വിവാഹ ക്ഷണക്കത്തുകൾ വെറൈറ്റിയാക്കാൻ പലരും ശ്രമിക്കാറുമുണ്ട്. വെറൈറ്റിയായ വിവാഹ ക്ഷണക്കത്തുകള്‍ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോള്‍ അങ്ങനെ ഒരു വിവാഹ ക്ഷണക്കത്താണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ബിഹാറിൽ നിന്നുള്ള യുവാവിന്റെയും യുവതിയുടേതുമാണ് ഈ വെറൈറ്റി ക്ഷണക്കത്ത്.
സാധാരണ ഈ കാർഡുകളിൽ വധൂവരന്മാരുടെ പേരും വിവാഹ തീയതിയും, വിവാഹം നടക്കുന്ന വേദി, വിവാഹ സമയം തുടങ്ങിയ വിവരങ്ങളൊക്കെയാണ് ഉൾപ്പെടുത്തുക. എന്നാൽ തികച്ചും വ്യത്യസ്തം എന്നു പറയാവുന്ന ഒരു വിവരം ഉൾപ്പെടുത്തിയതിന്റെ പേരിലാണ് ഈ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായത്.
സാധാരണ ഒരു വിവാഹ ക്ഷണക്കത്തിലുള്ള എല്ലാ കാര്യങ്ങളും ഈ വിവാഹക്ഷണക്കത്തിലും ഉണ്ട്. എന്നാൽ, വരന്റെ ഒരു യോഗ്യത പ്രത്യേകം എടുത്തു പറഞ്ഞതാണ് എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയത്. അത് തന്നെയാണ് കത്ത് വൈറലാവാൻ കാരണമായതും. ഇതിൽ വരന്റെ വിവരങ്ങൾക്കൊപ്പം യുവാവ് ബിഹാർ പൊലീസിന്റെ ഫിസിക്കൽ ടെസ്റ്റ് റൗണ്ട് വിജയിച്ചിട്ടുണ്ട് എന്നു കൂടി എഴുതിയിട്ടുണ്ട്. ഇതാണ് ആളുകളെ ചിരിപ്പിച്ചത്.
വരന്റെ പേര് മഹാവീർ കുമാർ എന്നാണ്. ഈ പേരിന് അടുത്തായിട്ടാണ് ‘ബിഹാർ പൊലീസ് ഫിസിക്കൽ ക്വാളിഫൈഡ്’ എന്ന് എഴുതിയിട്ടുള്ളത്. വധുവിന്റെ പേര് ആയുഷ്മതി കുമാരി എന്നാണ് എന്നും കത്തിൽ കാണാം.
അതേസമയം തന്നെ ഇത് ആരെങ്കിലും തമാശയ്ക്ക് സൃഷ്ടിച്ചതാണോ എന്നും വ്യക്തമല്ല. സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് ഈ വിവാഹക്ഷണക്കത്ത് വൈറലായി തീർന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. വിവിധ തരത്തിലുള്ള യോഗ്യതകളാണ് ആളുകൾ കമന്റുകളിൽ കുറിച്ചിരിക്കുന്നത്.
‘ജെഇഇ മെയിൻ യോഗ്യത നേടി, അഡ്വാൻസിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്’ എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. ‘ജാർഖണ്ഡ് എക്സൈസ് പൊലീസ് ഫിസിക്കൽ ക്വാളിഫൈഡ്’ എന്നാണ് മറ്റൊരാൾ കമന്റ് നൽകിയത്. ഇതുപോലെ സമാനമായ കമന്റുകൾ നൽകിയിരിക്കുന്നത് ഒട്ടേറെപ്പേരാണ്.