മോഷണങ്ങളുമായി ബന്ധപ്പെട്ട നിരവധി സിസിടിവി ദൃശ്യങ്ങളാണ് ഈ അടുത്ത കാലത്തായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പുലർച്ചെ വെള്ളം ചോദിച്ചെത്തി ഒടുവിൽ വീട്ടിൽ കയറി വായോധികയുടെ മാല മോഷ്ടിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്.
ഹൈദരാബാദിലെ കുക്കട്ട്പള്ളിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മാർച്ച് 12 നു പുലർച്ചെയാണ് മോഷണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞത്. മുഖംമൂടി ധരിച്ചെത്തിയ ഒരാൾ ടെമ്പിൾ ബസ് സ്റ്റോപ്പിനടുത്തുള്ള വീട്ടിലെ അഞ്ജലി എന്ന 50 കാരിയായ സ്ത്രീയോട് വെള്ളം ചോദിക്കുന്നതായി അഭിനയിച്ച് വീട്ടിൽ കയറിയ ശേഷം മാല പൊട്ടിച്ചെടുത്തു രക്ഷപെടുകയായിരുന്നു.
@Surya Reddy എന്ന എക്സ് അക്കൗണ്ടാണ് ദൃശ്യങ്ങൾ പങ്കുവെച്ചരിയ്ക്കുന്നത്. വീഡിയോയിൽ പുലർച്ചെ ഒരു സ്ത്രീ തന്റെ വീടിന്റെ ഗേറ്റ് തുറന്ന് വീട്ടിനുള്ളിലേക്ക് കയറിവരുന്നതാണ് കാണുന്നത്. ഏതാനും സെക്കന്റുകൾക്ക് ശേഷം മുഖം മൂടി ധരിച്ചെത്തിയ ഒരാൾ യുവതിക്ക് പിന്നാലെ വീട്ടിനുള്ളിലേക്ക് കയറി പോകുന്നത് കാണാം. തുടർന്ന് അകത്തു കയറിയ ഉടനെ വായോധികയുടെ സ്വർണ്ണ ചെയിൻ തട്ടിയെടുത്ത് ഇയാൾ പുറത്തേക്ക് ഓടി രക്ഷപ്പെടുന്നതാണ് കാണുന്നത്.
തൊട്ടുപിന്നാലെ വയോധിക നിലവിളിച്ച് ഇയാൾക്ക് പിന്നാലെ ഓടാൻ ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കകം ഇയാൾ രക്ഷപ്പെട്ടു. സംഭവസമയത്ത് ഭർത്താവ് പാൽ വാങ്ങാൻ പോയതായിരുന്നുവെന്ന് കെപിഎച്ച്ബി ഇൻസ്പെക്ടർ പറഞ്ഞു. പ്രതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.