കുഞ്ഞ് ഭക്ഷണം കഴിക്കുന്നില്ല, കുഞ്ഞിന് വിശപ്പില്ല എന്ന് പരാതി പറയാത്ത ഒരു അമ്മ പോലും ഉണ്ടാവില്ല. മിക്ക അമ്മമാരേയും അലട്ടുന്ന പ്രശ്നം തന്നെയാണ് കുട്ടികള്‍ ശരിയായി ഭക്ഷണം കഴിക്കാത്തത്.
എന്നാല്‍ ഇതില്‍ ഇത്രയും ആശങ്കപ്പെടേണ്ട കാര്യമുണ്ടോ എന്നാണ് ശിശുരോഗ വിദഗ്ധര്‍ ചോദിക്കുന്നത്. അമ്മമാരുടെ ഈ വേവലാതിക്ക് ഉത്തരമുണ്ട്. എങ്ങനെയാണ് കുട്ടിയെ ഭക്ഷണം കഴിപ്പിക്കേണ്ടത്, ഏതൊക്കെ സമയത്ത്, എന്ത് പറഞ്ഞ് അവരെ വശത്താക്കണം ഇതിനെല്ലാം മാര്‍ഗ്ഗമുണ്ട്.
ഭക്ഷണം കഴിക്കാനായി പലരും കുട്ടിയെ കണ്ണുരുട്ടി പേടിപ്പിച്ചും വടിയെടുത്തു വഴക്കുപറഞ്ഞും പേടിപ്പിച്ചുവച്ചിരിക്കുകയാവും. അതുകൊണ്ടുതന്നെ കുട്ടിക്ക് ഭക്ഷണം കഴിക്കുന്ന സമയത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ പേടിയായിരിക്കും. അതുപോലെ തന്നെ എങ്ങനെയെങ്കിലും കഴിക്കുന്ന സമയം ഒന്നുകഴിഞ്ഞ് കിട്ടിയാല്‍ മതിയെന്ന ചിന്തയും.
ആവലാതി വേണോ?
കുഞ്ഞ് ഭക്ഷണം കഴിക്കുന്നില്ല, ഉണ്ടെങ്കിലും അവന് കഴിച്ചത് മതിയായിട്ടുണ്ടാവില്ല എന്നൊക്കെ വിചാരിക്കുന്നവര്‍ ഒന്നു മനസിലാക്കണം. വിശപ്പുണ്ടെങ്കില്‍ കുഞ്ഞുങ്ങള്‍ താനേ ഭക്ഷണം കഴിച്ചുകൊള്ളും. അതിനവരെ തല്ലുകയും കൊല്ലുകയുമൊന്നും വേണ്ട. മുതിര്‍ന്നവരെപ്പോലെ തന്നെ കുട്ടികള്‍ക്കും ഭക്ഷണം കഴിക്കാതെ പിടിച്ചുനില്‍ക്കാനാവില്ല.
വിശപ്പുണ്ടെങ്കില്‍ കുഞ്ഞ് കഴിക്കും. നമ്മള്‍ പാത്രത്തിലെടുക്കുന്ന അത്രയും ഭക്ഷണം കുട്ടി കഴിച്ചിരിക്കണം എന്ന് വാശിപിടിക്കുന്നത് ശരിയല്ല. നിര്‍ബന്ധിച്ച്, പേടിപ്പിച്ച് കഴിപ്പിച്ചാല്‍ ഭക്ഷണത്തോട് വെറുപ്പും തോന്നും. സ്നേഹത്തോടെയും സൗഹൃദത്തോടെയും കുട്ടിയെ അടുത്തുവിളിച്ചിരുത്തി ഭക്ഷണം കൊടുത്തുനോക്കൂ.
കുഞ്ഞിന് ആവശ്യത്തിന് തൂക്കവും കളിയും ചിരിയുമൊക്കെയുണ്ടെങ്കില്‍ ഇത്തരം ആശങ്കയുടെയൊന്നും കാര്യമേയില്ല. അപ്പുറത്തെ വീട്ടിലെ കുട്ടിയെ കണ്ടോ, നന്നായി ഭക്ഷണം കഴിക്കുന്നു, ആരോഗ്യത്തോടെയിരിക്കുന്നു എന്ന താരതമ്യം വേണ്ട.
നിങ്ങളുടെ കുട്ടി അയല്‍പക്കത്തെ കുട്ടിയേപ്പോലെയല്ല. അവന്‍ അവനെപ്പോലെയിരുന്നാല്‍ മതി. നിങ്ങള്‍ക്ക് ഓഫീസില്‍ പോകണമെന്നു വിചാരിച്ചു കുട്ടിയെ കഴിപ്പിക്കാന്‍ ബഹളം കൂട്ടിയിട്ട് കാര്യമില്ല. കുട്ടി ആവശ്യമുള്ളത് സ്വയം കഴിച്ചുകൊള്ളും.
സ്‌കൂളിലേക്കായാലും കഴിവതും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കൊടുത്തുവിടാന്‍ ശ്രദ്ധിക്കണം. ബിസ്‌ക്കറ്റ,് ബേക്കറിപലഹാരങ്ങള്‍ ഇവയൊക്കെ കുട്ടിയുടെ വിശപ്പ് കെട്ടുപോകാനേ സഹായിക്കൂ.
കുട്ടികള്‍ക്ക് പോഷകസമൃദ്ധവും ഗുണപ്രദവുമായ ഭക്ഷണം കൊടുത്തുശീലിപ്പിക്കണം. കാരണം ചെറുപ്രായത്തില്‍ കൊടുക്കുന്ന ഭക്ഷണമാണ് ജീവിതകാലം മുഴുവനുമുള്ള ആരോഗ്യത്തിന്റെ അടിത്തറ…
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- കുട്ടി രാവിലെതന്നെ ഒരു ഗ്ലാസ് പാല് കുടിച്ചാല്‍ ആശ്വാസമായെന്നു കരുതുന്നവരാണ് പല രക്ഷിതാക്കളും. പാല്‍ ശരീരത്തിന് വളരെ ആരോഗ്യപ്രദംതന്നെയാണ്. പക്ഷേ പ്രഭാത ഭക്ഷണമായി പാല് കൊടുത്താല്‍ കുട്ടിയുടെ വിശപ്പ് കെട്ടുപോകും. മറ്റ് ഭക്ഷണം കഴിക്കാന്‍ മടിയു മാവും.
- പ്രഭാതഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. ഇങ്ങനെ ചെയ്യുന്നതുമൂലം വിശപ്പില്ലായ്മയുണ്ടാകുന്നു.
- ബേക്കറി പലഹാരങ്ങള്‍ കുട്ടികള്‍ക്ക് കഴിയുന്നതും കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
- കുട്ടികളെ കമ്പ്യൂട്ടറിന്റെ മുന്‍പിലും മൊബൈലിന്റെ മുന്‍പിലും പിടിച്ചുവയ്ക്കാതെ കളിക്കാന്‍ വിടൂ. കുറച്ചുസമയം കളിച്ചുകഴിയുമ്പോള്‍ താനേ വിശപ്പുണ്ടാകും. ഓര്‍ക്കുക നന്നായി കളിക്കുന്ന കുട്ടികളാണ് നന്നായി ഭക്ഷണം കഴിക്കുന്നത്.
- കുഞ്ഞുങ്ങളുടെ ദഹനശേഷി, വളര്‍ച്ചയ്ക്കാവശ്യമുള്ള പോഷകങ്ങള്‍ ഇവ പരിഗണിച്ചാവണം അവര്‍ക്കുള്ള ഭക്ഷണം തെരഞ്ഞെടുക്കേണ്ടത്.
- പഴങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പ് നീക്കിയ പാല്‍, മത്സ്യം, പയര്‍വര്‍ഗങ്ങള്‍, തവിടോടുകൂടിയ ധാന്യങ്ങള്‍, കൊഴുപ്പുകുറഞ്ഞ മാംസം, മുട്ട എന്നിവ കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
- കൊഴുപ്പ്, കൊളസ്‌ട്രോള്‍, ഉപ്പ്, പഞ്ചസാര എന്നിവയടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കുകയും ചെയ്യണം.
- കുട്ടിയുടെ ഭക്ഷണത്തില്‍ നിര്‍ബന്ധമായി ഉള്‍പ്പെടുത്തിയിരിക്കേണ്ട ചില ഘടകങ്ങളാണ് താഴെപ്പറയുന്നത്.
കപ്പലണ്ടി വിശപ്പ് വര്‍ധിപ്പിക്കാനും പ്രോട്ടീനുണ്ടാകുന്നതിനും വളരെ നല്ലതാണ് കപ്പലണ്ടി. ഇഞ്ചി വിശപ്പ് വര്‍ധിപ്പിക്കാന്‍ ഇഞ്ചിക്ക് കഴിയും.കായം ഇഞ്ചിയോടൊപ്പം കായത്തിനുമുണ്ട് ഗുണങ്ങള്‍. കുഞ്ഞിന്റെ വിശപ്പ് മാത്രമല്ല, ഗ്യാസ്, വയറുവേദന തുടങ്ങിയ വയര്‍ സംബന്ധിയായ പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള ഒരു പ്രതിവിധിയാണിത്.