കർണാടകയില്‍ ബന്ദിപ്പൂരിനടുത്തുള്ള റിസോർട്ടിൽ നിന്ന് ബംഗളൂരു ആസ്ഥാനമായുള്ള ഒരു കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. തുടർന്ന് കർണാടക, കേരളം, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങൾ കേന്ദ്രികരിച്ചുള്ള പോലീസിന്റെ തിരച്ചിൽ ശക്തമാക്കി.
പണമിടപാടുകാരിൽ നിന്ന് രക്ഷപ്പെടാൻ കുടുംബം സ്വമേധയാ ഒളിച്ചുപോകുകയോ അല്ലെങ്കിൽ കുടുംബത്തെ തട്ടിക്കൊണ്ടുപോകുകയോ ചെയ്തതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
ഗുണ്ടൽപേട്ട് പോലീസ് പറയുന്നതനുസരിച്ച് 40 കാരനായ ജെ നിശാന്ത്, ഭാര്യ ചന്ദന, അവരുടെ 10 വയസ്സുള്ള മകൻ എന്നിവരെയാണ് കാണാതായിരിക്കുന്നത്. പോലീസിന്റെ പറയുന്നത് പ്രകാരം മാർച്ച് 2 നാണ് കുടുംബം കൺട്രി ക്ലബ് റിസോർട്ടിൽ താമസിക്കാനെത്തിയത്. പിറ്റേന്ന് രാവിലെ ലഗേജുകൾ റിസോർട്ടിൽ ഉപേക്ഷിച്ച നിലയിൽ ഇവരെ കാണാതാകുകയായിരുന്നു. ബന്ദിപ്പൂർ വനമേഖലയിലെ മംഗള റോഡിൽ നിന്നാണ് ഇവരുടെ കാർ അവസാനമായി കണ്ടെത്തിയത്, എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഇവരെക്കുറിച്ച് യാതൊരുവിധ സൂചനയും ലഭിച്ചിട്ടില്ല.
സംഭവത്തിന് പിന്നാലെ പോലീസ് സൂപ്രണ്ട് ബി ടി കവിത റിസോർട്ട് സന്ദർശിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ബ്രഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ജീവനക്കാരൻ എന്ന വ്യാജ ഐഡി ഉപയോഗിച്ചാണ് നിശാന്ത് റിസോർട്ട് ബുക്ക് ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ ഇയാൾ യഥാർത്ഥത്തിൽ തൊഴിൽരഹിതനാണെന്ന് പിന്നീട് തെളിഞ്ഞു.
നിശാന്ത് കടുത്ത പ്രതിസന്ധിയിലായതിനാൽ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതാകാമെന്നാണ് അധികൃതർ സംശയിക്കുന്നത്. ബന്ദിപ്പൂർ വനമേഖലയിലും പരിസര പ്രദേശങ്ങളിലും എന്തെങ്കിലും സൂചനകൾക്കായി പോലീസ് സംഘങ്ങൾ തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.