സസ്യങ്ങളുടെ ലോകം അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഇപ്പോഴിതാ സസ്യലോകം സംബന്ധിച്ച് കൗതുകകരമായ ഒരു പഠനം പുറത്തുവന്നിരിക്കുകയാണ്.
പനാമയില്‍ സ്ഥിതി ചെയ്യുന്ന ടോങ്ക ബീന്‍ എന്ന മരത്തിനെ പറ്റിയാണ് പഠനം നടന്നത്. മരങ്ങളെയും കാടുകളെയുമൊക്കെ നശിപ്പിക്കുന്ന പ്രകൃതിപ്രതിഭാസമാണ് ഇടിമിന്നൽ. ഇതിനെ ഈ മരം ഫലപ്രദമായി തന്റെ എതിരാളികളെ നശിപ്പിക്കാനായി ഉപയോഗിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പഠനം.
ഡീപ്റ്റീരിസ് ഒളിഫേറ എന്ന് ശാസ്ത്രീയ നാമമുള്ള ഈ മരം പാനമയിലെ ഉഷ്ണമേഖല വനങ്ങളിലാണ് കാണപ്പെടുന്നത്. ഇടിമിന്നല്‍ പല വലിയ മരങ്ങളെയും നശിപ്പിക്കാറുണ്ട്. ടോങ്ക ബീനിന് ഇടിമിന്നല്‍ ഏറ്റാലും കുഴപ്പമുണ്ടാകില്ല. ഒരു വൈദ്യുതക്കമ്പി പോലെ ഇടിമിന്നലിലെ വൈദ്യുതി വഹിച്ചുകൊണ്ട് പോകാനുള്ള ശേഷി ടോങ്ക ബീനിനുണ്ട്. ഇതാണ് ഇടിമിന്നലിനെ ചെറുക്കാനായി കരുത്താകുന്നത്.
ഈ മരം വഹിക്കുന്ന വൈദ്യുതി കാരണം ടോങ്ക ബീനിന്റെ വളര്‍ച്ചയ്ക്ക് തടസ്സമായി നില്‍ക്കുന്ന എതിരാളി വൃക്ഷങ്ങളും ഈ മരത്തിലേക്ക് കടന്നുനില്‍കുന്ന വള്ളിച്ചെടികളുമൊക്കെ നശിക്കും. ഈ മരം 40 മീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്നത് കാരണം ഇതില്‍ മിന്നല്‍ ഏല്‍ക്കാനുള്ള സാധ്യത അധികമാണ്. ഒരോ മിന്നല്‍ പ്രഹരത്തിനും ശേഷവും ഇതിന്റെ വിത്തുല്‍പാദനം നല്ല രീതിയില്‍ കൂടുമെന്ന് ഗവേഷകര്‍ കണ്ടെത്തി.
ഈ മരത്തില്‍ നിന്നും ലഭിക്കുന്ന സീഡുകള്‍ ടോങ്ക ബീന്‍ സീഡുകളെന്നാണ് അറിയപ്പെടുന്നത്. പാചകത്തിലും പെര്‍ഫ്യൂം നിര്‍മാണത്തിനും ഇത് ഉപയോഗിക്കും.