ഒരു തക്കാളിക്ക് ആയിരത്തിമുന്നൂറ് രൂപയോ? ഈ തീവില കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയാ ലോകം. പക്ഷേ ഇത് വെറും തക്കാളിയല്ല ഈ വൈറല്‍ തക്കാളി. കാരണം ഈ തക്കാളി വളര്‍ന്നത് പാട്ടു കേട്ടും മഴവെള്ളം മാത്രം കുടിച്ചും ശബ്ദമലിനീകരണമില്ലാത്ത ചുറ്റുപാടിലും കൃഷിചെയ്യപ്പെട്ടതുമാണ്. ലോസ് ഏയ്ഞ്ചല്‍സിലെ വ്ലോഗര്‍മാരിലൊപാട്ടു കേട്ടും മഴവെള്ളം മാത്രം കുടിച്ചും ശബ്ദമലിനീകരണമില്ലാത്തരാളാണ് തക്കാളിയുടെ വിവരങ്ങള്‍ ഇന്‍സ്റ്റയില്‍ പങ്കുവച്ചത്.
പൂര്‍ണമായും ജൈവ തക്കാളിയാണ് ഇതെന്നും മേല്‍ത്തരമായ കാര്‍ഷിക രീതികളാണ് തക്കാളി വളര്‍ത്തുന്നതിനായി ഉപയോഗിച്ചിട്ടുള്ളതെന്നുമാണ് ഒപ്പമുള്ള കുറിപ്പ് അവകാശപ്പെടുന്നത്. തക്കാളിയുടെ സവിശേഷതകള്‍ ഇങ്ങനെ..
‘തുള്ളി തുള്ളിയായി നനയ്ക്കുന്നതിനായി മഴവെള്ളം മാത്രമാണ് ശേഖരിച്ച് ഉപയോഗിച്ചിട്ടുള്ളത്. തക്കാളി വളര്‍ന്ന പ്രദേശത്ത് ശബ്ദമലിനീകരണം ഇല്ലാതിരിക്കാന്‍ അതീവശ്രദ്ധ പുലര്‍ത്തി. 55 ഡെസിബെല്ലില്‍ താഴെമാത്രം ശബ്ദമേ ഉണ്ടായിട്ടുള്ളൂവെന്നും പ്രകൃതിയില്‍നിന്നും അല്ലാതെയുമായുള്ള സുന്ദരമായ സംഗീതം കേട്ടാണ് തക്കാളി വളര്‍ന്നതെന്നും കുറിപ്പില്‍ പറയുന്നു. തക്കാളിയുടെ ഗുണഗണങ്ങള്‍ വര്‍ണിച്ചിരിക്കുന്ന പേപ്പര്‍ കാര്‍ബണ്‍ ന്യൂട്രലാണെന്നും, തക്കാളി സൂക്ഷിക്കാന്‍ ഹെംപിന്റെ ബാഗാണ് ഉപയോഗിച്ചതെന്നുവരെ തക്കാളിവിശേഷം നീളുന്നു.
വളര്‍ത്തിയെടുത്ത സാഹചര്യങ്ങള്‍വച്ച് തക്കാളിക്ക് വീണ്ടും ഇതേ കൃഷിയിടത്തില്‍തന്നെ വളരാന്‍ തോന്നുമെന്നും പരിചരണം അത്രയേറെയാണെന്നും വ്ലോഗര്‍ പറയുന്നു. തക്കാളിയെ വളര്‍ത്തിക്കൊണ്ട് വന്ന രീതി അതിശയിപ്പിക്കുന്നുവെന്നായിരുന്നു വിഡിയോയ്ക്ക് ചുവടെ ഒരാള്‍ കുറിച്ചത്. എന്നാല്‍ 20 ഡോളറിന് ഒരു സ്ട്രോബെറി വാങ്ങി കഴിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറെ പരിഹസിക്കുന്ന വിഡിയോയാണിതെന്ന് വിഡിയോയ്ക്ക് ചുവടെ കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
1600 രൂപയിലേറെ മുടക്കി താന്‍ ഒരു സ്ട്രോബെറി വാങ്ങിയെന്ന് അവകാശപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് ഇന്‍സ്റ്റഗ്രാമില്‍ ഒരു വ്ലോഗ് പ്രത്യക്ഷപ്പെട്ടത്. അമേരിക്കയിലെ ആഡംബര പഴം–പച്ചക്കറി കടയില്‍ നിന്നാണ് താന്‍ ‘പൊന്നും വില’ നല്‍കി സ്ട്രോബെറി വാങ്ങിയതെന്നും ലോകത്തിലെ തന്നെ ഏറ്റവും രുചിയേറിയ സ്ട്രോബെറിയാണിതെന്നും യുവതി ആ പോസ്റ്റില്‍ അവകാശപ്പെട്ടിരുന്നു.