രാജസ്ഥാനിലെ മൗണ്ട് അബുവിലുള്ള ദിൽവാര ജൈന ക്ഷേത്ര സന്ദർശനത്തിനിടെ തന്റെ കാലുകളുടെ അനധികൃത ഫോട്ടോകൾ പകർത്തിയ ഒരു വൃദ്ധനെ നേരിടുന്ന യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
യുവതിയുടെ സുഹൃത്തായ അനുരാഗ് എന്ന യുവാവാണ് സംഭവം റെക്കോഡ് ചെയ്യുകയും യുവതിയുടെ പ്രതികരണവും പുരുഷനുമായുള്ള സംഭാഷണവും പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
വൈറൽ ക്ലിപ്പിൽ, അനുവാദമില്ലാതെ തന്റെ ഫോട്ടോകൾ എടുത്തത് എന്തുകൊണ്ടാണെന്ന് യുവതി പുരുഷനോട് ചോദിക്കുകയാണ്. തുടക്കത്തിൽ, അയാൾ അത് നിഷേധിച്ചെങ്കിലും ഒടുവിൽ തന്റെ ഫോൺ ഗാലറി തുറന്ന് അയാൾ താൻ പകർത്തിയ ചിത്രങ്ങൾ കാണിക്കുകയാണ്. രഹസ്യമായി എടുത്ത ഫോട്ടോകൾ കണ്ടതോടെ യുവതി അസ്വസ്ഥയായി.
“അങ്കിൾ, ഇത് എന്താണ്? താങ്കൾ എന്താണ് ഈ ചെയ്യുന്നത്? എന്തിനാണ്, എന്റെ ചിത്രങ്ങൾ എടുക്കുന്നത്? എന്റെ കാലിന്റെ ചിത്രങ്ങൾ എന്തിനെടുക്കുന്നു? യുവതി വൃദ്ധനെ ചോദ്യം ചെയ്തു.
“ഇന്ന്, രാജസ്ഥാനിലെ മൗണ്ട് അബുവിലുള്ള ഡെൽവാഡ ജൈന ക്ഷേത്രത്തിന് മുന്നിൽ എന്റെ സുഹൃത്ത് അവളുടെ മാതാപിതാക്കളെ കാത്ത് ഇരിക്കുകയായിരുന്നു. ഈ സമയം ഒരു വൃദ്ധൻ അവളെ അസ്വസ്ഥതയോടെ നോക്കാൻ തുടങ്ങി, തുടർന്ന് അയാൾ അവളുടെ സമ്മതമില്ലാതെ അവളുടെ കാലിന്റെ ഫോട്ടോ പകർത്തി. പട്ടാപ്പകൽ പോലും അടിസ്ഥാനപരമായ ബഹുമാനവും സുരക്ഷയും പോലും എവിടെയും കണ്ടില്ല,” എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെക്കപ്പെട്ടിരിക്കുന്നത്.
പുരുഷൻ തന്നെ തുറിച്ചുനോക്കിയെന്നും തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്നും യുവതി ആരോപിച്ചു. ഫോട്ടോ എടുക്കുന്നതിനെ യുവതി ചോദ്യം ചെയ്തപ്പോൾ അയാൾ പെട്ടെന്ന് തന്നെ താൻ പകർത്തിയ ചിത്രങ്ങൾ ഡിലീറ്റ് ആക്കുകയും തന്റെ കുറ്റം നിഷേധിക്കുകയുമായിരുന്നു. ഇത് യുവതിയെ കൂടുതൽ രോഷാകുലയാക്കി. “തനിക്ക് നാണമില്ലേ, ഒരു ക്ഷേത്രത്തിനടുത്ത് ഇരുന്നു എന്റെ ചിത്രങ്ങൾ എന്തിനു ഇങ്ങനെ ചിത്രീകരിക്കുന്നു” യുവതി അയാളെ ശാസിച്ചു.
വീഡിയോ വൈറലായതോടെ യുവതിയുടെ സമ്മതമില്ലാതെ ഫോട്ടോ എടുത്തതിന് ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിയാളുകൾ രംഗത്തെത്തി. പലരും രാജസ്ഥാൻ പോലീസിനെയും ടൂറിസം അധികൃതരെയും സോഷ്യൽ മീഡിയയിൽ ടാഗ് ചെയ്തു, ഇയാളുടെ പ്രവൃത്തികൾ അന്വേഷിച്ച് ശിക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
ഒരു ഉപയോക്താവ് എഴുതി, “ഇത് ആരുടെയെങ്കിലും ഭർത്താവാണ്, ആരുടെയെങ്കിലും സഹോദരനാണ്, ഒരുപക്ഷേ ആരുടെയെങ്കിലും പിതാവായിരിക്കാം. അയാൾക്ക് പ്രായമായിട്ടും ഇപ്പോഴും സ്ത്രീകളെ ഇങ്ങനെ നോക്കുന്നതിൽ നാണമില്ലേ? എന്നാണ്.
മറ്റൊരാൾ അഭിപ്രായപ്പെട്ടു, “ഇത് കാണുന്ന ആർക്കെങ്കിലും ഈ മനുഷ്യനെ അറിയാമെങ്കിൽ, ദയവായി ഈ വീഡിയോ അവന്റെ മക്കൾക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും അയയ്ക്കുക.’’ എന്നാണ്.