Movie News

കീര്‍ത്തിസുരേഷ് രണ്‍ബീര്‍ കപുറിന്റെ നായികയാകുന്നു; ബോളിവുഡില്‍ അവസരങ്ങള്‍ കൂടുന്നു

കഴിഞ്ഞ വര്‍ഷം വരുണ്‍ ധവാന്‍, വാമിഖ ഗബ്ബി എന്നിവര്‍ക്കൊപ്പം ബേബി ജോണിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച കീര്‍ത്തി സുരേഷിന് ഹിന്ദിയില്‍ തിരക്കേറുന്നു. ബോളിവുഡിലെ ഏറ്റവും തിരക്കേറിയ മുന്‍നിര നടന്മാരില്‍ ഒരാളായ രണ്‍ബീര്‍ കപൂറിനൊപ്പം നായികയാകാനൊരുങ്ങുകയാണ് താരമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പ്രോജക്റ്റിനായി താരത്തെ പരിഗണിക്കുന്നു എന്നാണ് വിവരം.

ഫിലിംഫെയറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഇരു താരങ്ങളും ഇക്കാര്യത്തില്‍ സ്ഥിരീകരണവും നല്‍കിയിട്ടില്ല. രാധിക ആപ്തെ, തന്‍വി ആസ്മി, ദീപ്തി സാല്‍വി എന്നിവര്‍ അഭിനയിക്കുന്ന ഒരു പ്രതികാര ത്രില്ലറായ അക്കയില്‍ കീര്‍ത്തി സുരേഷും അഭിനയിക്കാന്‍ ഒരുങ്ങുന്നു എന്നും വിവരമുണ്ട്..

സാങ്കല്‍പ്പിക ദക്ഷിണേന്ത്യന്‍ നഗരമായ പെര്‍ണൂരിനെ പശ്ചാത്തലമാക്കി ഗുണ്ടാ രാജ്ഞികളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന സിനിമയാണ്. ടീസറില്‍ സൂചിപ്പിക്കുന്നത് പോലെ, കീര്‍ത്തി ഒരു സ്ത്രീ സംഘത്തിന്റെ ശക്തയായ നേതാവിന്റെ വേഷം ചെയ്യുന്നു. അതേസമയം രാധിക ആപ്തെയുടെ കഥാപാത്രം അവരുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഒരു പ്രധാന ഭീഷണിയായി ഉയര്‍ന്നുവരുന്ന സ്ത്രീയായും സൂചന നല്‍കുന്നു.

അതേസമയം, രണ്‍ബീര്‍ കപൂര്‍ നിതേഷ് തിവാരിയുടെ രാമായണത്തില്‍ വേഷമിടാനൊരുങ്ങുകയാണ്. രണ്‍ബീര്‍ ശ്രീരാമനെയും സീതയായി സായി പല്ലവിയെയും എത്തുന്ന സിനിമയില്‍ രാവണനായി യാഷും വരുന്നു. കൂടാതെ, സഞ്ജയ് ലീല ബന്‍സാലിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലവ് ആന്റ് വാര്‍ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിക്കും.