തങ്ങളുടെ വീടുകൾ എപ്പോഴും സുരക്ഷിതമാക്കുവാൻ അലിഗഡ് ലോക്കുകൾ മുതൽ ഇന്നത്തെ സുഗമമായ സ്മാർട്ട് ലോക്കുകൾ വരെ ഉപയോഗിക്കാറുണ്ട്. എന്നാൽ മോഷ്ടാക്കൾ നിരവധി വാഴുന്ന ഈ കാലത്ത് വീടുകൾ സംരക്ഷിക്കാൻ പൂട്ടുകളെക്കാൾ വലിയ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ട അവസ്ഥയാണ്.
കാരണം ഓരോ സമയത്തും വീടുകളില്‍ കടന്നുകയറാനുള്ള പുതിയ വഴികൾ തേടുകയാണ് മോഷ്ടാക്കൾ. ഇതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. വെറും 30 സെക്കൻഡുകൊണ്ട് എങ്ങനെ പൂട്ട് തകർക്കാമെന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിത്.
മുൻകാലങ്ങളിൽ, ഒരു വീട്ടിൽ അതിക്രമിച്ചുകയറാന്‍ കള്ളന്മാർ ചുറ്റിക ഉപയോഗിച്ച് പൂട്ട് തകർക്കുകയോ ബലപ്രയോഗം നടത്തുകയോ ആണ് ചെയ്തിരുന്നത്. ഇത്തരം മാർഗങ്ങൾ പലപ്പോഴും സമീപവാസികളെ കള്ളന്മാരുടെ സാന്നിധ്യം അറിയിച്ചിരുന്നു. എന്നാൽ ഇന്നത്തെ കാലത്തെ വിലകൂടിയ പൂട്ടുകൾ കുടുംബങ്ങൾക്ക് സുരക്ഷിതത്വബോധം നൽകിതുടങ്ങി. എന്നാൽ ഇപ്പോൾ വൈറലാകുന്ന വീഡിയോയിൽ പൂട്ട് തകർക്കാനുള്ള പുതിയ തന്ത്രമാണ് കാണിച്ചിരിക്കുന്നത്.
വീഡിയോയിൽ മോഷ്ടാക്കൾ സിറിഞ്ച് ഉപയോഗിച്ച് ലോക്കുകളിലേക്ക് പെട്രോൾ കുത്തിവയ്ക്കുന്നതാണ് കാണിക്കുന്നത്. തുടർന്ന് തീപ്പെട്ടി ഉപയോഗിച്ച് പെട്രോൾ കത്തിക്കുകയും ചെയ്യുന്നു. തീജ്വാലകൾ അണഞ്ഞു കഴിയുമ്പോള്‍, മൃദുവായി തള്ളി പൂട്ട് അനായാസമായി തുറക്കുകയും ചെയ്യുന്നു.
വൈറൽ ക്ലിപ്പിലെ മോഷ്ടാവ് പറയുന്നത് ഇങ്ങനെ “30 സെക്കൻഡിനുള്ളിൽ ലോക്ക് എങ്ങനെ തുറക്കാം? ഞങ്ങൾ ഒരു സിറിഞ്ച് ഉപയോഗിച്ച് പെട്രോൾ കുത്തിവയ്ക്കുകയും തീയിടുകയും ചെയ്യുന്നു. തീ ആളിപ്പടർന്നതിന് ശേഷം നമുക്ക് പൂട്ട് തുറക്കാം” എന്നാണ്.
പല ലോക്കുകളിലെയും മെക്കാനിസത്തിനുള്ളിൽ ഒരു പ്ലാസ്റ്റിക് മെംബ്രൺ ഉണ്ടെന്നും കള്ളന്‍ വിശദീകരിച്ചു. ചൂടാക്കുമ്പോൾ, പ്ലാസ്റ്റിക് ഉരുകുകയും, ലോക്കിന്റെ സമ്മർദ്ദത്തെ ചെറുക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുന്നു.
വീഡിയോ വ്യാപകമായ ശ്രദ്ധ നേടുകയും ഓൺലൈനിൽ സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമാവുകയും ചെയ്തു. ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, “ഇത് ഒരു ബോധവൽക്കരണ സന്ദേശത്തേക്കാൾ മോഷ്ടാക്കൾക്കുള്ള പരിശീലന വീഡിയോ പോലെ തോന്നുന്നു.” കൂടുതൽ ക്രിമിനലുകൾ ഇപ്പോൾ ഈ രീതി അവലംബിച്ചേക്കാമെന്നും ഇത് അനേകം കുടുംബങ്ങളെ ഭയത്തിലാക്കുമെന്നും ആശങ്ക പ്രകടിപ്പിച്ചു.
ഈ വെളിപ്പെടുത്തൽ ഒരു പൂട്ടും യഥാർത്ഥത്തിൽ സുരക്ഷിതമല്ല എന്ന ഓർമ്മപ്പെടുത്തലാണ്. പ്രത്യേകിച്ചും ക്രിമിനൽ തന്ത്രങ്ങൾ പോലും വൈറലാകുന്ന സോഷ്യൽ മീഡിയ യുഗത്തിൽ.