സ്ത്രീകള്‍ക്കു പുതിയ നിര്‍വചനവുമായി യു.കെ. സുപ്രീം കോടതി. സ്ത്രീയായി ജനിക്കുന്നവരാണു വനിതയെന്ന ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരെന്നു അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. ട്രാന്‍സ്ജെന്‍ഡള്‍ സ്ത്രീകള്‍ക്കു തിരിച്ചടിയാണു കോടതിയുടെ നിര്‍വചനം. ട്രന്‍സ്ജെന്‍ഡറുകളോട് വിവേചനം പാടില്ലെന്നും കോടതി വ്യക്തമാക്കി.
2010 ലെ തുല്യതാ നിയമപ്രകാരം ലിംഗ തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് (ജി.ആര്.സി) ഉള്ള ഒരാളെ സ്ത്രീയായി പരിഗണിക്കണമോ എന്നതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയവരായവരെയും സ്ത്രീകളായി പരിഗണിക്കണമെന്ന നിലപാട് സ്കോട്ട്ലന്‍ഡ് സര്‍ക്കാര്‍ സ്വീകരിച്ചതാണു കേസില്‍ കലാശിച്ചത്. ഫോര്‍ വുമണ്‍ സ്കോട്ട്ലന്‍ഡ് എന്ന സംഘടന സ്ത്രീയായി ജനിക്കുന്ന ആളുകള്‍ക്ക് മാത്രമേ ആനുകൂല്യം നല്‍കാവൂ എന്ന് വാദിച്ചു. പക്ഷേ, സമത്വ നിയമപ്രകാരം ജി.ആര്.സിയുള്ള ഒരാളെ സ്ത്രീയായി പരിഗണിക്കുന്നത് നിയമാനുസൃതമാണെന്ന് 2023ല്‍ സ്കോട്ടിഷ് കോടതി വിധിച്ചു. ഇതിനെതിരേയാണു സുപ്രീം കോടതിയെ സമീപിച്ചത്.
ഒരു വശത്ത് ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകള്‍ പുരുഷന്മാരുമായി തുല്യത പുലര്‍ത്തുന്നതിനും വിവേചനത്തെ ചെറുക്കുന്നതിനും 150 വര്‍ഷത്തിലേറെയായി പോരാടുന്നതായി കോടതി നിരീക്ഷിച്ചു. ദുര്‍ബലരും പലപ്പോഴും ഉപദ്രവിക്കപ്പെടുന്നവരുമായ ന്യൂനപക്ഷമായ ട്രാന്‍സ് കമ്യൂണിറ്റി, വിവേചനത്തിനും മുന്‍വിധിക്കുമെതിരേ പോരാടുന്നു. അന്തസോടെ ജീവിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇരു വിഭാഗത്തിന്റെയും താല്പര്യങ്ങള് സംരക്ഷിക്കുകയാണു ലക്ഷ്യമെന്നു കോടതി പറഞ്ഞു.ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരെ സ്ത്രീകളായി പരിഗണിക്കാനാകില്ലെന്നു യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു.