Health

പുരുഷന്റെ ബീജത്തിന്റെ ഗുണംമേന്മ, ആയുസിന്റെ ബലം! പഠനം പുറത്ത്

ഒരു പുരുഷന്റെ ആരോഗ്യത്തെയും രോഗപ്രതിരോധശേഷിയേയും പ്രതിഫലിപ്പിക്കുന്നതാണ് അയാളുടെ ബീജത്തിന്റെ ഗുണനിലവാരമെന്ന് പുതിയ കണ്ടെത്തല്‍. ഗുണമേന്മയുള്ള ബീജമുള്ള പുരുഷന്‍മാരാണ് കൂടുതല്‍ കാലം ജീവിക്കുന്നതെന്നാണ് പഠനം.

ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നതനുസരിച്ച് രോഗങ്ങളെ പ്രതിരോധിക്കാനും അതിജീവിക്കാനുമുള്ള ശേഷി വര്‍ധിക്കുമെന്നും ഇതുവഴി കൂടുതല്‍ കാലം ജീവിക്കാമെന്നുമാണ് പഠനം സൂചിപ്പിക്കുന്നത്.

1965 നും 2015 നും ഇടയിൽ പഠനത്തിൽ പങ്കെടുത്ത 80,000 പുരുഷന്മാരിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് വിശകലനം ചെയ്ത് തയ്യാറാക്കിയതാണ് ഗവേഷണ റിപ്പോര്‍ട്ട്. ഓരോ സ്ഖലനത്തിലും 120 ദശലക്ഷത്തിലധികം ബീജം ഉത്പാദിപ്പിക്കുന്നവർ 5 ദശലക്ഷത്തിൽ താഴെ മാത്രം ബീജം ഉത്പാദിപ്പിക്കുന്നവരെ അപേക്ഷിച്ച് രണ്ടോ മൂന്നോ വർഷം കൂടുതൽ ജീവിച്ചിരുന്നതായാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഉയർന്ന ഗുണനിലവാരത്തിലുള്ള ബീജമുള്ള പുരുഷന്മാർ ശരാശരി 80.3 വർഷം വരെ ജീവിക്കുന്നുവെന്നും മോശം ഗുണനിലവാരമുള്ള ബീജമുള്ള പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 77.6 വർഷം വര്‍ഷം വരെയാണെന്നും പഠനം പറയുന്നു. ചുരുക്കത്തില്‍ ബീജത്തിന്റെ ഗുണനിലവാരം അളവ് എന്നിവ പുരുഷന്റെ ആയുസുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുവെന്നാണ് പഠനം പറയുന്നത്.

ബീജത്തിന്റെ അളവ്, സാന്ദ്രത, ആകൃതി, ചലനശേഷി തുടങ്ങിയവയാണ് പഠനത്തില്‍ പരിശോധിച്ചത്. അതേസമയം, ബീജത്തിന്റെ ഗുണമേന്മയും നേരത്തെയുള്ള മരണവും തമ്മിലുള്ള ബന്ധം വ്യക്തമായി പഠനത്തില്‍ വിശദീകരിച്ചിട്ടില്ല. കാരണം ഇക്കാര്യങ്ങള്‍ പുകവലി, ഭക്ഷണക്രമം, വ്യായാമം, ജീവിതശൈലി തുടങ്ങിയ ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഗർഭാശയത്തിലെ അവസ്ഥയും പ്രധാനമാണെന്ന് ഗവേഷകര്‍ പറയുന്നു. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ വളർച്ചയെ ബാധിക്കുന്ന ഘടകങ്ങൾ അവരുടെ ബീജത്തെയും ഭാവിയില്‍ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്നാണ് പറയുന്നത്.

ബീജത്തിന്‍റെ ഗുണനിലവാരം കുറവുള്ള പുരുഷന്മാരിൽ പ്രധാനമായും ഏതെല്ലാം രോഗങ്ങളാണ് കൂടുതലായി കാണപ്പെടുന്നതെന്ന് കണ്ടെത്താനാണ് ഗവേഷകർ ഇപ്പോൾ ശ്രമിക്കുന്നത്. അങ്ങിനെയെങ്കില്‍ ബീജ വിശകലനത്തിലൂടെ രോഗങ്ങളെ തിരിച്ചറിയാനും പ്രതിരോധ നടപടികൾ സ്വീകരിക്കാൻ സാധിക്കും. ഇത് ചികില്‍സാരംഗത്ത് വലിയ വിപ്ലവമായിരിക്കും സൃഷ്ടിക്കുക. ഡാനിഷ് ശാസ്ത്രജ്ഞരാണ് ഗവേഷണത്തിന് പിന്നില്‍. ഹ്യൂമൻ റീപ്രൊഡക്ഷനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബീജത്തിന്റെ ഗുണനിലവാരം കുറയുന്നത് എന്തുകൊണ്ടെല്ലാമാണെന്നും പഠനത്തില്‍ പറയുന്നു. ചെറുപ്പത്തിലെ തിരിച്ചറിയപ്പെടാത്ത ആരോഗ്യപ്രശ്നങ്ങള്‍ പുരുഷന്മാരിൽ ബീജത്തിന്‍റെ ഗുണനിലവാരം കുറയുന്നതിന് കാരണമാകുന്നുണ്ട്. ലൈംഗിക ക്രോമസോമുകളിലെ ജനിതക വൈകല്യങ്ങൾ, കുറ​ഞ്ഞ രോഗപ്രതിരോധ ശേഷി, ജീവിതശൈലി, മലിനീകരണം എന്നിവയും ഓക്സിഡേറ്റീവ് സ്ട്രെസും ബീജത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും പഠനം പറയുന്നു.