Featured Sports

43 വയസ്സായിട്ടും ധോണി ഒരു രക്ഷയുമില്ല; റിവ്യൂ സിസ്റ്റത്തില്‍ ഇപ്പോഴും പുലി തന്നെ…!

ക്രിക്കറ്റില്‍ ധോനിയുടെ റിവ്യൂ സെന്‍സിനെക്കുറിച്ച് അറിയാത്തവരുണ്ടാകില്ല. ഏതാണ് 99 ശതമാനം കൃത്യതയോട് കൂടി റിവ്യൂ നടത്തുന്ന ധോണിയുടെ കഴിവ് മൂലം ചിലര്‍ ‘ഡിആര്‍എസി’ നെ ‘ധോനി റിവ്യൂ സിസ്റ്റം’ എന്നുപോലും പരാമര്‍ശിക്കാറുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ മുംബൈ ഇന്ത്യന്‍സിനെതിരേയുള്ള മത്സരത്തിലും ധോണിയുടെ ഈ മികവ് കണ്ടിരുന്നു. ഋതുരാജ് ഗെയ്ക്ക്‌വാദിന്റെ കീഴിലായിരുന്നു സിഎസ്‌കെ കളിക്കാനിറങ്ങിയതെങ്കിലും ധോണിയുടെ നിര്‍ദേശപ്രകാരം കൊടുത്ത റിവ്യൂ ശരിയാണെന്ന് കണ്ടെത്തിയിരുന്നു.

കളിയില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന്റെ 18-ാം ഓവറില്‍ മിച്ചല്‍ സാന്റ്‌നറെ പുറത്താക്കാനാണ് ഡിആര്‍എസ് റിവ്യൂ എടുക്കാന്‍ ധോണി സിഎസ്‌കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനോട് നിര്‍ദ്ദേശിച്ചത്. 18ാം ഓവറിലെ അവസാന പന്ത് എറിഞ്ഞ ചെന്നൈ പേസര്‍ നഥാന്‍ എല്ലിസ് മുംബൈയുടെ സാന്റ്‌നറെ പാഡില്‍ കുടുക്കി. എന്നാല്‍, അമ്പയര്‍ തലയാട്ടി നോട്ട് ഔട്ട് വിളിച്ചു. പന്ത് വളരെ ഉയരത്തിലാണോ അതോ ലൈനില്‍ പിച്ച് ചെയ്തതാണോ എന്ന് എല്ലിസിന് പോലും സംശയം തോന്നി. അദ്ദേഹം ധോണിയോട് ഇക്കാര്യം ചോദിക്കുകയും ചെയ്തു. 43 കാരന്‍ ധോണി ഉടന്‍ തന്നെ റിവ്യൂവിന് പോകാന്‍ ഗെയ്ക്വാഡിനെ ഉപദേശിച്ചു.

ഈ നിരീക്ഷണം കൃത്യമായി. അമ്പയര്‍ക്ക് അദ്ദേഹത്തിന്റെ തീരുമാനം മാറ്റുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. സാന്റനര്‍ പുറത്തായി. ആ തീരുമാനത്തിന് ശേഷമുള്ള എല്ലിസിന്റെ ആഘോഷം സന്തോഷം നിറഞ്ഞതായിരുന്നു. ചെപ്പോക്ക് കാണികള്‍ ആവേശഭരിതരായപ്പോള്‍ ഓസ്ട്രേലിയന്‍ പേസര്‍ ധോണിയെ കെട്ടിപ്പിടിച്ചു.

മത്സരത്തില്‍ ധോണിയുടെ മറ്റൊരു മനോഹര നിമിഷം കൂടിയുണ്ടായിരുന്നു. മുംബൈയുടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ നൂര്‍ അഹമ്മദിന്റെ പന്തില്‍ സ്റ്റംപ് ചെയ്ത പുറത്താക്കിയ രംഗം. സൂര്യയുടെ ചുവട് പിഴച്ച അതേ സെക്കന്റില്‍ തന്നെ ധോണി അസാധാരണമായ വേഗതയില്‍ സ്റ്റംപ് ചെയ്തപ്പോള്‍ കാണികള്‍ ആര്‍ത്തുവിളിച്ചു. സ്റ്റംപിംഗിന്റെ കൃത്യത അളക്കാന്‍ അംപയര്‍ക്ക് വീഡിയോ അംപയറുടെ സഹായം പോലും വേണ്ടിവന്നു. അത്രയ്ക്ക് ടൈമിംഗിലായിരുന്നു സ്റ്റംപിംഗ്.

ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) ഐപിഎല്‍ 2025 ന് തുടക്കം കുറിച്ചപ്പോള്‍ എംഎസ് ധോണിയുടെ മികച്ച പ്രകടനമാണ് ടൂര്‍ണമെന്റിലെ ‘എല്‍ ക്ലാസിക്കോ’യില്‍ ചിരവൈരികളായ മുംബൈ ഇന്ത്യന്‍സിനെതിരെ (എംഐ) വിജയത്തിലേക്ക് നയിച്ചത്. മത്സരത്തില്‍ ജയിക്കാന്‍ നാലു റണ്‍സ് മാത്രം വേണ്ടപ്പോഴായിരുന്നു ധോണി ബാറ്റിംഗിനായി ക്രീസില്‍ എത്തിയത്. ഈ സമയത്ത് സിഎസ്‌കെ വിജയത്തിന്റെ വക്കിലായിരുന്നു.