ഹൈദരാബാദിലെ സൈദാബാദിൽ ശ്രീ ഭൂലക്ഷ്മി അമ്മവാരി ക്ഷേത്രത്തിലെ അക്കൗണ്ടന്റിന് നേരെ അജ്ഞാതൻ ആസിഡ് ഒഴിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ക്ഷേത്രത്തിലെ അക്കൗണ്ടന്റ് ആയ നർസിങ് റാവു എന്നയാൾക്കു നേരെയാണ് അജ്ഞാതൻ ആസിഡ് പ്രയോഗം നടത്തിയത്.
ആക്രമണത്തെ തുടർന്ന് പ്രദേശത്ത് കടുത്ത പ്രതിഷേധം ആളിക്കത്തിയിരിക്കുകയാണ്. ഭക്തരും ബജറംഗ്ദളിന്റെയും ബിജെപിയുടെയും നേതാക്കളും പ്രതിഷേധത്തിൽ പങ്കുചേർന്നു.
സൈദാബാദ് പോലീസ് പറയുന്നതനുസരിച്ച് ലക്ഷ്മി നഗർ കോളനിയിലെ താമസക്കാരനായ നർസിംഗ് റാവു വർഷങ്ങളായി ക്ഷേത്രത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ആക്രമണം നടന്ന ദിവസം രാത്രി, റാവു കണക്കുകൾ പരിശോധിക്കുന്നതിനിടെ, ക്ഷേത്രത്തിൽ അർച്ചനയും ഹോമങ്ങളും നടത്തണമെന്ന് പറഞ്ഞ് ഒരാൾ അദ്ദേഹത്തെ സമീപിക്കുകയായിരുന്നു. തുടർന്ന് നർസിങ് റാവു രസീത് തയ്യാറാക്കുന്നതിനിടെ അക്രമി കൈയിലുണ്ടായിരുന്ന കുപ്പിയിൽ നിന്ന് ആസിഡ് ഇദ്ദേഹത്തിന് നേരെ ഒഴിക്കുകയായിരുന്നു.
കൃത്യം നടത്തിയ ശേഷം അക്രമി മോട്ടോർ സൈക്കിളിൽ ഓടി രക്ഷപ്പെട്ടു. ആക്രമണത്തിൽ പരിഭ്രാന്തരായ നാട്ടുകാരും വിശ്വാസികളും ഉടൻ തന്നെ ക്ഷേത്രത്തിൽ തടിച്ചുകൂടി. അതേസമയം അക്രമിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾക്കൊപ്പം ഭക്തരും പ്രതിഷേധ പ്രകടനം നടത്തി രംഗത്തെത്തി.
സാഹചര്യം വഷളായതോടെ പോലീസ് ക്ഷേത്രത്തിന് ചുറ്റും സുരക്ഷ വർധിപ്പിച്ചു. ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ നർസിങ് റാവുവിനെ മലക്പേട്ട് യശോദ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.,
സൈദാബാദ് എസിപി വെങ്കണ്ണ നായിക്, ഇൻസ്‌പെക്ടർ രാഘവേന്ദർ എന്നിവർ സംഭവസ്ഥലം സന്ദർശിക്കുകയും, ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സംശയിക്കുന്നയാളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.