Celebrity

‘രാം ജന്മഭൂമി എഡിഷന്‍’ വാച്ചണിഞ്ഞ് സല്‍മാന്‍; അമ്മയുടെ സമ്മാനം, ഡയലില്‍ രാമനും ഹനുമാനും, വില 34 ലക്ഷം

ഒരുപാട് ആരാധകരുള്ള ബോളിവുഡ് താരമാണ് സല്‍മാന്‍ ഖാന്‍. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ സിക്കന്ദറിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം താരം കുറച്ച് ചിത്രങ്ങള്‍ പങ്കിട്ടിരുന്നു. സല്‍മാന്റെ കൈയിലെ വാച്ചാണ് അതില്‍ ശ്രദ്ധനേടിയത്. 34 ലക്ഷം രൂപ വിലയുള്ള ഈ വാച്ച് അദ്ദേഹത്തിന്റെ അമ്മ സമ്മാനമായി നൽകിയതാണ്.

ജേക്കബ് ആന്‍ഡ് കോ എപ്പിക് എക്‌സ് രാം ജന്മഭൂമി ടൈറ്റാനിയം എഡിഷന്‍ 2 വാച്ച് തന്റെ അമ്മ സൽമ ഖാൻ തനിക്ക് സമ്മാനമായി തന്നതാണെന്ന് ഹിന്ദുസ്ഥാൻ ടൈംസുമായുള്ള ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തി. ഈതോബ് വെബ്‌സൈറ്റിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത് ഈതോസ് വാച്ചസുമായി സഹകരിച്ചാണ് നിര്‍മ്മിച്ചത്.

ആകര്‍ഷണീയമായ രൂപകല്‍പ്പന കൊണ്ട് മാത്രമല്ല ഈ വാച്ച് വേറിച്ച് നില്‍ക്കുന്നതെന്നാണ് ഈതോസ് ഈ വാച്ചിനെക്കുറിച്ച് പറഞ്ഞത്. രാമജന്മഭൂമിയുടെ സംസ്‌കാരികവും ആത്മീയവുമായ സത്തയെ പ്രതിഫലിപ്പിക്കുന്ന കൊത്തുപണികള്‍ ഈ വാച്ചിനെ വ്യത്യസ്തമാക്കുന്നു. ഇതൊരു ലിമിറ്റഡ് എഡിഷന്‍ വാച്ചാണ്.

രാമജന്മഭൂമിയുടെ ചരിത്രപരമായ പ്രാധാന്യം വെളിപ്പെടുത്തുന്ന രീതിയില്‍ വാച്ചിന്റെ ഡയലില്‍ രാമജന്മഭൂമി ക്ഷേത്രത്തിന്റെ വിശദമായ കൊത്തുപണികള്‍ സൂക്ഷമമായി ചെയ്തിരിക്കുന്നു. ഡയലിലും ബെസലിലും രാമനും ഹനുമാനുമുള്‍പ്പെടെ ഹിന്ദു ദൈവങ്ങളുടെ ലിഖിതങ്ങളുണ്ട്.

44 എം എം കെയ്സുകളുള്ള ഈ മാനുവല്‍ വാച്ചില്‍ ഓറഞ്ച് റബര്‍ സ്ട്രാപ്പും സഫയയര്‍ ക്രിസ്റ്റല്‍ ഗ്ലാസുമുണ്ട്. വാച്ച് ബ്രാന്‍ഡിന്റെ ഇന്ത്യാ ശേഖരണത്തിന്റെ ഭാഗമാണ് രാമജന്മഭൂമി വാച്ച്.

ഇന്ത്യന്‍ പൈതൃകത്തിനെ ആദരിക്കുന്നതിന്റെ ഭാഗമായി എപ്പിക് എക്‌സ് ഇന്ത്യ എഡിഷന്‍ ഇന്ത്യയിലെ 4 പ്രധാനപ്പെട്ട സ്മാരകങ്ങളായ താജ്മഹല്‍, ഇന്ത്യാഗേറ്റ്, ഗേറ്റ് വേ ഓഫ് ഇന്ത്യ, കുത്തബ് മിനര്‍ എന്നിവയെ അനുസ്മരിപ്പിക്കുന്ന 2 ഡി ടൈറ്റാനിയം ഡിസൈനുകള്‍ പുറത്തിറക്കിയട്ടുണ്ട്.

2 എക്‌സ്‌ക്ലൂസിവ് രാമജന്മഭൂമി എഡിഷനാണ് കമ്പനി പുറത്തിറക്കിയത്. 24 ഒക്ടോബറിലായിരുന്നു ജേക്കബ് ആന്‍ഡ് കോ അവരുടെ ഗേറ്റ് വേ ഓഫ് ഇന്ത്യ വാച്ചിന് പകരമായി രാമജന്മഭൂമി കളക്ഷന്‍ അവതരിപ്പിച്ചത്.