Celebrity

ഞങ്ങളുടെ ഒരു വാക്ക് മോശമായി ഉപയോഗിക്കുന്നു ; ‘ജിഹാദി’ നെക്കുറിച്ച് ഷാരൂഖിന്റെ വീഡിയോ വൈറലാകുന്നു

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നിരപരാധികളായ സാധാരണക്കാരുടെ ജീവന്‍ അപഹരിക്കുകയും രാജ്യത്തെ ദുഃഖത്തിലാഴ്ത്തുകയും ചെയ്തത് ഇന്ത്യയും പാകിസ്താനുമായുള്ള നയതന്ത്രബന്ധത്തെ വലിയ രീതിയിലാണ് ബാധിച്ചത്. ഇന്ത്യയിലെ സാമൂഹ്യ സാംസ്‌ക്കാരിക മേഖലയിലെ ഒട്ടനേകം പേരാണ് പ്രതികരണവുമായി എത്തിയത്. ഇതിനിടയില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ജിഹാദുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പഴയ പ്രസ്താവനയുടെ വീഡിയോ ഓണ്‍ലൈനില്‍ വൈറലാകുകയാണ്.

അക്രമത്തിന്റെ വേദനയും ഞെട്ടലും രാജ്യം നേരിടുമ്പോള്‍ അതിന്റെ ശക്തമായ സന്ദേശം പങ്കുവെക്കുന്നതായി മാറിയിട്ടുണ്ട് ഈ ക്ലിപ്പ്. ഈ വൈകാരിക സാഹചര്യത്തില്‍, തെറ്റിദ്ധരിക്കപ്പെട്ട ഒരു ആശയത്തിന് വ്യക്തത കൊണ്ടുവന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷാരൂഖ് പറഞ്ഞ വാക്കുകള്‍ പ്രശംസിക്കപ്പെടുന്നു. ത്രോബാക്ക് വീഡിയോയില്‍ ഷാരൂഖ് ഖാന്‍ പറയുന്നു.

”ഞാന്‍ ഇസ്‌ളാമിക മതത്തില്‍ നിന്നുമാണ്. ഞാനൊരു മുസ്‌ളീമാണ്. പക്ഷേ ഞങ്ങളുടെ ഒരു വാക്ക് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യാന്‍ ഉപയോഗിക്കുന്നു. അത് ജിഹാദ് ആണ്. ജിഹാദിന്റെ ചിന്താപ്രക്രിയയും കൃത്യമായി ഇതുതന്നെയാണ്. നമ്മുടെ ഉള്ളിലെ ദുഷ്ടചിന്തകളെ കീഴടക്കി അവയെ ചെറുക്കുക. അതിനെയാണ് ജിഹാദ് എന്ന് വിളിക്കുന്നത്.” മറ്റുള്ളവരെ ദ്രോഹിക്കുന്നത് മതം പഠിപ്പിക്കുന്നതല്ലെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു. ”തെരുവുകളില്‍ ആളുകളെ കൊന്നൊടുക്കുന്നതിനെ ജിഹാദ് എന്ന് വിളിക്കനാകില്ല” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഒരു പഴയ അഭിമുഖത്തിന്റെ ഭാഗമായിരുന്ന സന്ദേശം ആരാധകര്‍ യുക്തിയുടെയും ഐക്യത്തിന്റെയും ശബ്ദമായി കണക്കാക്കുന്നു. നിലവിലേതിന് സമാനമായ സാഹചര്യത്തില്‍ പലപ്പോഴും മറ്റുള്ളവരില്‍ കാണുന്ന വിദ്വേഷം വളര്‍ത്തുന്ന വിവരണങ്ങളില്‍ നിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന്റെ ശാന്തവും ചിന്താപരവുമായ വിശദീകരണം താരത്തിന് വലിയ പ്രശംസയാണ് നേടിക്കൊടുത്തത്. നിരവധി പേര്‍ ഖാന്റെ വ്യക്തത, ഉത്തരവാദിത്തം, തന്റെ വേദി വിവേകപൂര്‍വ്വം ഉപയോഗിക്കുന്നതില്‍ കാണിച്ച ധൈര്യം എന്നിവയ്ക്ക് പ്രശംസയുമായി രംഗത്ത് വന്നു.

ജിഹാദിനെ ഒരു ആത്മീയ പോരാട്ടമായി നിര്‍വചിക്കാനാകില്ലെന്ന പ്രബോധനമാണ് സന്ദേശത്തില്‍ താരം നല്‍കുന്നു. നമ്മില്‍തന്നെയുള്ള അഹങ്കാരം, കോപം, അസൂയ, ദുഷ്ടലക്ഷ്യങ്ങള്‍ എന്നിവയ്ക്കെതിരായ ആന്തരീക പോരാട്ടത്തെയാണ് അത് സൂചിപ്പിക്കുന്നതെന്ന് താരം ഉദ്ദേശിക്കുന്നു. അക്രമമല്ല, സ്വയം മെച്ചപ്പെടുത്തലിനും അനുകമ്പയ്ക്കും വേണ്ടിയുള്ള ആഹ്വാനമായിട്ടാണ് ഖാന്‍ പ്രകടിപ്പിക്കുന്ന വികാരം.