Crime

ക്രിപ്‌റ്റോകറന്‍സി തട്ടിപ്പുനടത്തി മുങ്ങി ; നിക്ഷേപ സ്ഥാപനത്തിന്റെ ഉടമയ്ക്ക് ഞെട്ടിക്കുന്ന ശിക്ഷ, 11,196 വര്‍ഷം തടവ്

ക്രിപ്‌റ്റോകറന്‍സി തട്ടിപ്പുനടത്തുകയും നിക്ഷേപകരുടെ ദശലക്ഷക്കണക്കിന് ഡോളറുകളുമായി അല്‍ബേനിയയിലേക്ക് കടക്കുകയും ചെയ്തു തുര്‍ക്കി പൗരനും സഹോദരന്മാര്‍ക്കും 11,196 വര്‍ഷം വീതം തടവുശിക്ഷ. തൊഡെക്‌സ് മേധാവി ഫറൂക്ക് ഫാത്തിഹ് ഓസര്‍ എന്ന 29 കാരനാണ് ഞെട്ടിക്കുന്ന ശിക്ഷ കിട്ടിയത്.

തൊഡക്‌സ് എക്‌സേഞ്ച് എന്ന സ്ഥാപനം നടത്തുകയും പണവുമായി 2021 ല്‍ മുങ്ങുകയും ചെയ്ത ഇയാള്‍ക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍, വഞ്ചന, ക്രിമിനല്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കല്‍ എന്നീ കുറ്റങ്ങളെല്ലാമാണ് ചുമത്തിയത്. ഇയാളുടെ സഹോദരി സെരപ്, സഹോദരന്‍ ഗുവന്‍ എന്നിവര്‍ക്കുമെതിരേയും ഇതേ കുറ്റം തന്നെയാണ് ചുമത്തിയിരിക്കുന്നതെന്ന് അനഡോലു സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച ലിറയുടെ മൂല്യത്തില്‍ ഇടിവുണ്ടായപ്പോള്‍ പ്രതിരോധമായി തുര്‍ക്കികള്‍ വിവിധ ക്രിപ്റ്റോ കറന്‍സികളിലേക്ക് തിരിയാന്‍ തുടങ്ങിയിരുന്നു. 2021 ഏപ്രിലില്‍ തുര്‍ക്കിയില്‍ നിന്ന് പലായനം ചെയ്യുമ്പോള്‍ ഓസര്‍ മൂന്ന് രഹസ്യ അക്കൗണ്ടുകളിലേക്ക് ഉപയോക്തൃ ആസ്തികളായ 250 ദശലക്ഷം ലിറകള്‍ കൈമാറിയതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ഓസര്‍ സഹോദരന്മാര്‍ ഇടപാടുകാര്‍ക്ക് 356 ദശലക്ഷം ലിറസ് നാശനഷ്ടം വരുത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു.

യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള ശ്രമങ്ങളുടെ ഭാഗമായി 2004-ല്‍ വധശിക്ഷ നിര്‍ത്തലാക്കിയതിന് ശേഷം വന്‍തോതിലുള്ള ജയില്‍ ശിക്ഷകളാണ് തുര്‍ക്കിയില്‍ വിധിക്കുന്നത്. വഞ്ചനയ്ക്കും ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും 2022-ല്‍ ടിവി കള്‍ട്ട് പ്രഭാഷകനായ അദ്നാന്‍ ഒക്താറിന് കിട്ടിയ തടവ് 8,658 വര്‍ഷമാണ്. അദ്ദേഹത്തിന്റെ പത്ത് അനുയായികള്‍ക്കും ഇതേ ശിക്ഷ ലഭിച്ചു. ക്രിപ്‌റ്റോ കേസില്‍ ഓസറിനെ 40,562 വര്‍ഷം തടവിന് ശിക്ഷിക്കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയോട് ആവശ്യപ്പെട്ടത്.