പോസ്റ്റര്‍ തലയ്ക്ക് മുകളില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, വെളുത്ത നിറത്തിലുള്ള ഷൂസ് ധരിച്ച് അവള്‍ തെരുവിലൂടെ നടന്നു. മാര്‍ഗോട്ടിന് തൊട്ടുപിന്നില്‍ പച്ച ഷോര്‍ട്ട്സും വെള്ള തൊപ്പിയും ധരിച്ച് സഹ ഓസ്ട്രേലിയന്‍ നടി സമര വീവിംഗും ഉ്ണ്ടായിരുന്നു. ബാര്‍ബിയുടെ പ്രചരണാര്‍ത്ഥം ലോകം ചുറ്റിയതിന് മാസങ്ങള്‍ക്ക് ശേഷമാണ് മാര്‍ഗോട്ട് പിക്കറ്റ് ലൈനില്‍ പ്രത്യക്ഷപ്പെടുന്നത്. തിയേറ്ററുകളില്‍ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷം 2023-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി ഇത് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജൂലൈയില്‍ റിലീസ് ചെയ്തതിനുശേഷം ചിത്രം 1.36 ബില്യണ്‍ ഡോളര്‍ നേടിയതായി വെറൈറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ണര്‍ ബ്രദേഴ്സിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായും ഇത് മാറി. മാര്‍ഗോ റോബിയെ ടൈറ്റില്‍ കഥാപാത്രമായും റയാന്‍ ഗോസ്ലിംഗ് ‘ബോയ്ഫ്രണ്ട്’ കെന്നായും അഭിനയിച്ച ചിത്രം, 1.31 ബില്യണ്‍ ഡോളര്‍ സമ്പാദിച്ച 2011-ലെ ഹാരി പോട്ടര്‍ ആന്‍ഡ് ദി ഡെത്ത്ലി ഹാലോസ്: പാര്‍ട്ട് 2 സ്ഥാപിച്ച റെക്കോര്‍ഡ് തകര്‍ത്തു. സേവന വേതന വ്യവസ്ഥകളും മറ്റു സൗകര്യങ്ങളും എഐ സാങ്കേതിക വിദ്യ സിനിമയിലേക്ക് എത്തുന്നതുമെല്ലാം ഉയര്‍ത്തിയാണ് സിനിമാക്കാര്‍ സമരവുമായി എത്തിയിരിക്കുന്നത്.