ഇന്ത്യൻ പോപ്പ് ഗായിക ഉഷ ഉതുപ്പിന്റെ ഐഡന്റിറ്റിയാണ് നെറ്റിയിലെ വലിയപൊട്ടും തലയിലെ മുല്ലപ്പൂവും, ഡ്രസ്സിങും ഒക്കെ. ദീദി എന്ന പേരിൽ മലയാളികൾക്ക് പ്രിയങ്കരിയായ ഉഷയെ ഇതൊക്കെയില്ലാതെ ഉഷ ഉതുപ്പിനെ സങ്കല്‍പ്പിക്കാനേ കഴിയില്ല. ഭര്‍ത്താവ് മരണപ്പെട്ടിട്ടും ഇക്കാര്യങ്ങളില്‍ യാതൊരു മാറ്റവും ഉഷ വരുത്തിയിട്ടില്ല. ഞാന്‍ ഇങ്ങനെതന്നെ ജീവിക്കുന്നതാണ് ഭര്‍ത്താവിന് ഇഷ്ടം എന്നാണ് ഉഷ ഉതുപ്പ് പറയുന്നത്.
ഞാന്‍ ബ്രാഹ്‌മണസമുദായത്തില്‍പ്പെട്ടയാളും അദ്ദേഹം ക്രിസ്ത്യനുമാണ്. പക്ഷേ ഞങ്ങളുടെ പ്രണയത്തിലോ ദാമ്പത്യ ജീവിതത്തിലോ മതത്തിന്റെ പേരിലുള്ള ഒരു വിള്ളലും സംഭവിച്ചിട്ടില്ല. എന്റെ കഴുത്തിലെ താലി രണ്ട് മതത്തെയും പ്രതിനിധാനം ചെയ്യുന്നതാണ്. ഭര്‍ത്താവ് മരണപ്പെട്ടു എന്ന് കരുതി ഞാന്‍ എന്തിന് എന്റെ താലി ഊരിമാറ്റണം. ഇത് എന്റെ ധൈര്യമാണ്. ഈ താലിയ്ക്ക് വല്ലാത്ത ഒരു ശക്തിയുണ്ട് എന്നാണ് എന്റെ വിശ്വാസം.
തലയല്‍ പൂവും വലിയ പൊട്ടും തൊടുന്നത് എന്റെ ഇഷ്ടമാണ്, അതാണ് അദ്ദേഹത്തിനും ഇഷ്ടം. മരിച്ചവര്‍ക്ക് വേണ്ടിയല്ല, ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടിയാണ് ജീവിക്കേണ്ടത് എന്ന് അദ്ദേഹം എപ്പോഴും പറയും. ഞാന്‍ ഇതൊന്നും ഇല്ലാതെ നില്‍ക്കുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെടുന്ന കാര്യമല്ല. ഫിസിക്കലി നമ്മളോടൊപ്പം ഇല്ല എന്ന് കരുതി ഒരിക്കലും അദ്ദേഹം എന്നില്‍ നിന്ന് പോകുന്നില്ല, എന്റെ ഹൃദയത്തില്‍ അദ്ദേഹം എന്നുമുണ്ട്.
ഭര്‍ത്താവ് മരിച്ചിട്ടും ജോളിയായി പാട്ട് പാടി നടക്കുന്നു എന്ന് പറയുന്നവരുണ്ട്, നിങ്ങള്‍ക്കറിയാമോ എത്രമാത്രം ഉള്ളില്‍ കരഞ്ഞുകൊണ്ടാണ് ഓരോ സ്‌റ്റേജിലും പാടുന്നത് എന്ന്, എത്രത്തോളം വേദന ഉള്ളില്‍ സഹിക്കുന്നുണ്ട് എന്ന്. കാലത്തിന് മാറ്റാന്‍ കഴിയാത്ത വേദനകളില്ല എന്നൊക്കെ പറയുന്നത് വെറുതെയാണ്. കാലം ആ വേദനകളെ അഭിമുഖീകരിക്കാന്‍ നമ്മളെ കൂടുതല്‍ ശക്തരാക്കും എന്നല്ലാതെ, ആ വേദന ഹൃദയത്തില്‍ നിന്ന് ഒരിക്കലും മാറില്ല.
അദ്ദേഹത്തിന്റെ വേര്‍പാട് എനിക്ക് എത്രത്തോളം വലിയ വേദനയാണ് എന്ന് മറ്റൊരാളെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ല- ഉഷ ഉതുപ്പ് പറഞ്ഞു