Featured Good News

ഭൂകമ്പം; ഭിന്നശേഷിക്കാരനായ സഹപാഠിയെ ചുമലിലേറ്റി സുരക്ഷിതനാക്കുന്ന വിദ്യാർത്ഥി: ഹൃദയഭേദകം ഈ കാഴ്ച്ച

ഭൂകമ്പത്തിനിടെ ഭിന്നശേഷിക്കാരനായ സഹപാഠിയെ മുതുകിൽ ചുമന്നുകൊണ്ട് രക്ഷപെട്ടോടുന്ന ഒരു വിദ്യാർത്ഥിയുടെ ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ മനം കവർന്നിരിക്കുന്നത്. വിദ്യാർത്ഥിയുടെ കരളലിയിക്കുന്ന പ്രവൃത്തി വലിയ പ്രശംസയാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.

ഭൂകമ്പം ഉണ്ടാക്കിയ പരിഭ്രാന്തിക്കിടയിലും സഹപാഠിയെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുമ്പോൾ മനുഷ്യത്വം എന്ന വാക്ക് ഏറെ അർത്ഥവത്താകുകയാണ്.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഒരു ക്ലാസ്സ്‌ മുറിയാണ് കാണുന്നത്. പെട്ടന്ന് പ്രകമ്പനം ഉണ്ടാകുകയും വിദ്യാർത്ഥികൾ പരിഭ്രാന്തരാകുകയും ചെയ്യുന്നു. ഉടൻ തന്നെ മിക്ക വിദ്യാർത്ഥികളും പുറത്തേയ്ക്ക് കുതിക്കുമ്പോൾ, ഒരു വിദ്യാർത്ഥി മാത്രം വികലാംഗനായ സഹപാഠിയെ സഹായിക്കാൻ എത്തുകയും അവനെ ചുമലിലേറ്റി മറ്റു വിദ്യാർത്ഥികൾക്കൊപ്പം സുരക്ഷിത സ്ഥാനത്തേക്ക് ഓടി രക്ഷപെടുകയും ചെയ്യുന്നു.

വീഡിയോ വൈറലായതോടെ വിദ്യാർത്ഥിയെ ഹീറോ എന്ന് വിശേഷിപ്പിച്ച് നിരവധിപേർ രംഗത്തെത്തി. അതേസമയം വീഡിയോ എവിടെനിന്ന് പകർത്തപ്പെട്ടതാണെന്നോ എന്ന്‌ സംഭവിച്ചതാണെന്നോ വ്യക്തമല്ല. ഏതായാലും ഈ മനോഹര ദൃശ്യങ്ങൾ പ്രതിസന്ധി ഘട്ടങ്ങളിൽ നാം പിന്തുടരേണ്ട ദയയുടെയും അനുകമ്പയുടെയും മൂല്യത്തെ ഓർമ്മപ്പെടുത്തുകയാണ്.