Movie News

‘മാളികപ്പുറം’ ലുക്കിന് ഗുഡ്ബൈ പറഞ്ഞ് ഉണ്ണി മുകുന്ദന്‍, ഇനി പുതിയ മേക്കോവര്‍

11 മാസം സമയമെടുത്ത് കഠിനാധ്വാനം ചെയ്ത് മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദന്‍ പുതിയ മേക്കോവറിലേയ്ക്ക്. മേപ്പടിയാൻ, മാളികപ്പുറം എന്നീ സിനിമകളിലെ കഥാപാത്രങ്ങള്‍ക്കായി തന്റെ ശരീരത്തില്‍ കൊണ്ടുവന്നി മാറ്റങ്ങളില്‍നിന്നാണ് ഇപ്പോള്‍ പുതിയ രൂപത്തിലേയ്ക്ക് ഉണ്ണി മുകുന്ദൻ വരുന്നത്. ശരീരഭാരം കുറച്ച് കൂടുതല്‍ ഫിറ്റ് ആയ അവസ്ഥയിലാണ് ഉണ്ണി ഇപ്പോള്‍. ഉണ്ണി മുകുന്ദന്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.11 മാസം സമയമെടുത്താണ് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയതെന്ന് ചിത്രത്തോടൊപ്പം നടന്‍ കുറിച്ചു.

തമിഴിലടക്കം വരാനിരിക്കുന്ന മൂന്ന് ചിത്രങ്ങൾ മുന്നിൽ കണ്ടാണ് ഉണ്ണി മുകുന്ദന്റെ പുതിയ മേക്കോവർ. ആർ എസ് ദുരൈ സെന്തിൽകുമാര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം കരുടൻ, രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ജയ് ഗണേഷ്, വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ജൂനിയർ ഗന്ധർവ്വ എന്നിവയാണ് ഉണ്ണിയുടേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പുതിയ ചിത്രങ്ങൾ. ഇതിൽ ആദ്യം ചിത്രീകരണം നടക്കുന്നത് കരുടനാണ്. സൂരിക്കൊപ്പം പ്രധാന വേഷത്തിലാണ് ഉണ്ണിയെത്തുക എന്നാണ് റിപ്പോർട്ട്. ശശികുമാറും ചിത്രത്തില്‍ അഭിനയിക്കുന്നു. അതിനുശേഷം താടിയും മുടിയും ഒഴിവാക്കിയ ശേഷമാകും മലയാള ചിത്രങ്ങളില്‍ അഭിനയിക്കുക.

2002-ലെ മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സിനിമാ പ്രവേശനം. 2011-ൽ റിലീസായ ബോംബെ മാർച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. മല്ലൂസിംഗിന്റെ വലിയ വിജയമാണ് നായക വേഷം ചെയ്യാൻ ഉണ്ണി മുകുന്ദന് അവസരമൊരുക്കിയത്.