ലോകത്തിന്റെ ഏത് ഭാഗത്തും ഇന്ത്യയും പാകിസ്ഥാന് ക്രിക്കറ്റ് മത്സരങ്ങള്‍ എപ്പോഴും വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യാ പാകിസ്താന് നയതന്ത്രപ്രശ്നങ്ങളില്‍ പെട്ട് ഇന്ത്യാ പാക് ക്രിക്കറ്റ് ബന്ധങ്ങള്‍ മുറിയുന്നത് ആദ്യ കാര്യമല്ലെങ്കിലും ഇരു ടീമുകളും ലോകകപ്പില്‍ പോലും ഏറ്റുമുട്ടിയേക്കാന്‍ സാധ്യതയില്ലാതാക്കുന്ന നിലയിലേക്ക് പഹല്‍ഗാം ഭീകരാക്രമണം മാറിയേക്കും.
ഭീകരാക്രമണത്തിന് ശേഷം ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും മത്സരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഇന്ത്യയും പാകിസ്ഥാനും ഐസിസിയിലും കോണ്ടിനെന്റല് ക്രിക്കറ്റ് മത്സരങ്ങളിലും മാത്രമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. എല്ലാ ഐസിസി, കോണ്ടിനെന്റല് മത്സരങ്ങളുടെയും ഗ്രൂപ്പ് ഘട്ടങ്ങളില്‍ ഇരു ടീമുകളും ഒരുമിച്ച് മത്സരിക്കാറുണ്ട്.
എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം, ഭാവിയിലെ ആഗോള മത്സരങ്ങളില്‍ (ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി പോലുള്ളവ) ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍ ചേരാതിരിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) ഐസിസിക്ക് കത്തെഴുതിയതായി ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെട്ടു. അതേസമയം ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.
ഈ വര്‍ഷം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ വെച്ചാണ് വനിതാ ലോകകപ്പ് നടക്കുന്നത്. പാകിസ്ഥാന് ഇതിന് യോഗ്യത നേടിയിട്ടുണ്ട്. മുന്‍ കരാറുകള്‍ പ്രകാരം, അവര്‍ തങ്ങളുടെ മത്സരങ്ങള്‍ ഒരു നിഷ്പക്ഷ വേദിയിലായിരിക്കും കളിക്കുക. അതിനുമുമ്പ് പുരുഷ ഏഷ്യാ കപ്പ് ഉണ്ട്. അതിനും ഇന്ത്യയാണ് നിയുക്ത ആതിഥേയര്‍. ആ ടൂര്‍ണമെന്റും ഒരു നിഷ്പക്ഷ വേദിയിലായിരിക്കും നടക്കുക. 2012-13 ലായിരുന്നു ഇരു ടീമുകളും അവസാനമായി ഒരു ദ്വിരാഷ്ട്ര പരമ്പര കളിച്ചത്.