Travel

ഇറാനിലെ ഹോര്‍മുസ് ദ്വീപിലെ ‘രക്തമഴ’ ; വീഡിയോകള്‍ ഓണ്‍ലൈനില്‍ വൈറലായി

ഇറാനിലെ ഹോര്‍മുസ് ദ്വീപിലെ ‘രക്തമഴ’ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറുന്നു. ധാതു സമ്പന്നമായ ഹോര്‍മുസ് ദ്വീപിലെ ജനപ്രിയമായ സില്‍വര്‍, റെഡ് ബീച്ചുകളെ അവിടെ പെയ്ത കനത്തമഴ കടുംചുവപ്പ് രാശിയാക്കി മാറ്റിയതിന്റെ വീഡിയോകള്‍ ഓണ്‍ലൈനില്‍ വൈറലായി മാറിയതോടെ കാഴ്ച ആസ്വദിക്കാന്‍ അനേകം വിനോദസഞ്ചാരികളാണ് ഇവിടേയ്ക്ക് ഒഴുകിയെത്തിയത്.

പാറകളില്‍ നിന്ന് ഒഴുകിയിറങ്ങുന്ന മഴവെള്ളം തീരത്ത് ചുവന്ന വരകള്‍ അവശേഷിപ്പിച്ചു. അതിശയകരമായ വെള്ളച്ചാട്ടങ്ങള്‍ രൂപപ്പെടുത്തുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ മാസം ആദ്യം പോസ്റ്റ് ചെയ്ത വീഡിയോ, ഇന്‍സ്റ്റാഗ്രാമില്‍ ഒരു ടൂര്‍ ഗൈഡായിരുന്നു പങ്കിട്ടത്.

കനത്ത മഴ മൂലം കടല്‍ത്തീരത്ത് കടും ചുവപ്പ് നിറത്തിലുള്ള മണ്ണ് ഒഴുകിയിറങ്ങുന്നതും കടല്‍വെള്ളത്തില്‍ കലര്‍ന്ന് വേലിയേറ്റങ്ങളെ തിളക്കമുള്ള ചുവപ്പാക്കി മാറ്റുന്നതും ഇതില്‍ കാണിക്കുന്നു. ഇറാന്‍ ടൂറിസം ആന്‍ഡ് ടൂറിംഗ് ഓര്‍ഗനൈസേഷന്‍ എന്ന എന്‍ജിഒയുടെ അഭിപ്രായത്തില്‍, ഹോര്‍മുസ് ദ്വീപില്‍ ‘ഗെലാക്ക്’ എന്നറിയപ്പെടുന്ന ചുവന്ന ഓക്‌സൈഡ് മണ്ണ് സമ്പന്നമായ ഒരു പര്‍വതമുണ്ട്, ഇത് ഒരു പ്രധാന വ്യാവസായിക ധാതുവാണ്, മാത്രമല്ല സോസുകളും ജാമുകളും ഉള്‍പ്പെടെയുള്ള വിഭവങ്ങളില്‍ സുഗന്ധവ്യഞ്ജനമായും നാട്ടുകാര്‍ ഉപയോഗിക്കുന്നു.

തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ പര്‍വതം ശ്രദ്ധേയമായ ചുവന്ന കടല്‍ത്തീരത്തിനും തിളക്കമുള്ള ചുവന്ന തിരമാലകള്‍ക്കും കാരണമാകുന്നു, കരയിലെ മണല്‍ ലോഹ സംയുക്തങ്ങളാല്‍ തിളങ്ങുന്നത് പ്രത്യേകിച്ച് സൂര്യാസ്തമയ സമയത്തോ സൂര്യോദയ സമയത്തോ ഒരു അത്ഭുതകരമായ കാഴ്ച സൃഷ്ടിക്കുന്നു. ദ്വീപിലെ പാറക്കെട്ടുകള്‍ നിറഞ്ഞ മണല്‍ ബീച്ചുകളില്‍ നിഗൂഢമായ കടല്‍ ഗുഹകളും ഉണ്ട്.

ഹോര്‍മുസ് ദ്വീപിന്റെ ചുവന്ന മണ്ണിന് ഉയര്‍ന്ന സാമ്പത്തിക മൂല്യമുണ്ട്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഗ്ലാസ്, സെറാമിക്‌സ് തുടങ്ങിയ വ്യവസായങ്ങളില്‍ ഉപയോഗിക്കുന്നതിനായി വര്‍ഷങ്ങളായി കയറ്റുമതി ചെയ്തുവരുന്നു.