പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘അപരൻ’ എന്ന മലയാളചലച്ചിത്രം ഓര്‍മ്മയില്ലേ? ജയറാം ആദ്യമായി നായകനായി അഭിനയിച്ച ചിത്രം. തന്റെ അതേ രൂപമുള്ള ഒരു ക്രിമിനലിന്റെ ചെയ്തികള്‍മൂലം നിഷ്ക്കളങ്കനായ ഒരു യുവാവിന് വന്നനുഭവിക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു. ഇവിടെ സ്വന്തം ഐഡി കാര്‍ഡ് നഷ്ടപ്പെട്ട ഒരു യുവാവിന് ആ ഐഡി കാര്‍ഡ് മൂലം ഒരു ജോലിപോലും കിട്ടാതെ നട്ടംതിരിയുന്ന കഥ ഇതാ.
റാമി ബത്തിഖ് എന്ന യുവാവ് ഒരു യാത്രയ്ക്കിടെ ഒന്ന് ഉറങ്ങിപ്പോയി. ഉണര്‍ന്നത് സ്വന്തം പേരില്‍ ഒരു നീണ്ട ക്രിമിനല്‍ റെക്കോര്‍ഡുമായി. കഴിഞ്ഞ നാലു വര്‍ഷമായി അത്തരം ഒരു അനുഭവത്തിന്റെ ശിക്ഷയില്‍ കഴിയുകയാണ് 24 കാരനായ റാമി ബത്തിഖ്. ഈ യാത്രയ്ക്കിടയില്‍ സ്വന്തം ഐഡി കാര്‍ഡ് മോഷ്ടിക്കപ്പെട്ട ഈ ജര്‍മ്മന്‍ കാരന്‍ കഴിഞ്ഞ നാലു വര്‍ഷമായി ക്രിമിനല്‍ ബാക്ക്ഗ്രൗണ്ടിന്റെ പേരില്‍ വലയുകയാണ്.
റാമി ബത്തിഖിന്റെ പേടിസ്വപ്നം ആരംഭിച്ചത് അഞ്ച് വര്‍ഷം മുമ്പ്, 2019-ല്‍ ജര്‍മ്മനിയില്‍ ഒരു അവധിക്കാലത്തിനു ശേഷമായിരുന്നു. പാസ്‌പോര്‍ട്ടും ഐഡി കാര്‍ഡുമായി യുകെയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഐഡികാര്‍ഡ് നഷ്ടപ്പെട്ടുവെന്ന് മനസ്സിലായി. അത് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്‌തെന്ന് അദ്ദേഹം അനുമാനിച്ചു.
പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ജര്‍മ്മനിയിലേക്ക് മടങ്ങാന്‍ അദ്ദേഹം മറ്റൊരു ഐഡി കാര്‍ഡിന് അപേക്ഷ വെച്ചു. യുവാവ് തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോയി, പഠനം പൂര്‍ത്തിയാക്കി, ബോണിലെ വോഡഫോണ്‍ ഫിനാന്‍സില്‍ വൊക്കേഷണല്‍ അപ്രന്റീസ്ഷിപ്പ് പൂര്‍ത്തിയാക്കിയ ശേഷം, അയാള്‍ക്ക് കോര്‍പ്പറേഷനിലും മറ്റൊരാള്‍ക്ക് പ്രാദേശിക ടാക്സ് ഓഫീസിലും തൊഴിലവസരവും ലഭിച്ചു.
മുന്നില്‍ ഒരു മികച്ച കരിയര്‍ ചൂസ് ചെയ്യാന്‍ ഏത് ജോലി വേണം എന്ന ആലോചനയില്‍ കഴിയുമ്പോള്‍ രണ്ടു ജോലികളും പെട്ടെന്ന് ഇല്ലാതായി. കാരണം അന്വേഷിച്ചപ്പോള്‍ യു.കെ.യില്‍ അദ്ദേഹത്തിന് ക്രിമിനല്‍ റെക്കോഡ് ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. അത് താനല്ലെന്ന് തൊഴിലുടമകളോട് പറഞ്ഞു നോക്കിയെങ്കിലും പോലീസ്‌രേഖവച്ച് വാക്കുകള്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നായിരുന്നു മറുപടി. ക്രിമിനല്‍ റെക്കോഡില്‍ പറയുന്ന കാലയളവില്‍ താന്‍ ടുണീഷ്യയില്‍ ആയിരുന്നെന്നും പാസ്‌പോര്‍ട്ടില്‍ തെളിവുകള്‍ ഉണ്ടെന്നും പറഞ്ഞെങ്കിലും അത് വിലപ്പോയില്ല.
ലൈസന്‍സോ ഇന്‍ഷുറന്‍സോ ഇല്ലാതെ വാഹനമോടിക്കുക, വഞ്ചന, തെറ്റായി സമ്പാദിച്ച തിരിച്ചറിയല്‍ രേഖ കൈവശം വയ്ക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ ഒരാളെ 2021 ല്‍ ലണ്ടനിലെ വുഡ് ഗ്രീന്‍ ക്രൗണ്‍ കോടതി 18 മാസത്തേക്ക് ജയിലിലടച്ചത് ഉള്‍പ്പെടെയുള്ള വിചിത്രമായ ക്രിമിനല്‍ റെക്കോര്‍ഡ് ബാത്തിഖിന്റെ പേരിലുണ്ടായിരുന്നു.
പ്രശ്‌നം പരിഹരിക്കാന്‍ ബാത്തിഖ് യുകെയില്‍ ഒരു സോളിസിറ്ററെ വെച്ചു. വുഡ് ഗ്രീന്‍ ക്രൗണ്‍ കോടതി ഇത് ആദ്യം അംഗീകരിച്ചെങ്കിലും, യുകെ മെട്രോപൊളിറ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അദ്ദേഹത്തിന്റെ ക്രിമിനല്‍ റെക്കോര്‍ഡ് മായ്ച്ചില്ല. കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍, 14 മാസത്തിനുശേഷം, പൊതുസ്ഥലത്ത് കത്തി കൈവശം വച്ചതുള്‍പ്പെടെയുള്ള കൂടുതല്‍ കുറ്റകൃത്യങ്ങള്‍ അദ്ദേഹത്തിന്റെ ക്രിമിനല്‍ റെക്കോര്‍ഡിലേക്ക് ചേര്‍ത്തു.
തന്റെ യുകെ ക്രിമിനല്‍ റെക്കോര്‍ഡ് മായ്ക്കപ്പെടാനായി, റാമി ബത്തിഖ് മെറ്റിന് കത്തെഴുതി. തന്റെ ക്രിമിനല്‍ റെക്കോര്‍ഡിലെ കുറ്റകൃത്യങ്ങള്‍ താനല്ലെന്ന് തെളിയിക്കാന്‍ ജര്‍മ്മന്‍ പോലീസ് സ്റ്റേഷനില്‍ എടുത്ത ഡിഎന്‍എയോ വിരലടയാളമോ നല്‍കാമെന്ന് പറഞ്ഞു. നാലുവര്‍ഷമായി ബത്തിഖിന് ആരും തൊഴില്‍ കൊടുക്കുന്നുമില്ല. ബില്ലുകള്‍ അടയ്ക്കുന്നതിനായി റാമിക്ക് തന്റെ കാര്‍ വില്‍ക്കേണ്ടിവന്നു. ഡേറ്റാബേസ് പരിഷ്‌ക്കരണം നടത്തേണ്ട മെറ്റിന് തെറ്റ് പരിഹരിക്കാനും ബാത്തിഖിന് ജീവിതം തിരികെ നല്‍കാനും കഴിഞ്ഞിട്ടില്ല.