Lifestyle

വാഷിങ് മെഷീനിൽ ഇവ ഇടാറുണ്ടോ? നിങ്ങൾ അറിയാതെ ആവർത്തിക്കുന്ന തെറ്റുകൾ

വീട്ടമ്മമാര്‍ക്ക് ഏറ്റവും പ്രയോജനപ്പെടുന്ന ഒന്നാണ് വാഷിങ് മെഷീനുകള്‍. തുണികള്‍ വളരെ വൃത്തിയായി കിട്ടുക എന്നത് ചെറിയ കാര്യമല്ല. വാഷിങ് മെഷീനില്‍ തുണി ഇട്ട് അലക്കുമ്പോള്‍ ചില കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിയ്ക്കണം. ചില വസ്തുക്കള്‍ വാഷിങ് മെഷീനില്‍ ഇട്ടാല്‍ അത് മെഷീനിനും തുണികള്‍ക്കും ഒരേപോലെ ദോഷകരമാണ്. ഇക്കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ കൊടുത്തില്ലെങ്കില്‍ വാഷിങ് മെഷീന്‍ കേടാകാനും സാധ്യത ഉണ്ട്.

അമിതമായി ഡിറ്റര്‍ജന്റ് വേണ്ട – തുണികളില്‍ അധികം കറകളോ അഴുക്കോ ഉണ്ടെങ്കില്‍ കൂടുതല്‍ വൃത്തിയായി കിട്ടുമെന്ന ധാരണയില്‍ പലരും ഡിറ്റര്‍ജന്റുകള്‍ സാധാരണയിലധികം ഉപയോഗിക്കാറുണ്ട്. എന്നാല്‍ നിശ്ചിത അളവില്‍ മാത്രം ഡിറ്റര്‍ജന്റുകള്‍ കൈകാര്യം ചെയ്യത്തക്ക രീതിയിലാണ് വാഷിങ് മെഷീനുകളുടെ ഡിസൈന്‍. അധികമായി ഡിറ്റര്‍ജന്റ് ഉപയോഗിച്ചാല്‍ അവ തുണികളില്‍ അവശേഷിക്കും. കൂടാതെ ഡിറ്റര്‍ജന്റ് വാഷറിനുള്ളില്‍ അടിഞ്ഞു കൂടി ദുര്‍ഗന്ധം പടരാനും പായലും ബാക്ടീരിയയും വളരാനുമുള്ള സാഹചര്യവും ഉണ്ടാകും

വാട്ടര്‍ റെസിസ്റ്റന്റ്  വസ്തുക്കള്‍ – വെള്ളത്തെ പ്രതിരോധിക്കുന്ന റെയിന്‍ കോട്ടുകള്‍, മെത്ത കവറുകള്‍, ഷവര്‍ കര്‍ട്ടനുകള്‍ തുടങ്ങിയവ വാഷിങ് മെഷീനിലിട്ട് അലക്കാന്‍ അനുയോജ്യമല്ല. ജലം ആഗിരണം ചെയ്യാത്ത രീതിയിലാണ് ഇവയുടെ നിര്‍മാണം എന്നതിനാല്‍ വാഷിങ് സൈക്കിളില്‍ ഇവയ്ക്കുള്ളില്‍ വെള്ളം തങ്ങിനില്‍ക്കും. മെഷീന്‍ ഡ്രമ്മിനുള്ളില്‍ അസന്തുലിതമായ രീതിയില്‍ ഭാരം അനുഭവപ്പെടാന്‍ ഇത് കാരണമാകും. ഈ സമ്മര്‍ദ്ദം മെഷീനിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

നേര്‍ത്ത തുണിത്തരങ്ങള്‍ – പട്ട്, ലെയ്‌സ് പോലെയുള്ള നേര്‍ത്ത തുണിത്തരങ്ങള്‍ വാഷിങ് മെഷീനിലിട്ട് അലക്കുന്നത് ശരിയായ രീതിയല്ല. ശക്തമായ രീതിയില്‍ സ്പിന്നിങ് നടക്കുന്നതിനാല്‍, നൂലുകള്‍ വലിഞ്ഞ് ഇത്തരം തുണികള്‍ വേഗത്തില്‍ മോശമാകാന്‍ സാധ്യത ഏറെയാണ്.

ഭാരമേറിയ ബ്ലാങ്കറ്റുകളും റഗ്ഗുകളും – നനവേല്‍ക്കുമ്പോള്‍ കൂടുതല്‍ ഭാരം തോന്നുന്ന ബ്ലാങ്കറ്റുകളും റഗ്ഗുകളും വാഷിങ് മെഷീനില്‍ അലക്കരുത്. ഇവ മെഷീനില്‍ അധികസമ്മര്‍ദ്ദം ഉണ്ടാക്കുകയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

ലെതര്‍, റബ്ബര്‍ ജാക്കറ്റുകള്‍ ബാഗുകള്‍ തുടങ്ങിയവ – ലെതര്‍, റബ്ബര്‍ എന്നിവ വാഷിങ് മെഷീനില്‍ വൃത്തിയാക്കുന്നതിനുവേണ്ടി തയാറാക്കപ്പെട്ട മെറ്റീരിയലുകളല്ല. ലെതര്‍ ജാക്കറ്റുകളോ ബാഗുകളോ മെഷീനില്‍ ഇട്ടാല്‍ അവ ചുരുങ്ങാനും ഗുണനിലവാരം നഷ്ടപ്പെടാനും സാധ്യത ഏറെയാണ്. പിന്‍ഭാഗത്ത് റബ്ബര്‍ ഘടിപ്പിച്ച മാറ്റുകളും ഷൂസുകളും മെഷീനില്‍ വൃത്തിയാക്കാന്‍ ഇടരുത്. ശക്തമായ സ്പിന്നിങ്ങും മെഷീനിലെ ചൂടും അവ അടര്‍ന്നു പോകാന്‍ കാരണമാകും. ഇവ പൊടിഞ്ഞ് മെഷീനിനുള്ളില്‍ പറ്റിപ്പിടിച്ചാല്‍ നീക്കം ചെയ്യുന്നതും പ്രയാസകരമാണ്.

വളര്‍ത്തുമൃഗങ്ങളുടെ രോമം നിറഞ്ഞ തുണികള്‍ – വളര്‍ത്തുമൃഗങ്ങളുടെ രോമം പറ്റിപ്പിടിച്ച ബ്ലാങ്കറ്റുകള്‍, ബെഡ്ഷീറ്റുകള്‍ തുടങ്ങിയവ അതേ രീതിയില്‍ വാഷിങ് മെഷീനില്‍ ഇടുന്നത് ഉചിതമല്ല. ഈ രോമങ്ങള്‍ വെള്ളത്തില്‍ അലിഞ്ഞു പോവില്ല എന്നതിനാല്‍ ഡ്രെയ്‌നിലോ ഫില്‍റ്ററിലോ തടസ്സം സൃഷ്ടിക്കാന്‍ സാധ്യതകള്‍ ഏറെയാണ്. ഇവയ്‌ക്കൊപ്പം ഇടുന്ന മറ്റു തുണികളില്‍ രോമങ്ങള്‍ പറ്റി പിടിക്കാനുള്ള അവസരവും ഒരുങ്ങും. മെഷീനിനുള്ളില്‍ ദുര്‍ഗന്ധം നിറയും എന്നതാണ് മറ്റൊരു പ്രശ്‌നം. മൃഗരോമങ്ങള്‍ പറ്റിപ്പിടിച്ച തുണിത്തരങ്ങളില്‍ നിന്നും അവ പൂര്‍ണ്ണമായി നീക്കം ചെയ്ത ശേഷം മാത്രം വൃത്തിയാക്കുന്നതിന് മെഷീനില്‍ ഇടുക. ഇവയ്‌ക്കൊപ്പം മറ്റ് തുണികള്‍ ഇടാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

കത്തി പിടിക്കുന്ന വസ്തുക്കള്‍ വീണ തുണികള്‍ – ഏതെങ്കിലും തരത്തില്‍ തുണിയില്‍ പെട്രോളോ ഡീസലോ മണ്ണെണ്ണയോ തിന്നറോ മദ്യമോ വീണാല്‍ ആ കറകള്‍ നീക്കം ചെയ്യാനായി ഒരിക്കലും തുണികള്‍ വാഷിങ് മെഷീനില്‍ ഇടരുത്. ഇവയില്‍ അടങ്ങിയിരിക്കുന്ന  പദാര്‍ഥങ്ങള്‍ വെള്ളവും ഡിറ്റര്‍ജന്റുമായി കലരുമ്പോള്‍ വിഷമയമായ പുക ഉല്‍പാദിപ്പിച്ചെന്ന് വരാം. വൈദ്യുതിയുമായി മെഷീന്‍ കണക്ട് ചെയ്തിരിക്കുന്നതിനാല്‍ തീപിടിത്ത സാധ്യതയും നിലനില്‍ക്കുന്നു. ഇത്തരം വിനാശകരമായ പദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യാവുന്ന തരത്തില്‍ അല്ല വാഷിങ് മെഷീനുകളുടെ രൂപകല്‍പന.

Leave a Reply

Your email address will not be published. Required fields are marked *