പരമാവധി കാലം ആരോഗ്യത്തോടെ ജീവിക്കുക എന്നതാണ് ഭൂമിയിലെ എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ അത് എങ്ങനെ എന്ന് പലര്‍ക്കും അറിയില്ല. ആരോഗ്യകരമായ ഭക്ഷണരീതി, വ്യായാമം, ജീവിതശൈലി എന്നിവയെല്ലാമാണ് ഇതിനായി ചെയ്യണമെന്ന് കരുതപ്പെടുന്ന കാര്യങ്ങള്‍.
എന്നാല്‍ ഡയറ്റോ വ്യായാമമോ ഒന്നുമല്ല തന്റെ ദീർഘായുസ്സിന്റെ രഹസ്യമെന്നാണ് യു.കെയില്‍ നിന്നുള്ള ഈ മുത്തശ്ശി പറയുന്നത്. ഏതല്‍ കാറ്റര്‍ഹാം എന്നാണ് ഈ മുത്തശ്ശിയുടെ പേര്. ലോകത്തെ ഏറ്റവും പ്രായം കൂടിയ വനിതയെന്ന ബഹുമതി കഴിഞ്ഞദിവസമാണ് ഏതലിനെ തേടിയെത്തിയത്.
1909 ഓഗസ്റ്റ് രണ്ടിനാണ് ഏതല്‍ ജനിച്ചത്. യൗവനകാലത്ത് ഇന്ത്യയിലാണ് അവര്‍ ജോലി ചെയ്തത്. കുഞ്ഞുങ്ങളെ നോക്കുന്ന ജോലിയായിരുന്നു ചെയ്തത്. പിന്നീട് ഏതല്‍ ബ്രിട്ടീഷ് സൈന്യത്തിലെ ഒരു മേജറെ വിവാഹം ചെയ്തു. ഹോങ്കോങ്, ജിബ്രാള്‍ട്ടര്‍ എന്നിവിടങ്ങളിലെല്ലാം ദീര്‍ഘകാലം താമസിച്ചശേഷമാണ് ഏതല്‍ തിരികെ യുകെയിലെത്തിയത്.
സമാധാനം നിറഞ്ഞ മാനസികാവസ്ഥയാണ് തന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യമെന്നാണ് ഏതല്‍ പറയുന്നത്. ‘ആരോടും തര്‍ക്കിക്കാന്‍ പോകരുത്. ഞാന്‍ എല്ലാവരേയും കേള്‍ക്കും. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യും.’ -ഏതല്‍ കാറ്റര്‍ഹാം പറയുന്നു. പിരിമുറുക്കങ്ങള്‍ ഇല്ലാത്തതാണ് തന്റെ സന്തോഷം നിറഞ്ഞ ദീര്‍ഘകാല ജീവിതത്തിന്റെ രഹസ്യമെന്നാണ് ഏതല്‍ വിശ്വസിക്കുന്നത്. ചെറിയ കാര്യങ്ങള്‍ക്ക് താന്‍ വിഷമിക്കാറില്ലെന്നും അവര്‍ പറയുന്നു.
നിലവില്‍ ഇംഗ്ലണ്ടിലെ കെയര്‍ ഹോമിലാണ് ഏതല്‍ താമസിക്കുന്നത്. അടുത്തിടെയാണ് കെയര്‍ ഹോമില്‍ വെച്ച് ഏതല്‍ 115-ാം ജന്മദിനം ആഘോഷിച്ചത്. അന്ന് ചാള്‍സ് മൂന്നാമന്‍ രാജാവ് ഏതലിനെ അഭിനന്ദിച്ചത് വാര്‍ത്തയായിരുന്നു.