ചൂയിങ് ഗം ചവക്കുന്നത് പലര്‍ക്കും ഒരു ശീലമാണ്. എന്നാല്‍ ഇത്തരത്തിലുള്ള ശീലം തലച്ചോര്‍ അടക്കമുള്ള നാഡീവ്യൂഹ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നതായി കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ അടുത്തിടെ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു.
ചുയിങ് ഗമ്മില്‍ അടങ്ങിയിരിക്കുന്ന മൈക്രോ പ്ലാസ്റ്റിക്കുകളാണ് ഇവിടെ വില്ലനാകുന്നത്. ചൂയിങ് ഗമ്മിന്റെ ബേസായി പോളി എത്തിലീന്‍, പോളിവിനൈല്‍ അസറ്റേറ്റ് പോലുള്ള സിന്തറ്റിക് പോളിമറുകള്‍ ഉപയോഗിക്കാറുണ്ടെന്ന് ഗുരുഗ്രാം ആര്‍ട്ടെമിസ് ഹോസ്പിറ്റലിലെ ന്യൂറോസര്‍ജറി ഡയറക്ടര്‍ കൂടിയായ ഡോ ആദിത്യ ഗുപ്ത ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്.
ഇത് പ്ലാസ്റ്റിക് ബാഗുകളിലും പശകളിലുമൊക്കെ ഉപയോഗിക്കുന്ന വസ്തുവാണ്. ചുയിങ് ഗം ചവയ്ക്കുമ്പോള്‍ ഉമിനീരും ഘര്‍ഷണവും ഗമ്മിന്റെ പ്രതലത്തെ ശിഥിലമാക്കി ആയിരക്കണക്കിന് സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങളെ വായിലേക്ക് വിടുന്നതായിയാണ് ഡോ പറയുന്നത്. 100 മൈക്രോ പ്ലാസ്റ്റിക്കുകള്‍ ശരീരത്തിനുള്ളിലെത്തുന്നതായി പഠനറിപ്പോര്‍ട്ട് പറയുന്നു.
വയറിന്റെ ആവരണം , രക്തവും തലച്ചോറും തമ്മിലുള്ള അതിരുകള്‍ എന്നിവയെല്ലാം ഭേദിക്കുന്ന മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണ്. ശരീരത്തിലെ പ്രതിരോധ പ്രതികരണത്തെ ബാധിക്കുന്ന മൈക്രോപ്ലാസ്റ്റിക്കുകള്‍ ഒരുപാട് കാലം നീര്‍ക്കെട്ടും ശരീരത്തില്‍ അവശേഷിപ്പിക്കും.
അല്‍സ്‌ഹൈമേഴ്‌സ് പോലുള്ള രോഗങ്ങളുമായി ഇത്തരത്തിലുള്ള നീര്‍ക്കെട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഓക്‌സിഡേറ്റീവ് സ്‌ട്രെസും മൈക്രോപ്ലാസ്റ്റിക് മൂലം ഉണ്ടാകാം. ആന്റിഓക്‌സിഡറ്റുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണക്രമം പിന്തുടരുന്നതും മൈക്രോപ്ലാസ്റ്റിക്കുകളുടെ സ്വാധീനം ഇല്ലാതാക്കാനായി സഹായിക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.